കുടുംബശ്രീ ആഗോളമാതൃക സൃഷ്ടിക്കുന്നു -മന്ത്രി വി.എൻ. വാസവൻ - ഓണം വിപണനമേള തുടങ്ങി
എല്ലാ രംഗങ്ങളിലും സാമൂഹികപ്രശ്നങ്ങളോടു വ്യക്തമായി പ്രതികരിച്ചും, ഇടപെടുന്ന വിഷയങ്ങൾ കൃത്യമായി നടപ്പാക്കിയും നമ്മുടെ വനിതാകൂട്ടായ്മയായ കുടുംബശ്രീ ആഗോളമാതൃക സൃഷ്ടിക്കുകയാണെന്ന് സഹകരണ - തുറമുഖ - ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂർ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം, കുടുംബശ്രീ ഓണം വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാരകവിഷാംശമുള്ള കീടനാശിനികൾ തളിച്ച പച്ചക്കറികളാണ് ഇപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നത്. കുടുംബശ്രീ വിൽക്കുന്ന പച്ചക്കറികൾ നമ്മുടെ നാട്ടിലെ സാധാരണ കൃഷിക്കാർ ഉൽപാദിപ്പിക്കുന്ന, ഏറ്റവും മൂല്യമുള്ള, ജൈവപരമായ ഗുണമേന്മയുള്ള, ന്യായവില മാത്രമുള്ള പച്ചക്കറികളാണ്. ഓണത്തിന് എന്തൊക്കെയാണോ ഓരോ വീട്ടിലേക്കും ആവശ്യമുള്ളത്, അതെല്ലാം കുടുംബശ്രീയുടെ കേന്ദ്രങ്ങളിൽ മിതമായ വിലയ്ക്കു ലഭിക്കും - മന്ത്രി പറഞ്ഞു. ചടങ്ങിൽ ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് പടികര അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാംഗങ്ങളായ വിജി ചവറ, വി.എൻ. വിശ്വനാഥൻ, അജിത ഷാജി, ബീന ഷാജി, ഡോ. എസ്. ബീന, ഇ.എസ്. ബിജു, സി.ഡി.എസ്. ചെയർപേഴ്സൺ അമ്പിളി ബേബി, ത്രേസ്സ്യാമ്മ ജോൺ എന്നിവർ പ്രസംഗിച്ചു. ഫോട്ടോ ക്യാപ്ഷൻ: കുടുംബശ്രീ ഓണം വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി. എൻ വാസവൻ നിർവഹിക്കുന്നു.