കോട്ടയം തദ്ദേശ അദാലത്ത് 426 അപേക്ഷയിൽ തീർപ്പ്;

ജനോപകാരപ്രദമായ നിരവധി ഉത്തരവുകൾ

Aug 24, 2024
കോട്ടയം തദ്ദേശ അദാലത്ത് 426 അപേക്ഷയിൽ തീർപ്പ്;
press conferance kottayam m b rajeev minister

കോട്ടയം: കോട്ടയം ജില്ലാ തദ്ദേശ അദാലത്തിൽ 426 അപേക്ഷകൾ തീർപ്പാക്കിയതായി
തദ്ദേശ സ്വയംഭരണ-എക്സൈസ്-പാർലമെന്ററി കാര്യ വകുപ്പുമന്ത്രി എം.ബി. രാജേഷും സഹകരണ-തുറമുഖം -ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവനും പത്രസമ്മേളനത്തിൽ അറിയിച്ചു. ഓൺലൈനായി 457 എണ്ണവും അദാലത്ത് ദിവസം 243 എണ്ണവുമടക്കം ആകെ 700 പരാതികളാണ് ലഭിച്ചത്. മുൻകൂറായി ലഭിച്ച അപേക്ഷകളിൽ 399 എണ്ണവും അദാലത്ത് നടന്ന ദിവസം ലഭിച്ച അപേക്ഷകളിൽ 27 എണ്ണവുമാണ് തീർപ്പാക്കിയത്. 426 അപേക്ഷകളിൽ 363 എണ്ണം പരാതിക്കാർക്ക് അനുകൂലമായാണ് തീർപ്പാക്കിയത്. (85.21 ശതമാനം). 63 അപേക്ഷകൾ നിരസിച്ചു. 274 അപേക്ഷകൾ തുടർനടപടികൾക്കും പരിശോധനയ്ക്കുമായി കൈമാറി. ഈ അപേക്ഷകൾ രണ്ടാഴ്ചയ്ക്കുള്ളിൽ തീർപ്പാക്കും.
പ്രധാനപ്പെട്ട പൊതു തീരുമാനങ്ങളുമെടുക്കാൻ അദാലത്ത് സഹായിച്ചതായി മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. ഫീസ് വാങ്ങാതെ സൗജന്യമായി പ്രവർത്തിക്കുന്ന സ്‌പെഷൽ സ്‌കൂളുകൾ, വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവയ്ക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള സൂപ്പർ വിഷൻ ചാർജ് ഒഴിവാക്കാൻ അദാലത്തിൽ ലഭിച്ച പരാതിയെത്തുടർന്നു നിർദ്ദേശം നൽകി. ഏറ്റുമാനൂർ സാൻജോസ് സ്‌പെഷൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സി. അനുപമ നൽകിയ അപേക്ഷ പരിഗണിച്ചാണ് പൊതുഉത്തരവ് നൽകാൻ നിർദ്ദേശിച്ചത്. ഇതോടെ സാൻജോസ് സ്‌കൂളിന് ചുമത്തിയ സൂപ്പർവിഷൻ ചാർജ് ഒഴിവാകും. 37/2016/എൽ.എസ്.ജി.ഡി. ഉത്തരവ് പ്രകാരം ഓർഫനേജ് ബോർഡിൽ രജിസ്റ്റർ ചെയ്ത ഓർഫനേജുകളെ ഫിറ്റ്‌നസ് സൂപ്പർ വിഷൻ ചാർജിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ ഉത്തരവ് കൂടുതൽ കാരുണ്യ സ്ഥാപനങ്ങൾക്ക് ബാധകമാക്കാനാണ് ഉത്തരവിട്ടത്. സർക്കാർ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാകും ഇളവിന് അർഹത. ഇതു സംബന്ധിച്ച വിശദമായ ഉത്തരവ് ഉടൻ പുറത്തിറങ്ങും.
ഗസറ്റിൽ പേരുമാറ്റിയാൽ ഇനി മുതൽ വിവാഹ രജിസ്റ്ററിലെയും സർട്ടിഫിക്കറ്റിലെയും പേരു തിരുത്താനാകും. അദാലത്തിൽ കറുകച്ചാൽ പനയ്ക്കവയലിൽ പി.ഡി. സൂരജ് നൽകിയ അപേക്ഷയിലാണ് നിരവധി പേർക്ക് ആശ്വാസമേകുന്ന തീരുമാനമെടുത്തത്. ഇതിനായി പൊതു ഉത്തരവിറക്കും. ഗസറ്റിലെ മാറ്റം അനുസരിച്ച് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിലും അതിന്റെ അടിസ്ഥാനത്തിൽ ജനന സർട്ടിഫിക്കറ്റിലും മാറ്റം വരുത്താൻ നിലവിൽ സൗകര്യമുണ്ട്. വിവാഹ സർട്ടിഫിക്കറ്റിനൊപ്പം ഗസറ്റ് വിജ്ഞാപനം കൂടി ചേർത്തുവയ്ക്കുക മാത്രമാണ് നിലവിൽ ചെയ്യുന്നത്. തിരുത്താൻ വ്യവസ്ഥയുണ്ടായിരുന്നില്ല. വിസ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇതുമൂലം നിരവധി പ്രശ്നങ്ങളുണ്ടാവുന്നു. ഇതു പരിഗണിച്ചാണ് പൊതുഉത്തരവ് പുറത്തിറക്കുന്നത്. ഗസറ്റ് വിജ്ഞാപനത്തിന്റെയും എസ്.എസ്.എൽ.സി. ബുക്കിലെ തിരുത്തലിന്റെയും അടിസ്ഥാനത്തിൽ വിവാഹ രജിസ്റ്ററിലും സർട്ടിഫിക്കറ്റിലും തിരുത്തൽ വരുത്താനാണ് മന്ത്രി നിർദ്ദേശം നൽകിയത്. ഇത് സംസ്ഥാന വ്യാപകമായി എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും ബാധകമാക്കും. ഇതു സംബന്ധിച്ച സർക്കാർ നടപടി അതിവേഗം പൂർത്തിയാക്കി പൊതു ഉത്തരവ് ഇറക്കും.
 പാമ്പാടി, മീനടം പഞ്ചായത്തുകൾ തമ്മിൽ കാലങ്ങളായുള്ള തർക്കപരിഹാരത്തിനും അദാലത്ത് വേദിയായി. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി നൽകിയ പരാതിയിലാണ് തീർപ്പുണ്ടാക്കിയത്. ഇതുവഴി പാമ്പാടി പഞ്ചായത്തിലെ 12 വാർഡിലെയും മീനടം പഞ്ചായത്തിലെ ആറു വാർഡിലെയും ഗുണഭോക്താക്കൾക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്കുള്ള തടസം നീങ്ങി.
മീനടം പഞ്ചായത്തിലെ എട്ടാം വാർഡിൽ 18 വാർഡുകളിലെയും ഗുണഭോക്താക്കൾക്ക് വേണ്ടി 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്ക് നിർമിക്കും. ഇതു സംബന്ധിച്ച അനുമതി നൽകാൻ മീനടം പഞ്ചായത്തിന് നിർദ്ദേശം നൽകി. മീനടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വാട്ടർ അതോറിറ്റിയുമായി ഉടൻ കരാറിൽ ഏർപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കും.
പാമ്പാടി പഞ്ചായത്തിലെ 12 വാർഡുകളിലേക്ക് കുടിവെള്ളം എത്തിക്കാനായി നിർമിക്കുന്ന ടാങ്ക് മീനടം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ്. വാട്ടർ അതോറിറ്റിയുടെ മറ്റൊരു കുടിവെള്ള പദ്ധതിയായ ടാപ്പുഴ പദ്ധതിയുടെ നിലവിലുണ്ടായിരുന്ന ടാങ്ക് പൊളിച്ചുമാറ്റിയ ശേഷമാണ് 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള പുതിയ ടാങ്കിന്റെ നിർമാണം ആരംഭിച്ചത്. എന്നാൽ നിർമാണത്തിന് സർക്കാർ അനുമതി വേണമെന്നാവശ്യപ്പെട്ട് മീനടം പഞ്ചായത്ത് പ്രവൃത്തി തടഞ്ഞു. ഇതേതുടർന്ന് പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുൾപ്പെടെ നിരവധി തവണ വിഷയം ഇരു പഞ്ചായത്തുകളും ചർച്ച ചെയ്തിട്ടും പരിഹാരം കാണാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പരാതിയുമായി തദ്ദേശ അദാലത്തിനെ സമീപിച്ചത്.നടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയിൽ രണ്ട് പഞ്ചായത്തിന്റെയും സെക്രട്ടറിമാർ, അസിസ്റ്റന്റ് എൻജിനീയർമാർ എന്നിവരടങ്ങിയ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. പഞ്ചായത്തുകളുടെ കത്ത് ലഭിക്കുന്നതിന് അനുസരിച്ച് ആവശ്യമായ സർക്കാർ അനുമതി നൽകും.
 ജലജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിച്ച പഞ്ചായത്ത് റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾ തദ്ദേശസ്ഥാപനങ്ങൾ വഴി ചെയ്യുന്നത് സംബന്ധിച്ച അവ്യക്തതയും അദാലത്തിലൂടെ നീക്കി. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജല അതോറിറ്റി നീക്കിവച്ച തുക ഉപയോഗിച്ച് തദ്ദേശസ്ഥാപനങ്ങൾക്കും പ്രവൃത്തി ഏറ്റെടുക്കാൻ നേരത്തേ അനുമതി നൽകിയിരുന്നു. എന്നാൽ പണം നീക്കിവച്ചത് ജല അതോറിറ്റി ആയതിനാൽ പദ്ധതിക്ക് സാങ്കേതിക അനുമതി നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പിലെ എൻജിനീയൻമാർക്ക് വിമുഖതയുണ്ടായിരുന്നു. ഈ വിഷയത്തിലാണ് ശാശ്വതപരിഹാരം തദ്ദേശ അദാലത്തിലുണ്ടായത്. വാകത്താനം, പുതുപ്പള്ളി, പാമ്പാടി പഞ്ചായത്തുകൾ നൽകിയ നിവേദനത്തെ തുടർന്ന് അദാലത്ത് വേദിയിൽ വച്ച് തന്നെ വിഷയം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായി ഫോണിൽ സംസാരിച്ചു. ഇതേത്തുടർന്ന് ഇത്തരം വിഷയങ്ങൾ ഏകോപിപ്പിക്കാനും പരിഹരിക്കാനും വാട്ടർ അതോറിറ്റി, തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർമാർ ജില്ലാതലത്തിൽ കൂടിയാലോചന നടത്തും. ആവശ്യമെങ്കിൽ പഞ്ചായത്തിന് അധിക തുക നീക്കിവച്ച് പദ്ധതി വിപുലീകരിക്കാനും അവസരമുണ്ട്.
റോഡ് നവീകരണത്തിന് വാട്ടർ അതോറിറ്റിയുമായി ആലോചിച്ച്ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിന് സാങ്കേതിക അനുമതി നൽകാം. റോഡുകളുടെ പുനരുദ്ധാരണത്തിനായി പഞ്ചായത്തുകൾ എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതിക അനുമതിക്ക് നൽകിയിരുന്നെങ്കിലും ഉത്തരവിലെ അവ്യക്തത കൊണ്ട് വകുപ്പിന്റെ സങ്കേതിക അനുമതി ലഭിച്ചില്ലെന്നും ടെണ്ടർ നൽകാൻ കഴിഞ്ഞില്ലെന്നുമായിരുന്നു പഞ്ചായത്തുകളുടെ പരാതി. ഈ പ്രശ്നത്തിനാണ് പരിഹാരമായത്. ആയിരക്കണക്കിന് ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് നടപടി സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
 റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ നിന്ന് ഡെവലപ്മെന്റ് പെർമിറ്റ് എടുക്കാതെ സ്ഥലം ചെറിയ പ്ലോട്ടുകളായി വിൽക്കുന്നത് ഇതിനകം തന്നെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്ലോട്ട് ഉടമസ്ഥർക്ക് ലഭിക്കേണ്ട പൊതുസൗകര്യങ്ങൾ ഇതുവഴി നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാവുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ചെറു പ്ലോട്ടുകളുടെ ഉടമകൾക്ക് പെർമിറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. ഡെവലപ്പർ ഡെവലപ്പ്മെന്റ് പെർമിറ്റ് എടുക്കാത്തതിന് പ്ലോട്ട് ഉടമകളെ ബുദ്ധിമുട്ടിക്കരുതെന്നും പ്ലോട്ടുടമകൾക്ക് കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കാനും അദാലത്തിൽലഭിച്ച പരാതിയെത്തുടർന്നു നിർദേശം നൽകി. അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ എൻ.എം. രജനി നൽകിയ പരാതിയെത്തുടർന്നാണ് ഉത്തരവ്. റിയൽ എസ്റ്റേറ്റ് ഡെവലപ്പറുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ മൂലം ചെറു പ്ലോട്ടുകളുടെ ഉടമസ്ഥർക്ക് പെർമിറ്റ് കിട്ടാത്ത സാഹചര്യം ഒഴിവാക്കിയും നിയമലംഘനം നടത്തിയവർക്കെതിരേ കർശന നടപടി ഉറപ്പാക്കിയും ചട്ടങ്ങൾ ഭേദഗതി ചെയ്യാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
 ലക്ഷം വീടുകളിൽ താമസിക്കുന്നവർക്കുള്ള പുതുക്കിയ പട്ടയം നൽകൽ വിഷയത്തിൽ ഗ്രാമപഞ്ചായത്ത് അർഹത നിർണയിച്ചു റവന്യൂ വകുപ്പിനെ അറിയിക്കും. മേലുകാവ് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ കെ ആർ അനുരാഗ് നൽകിയ പരാതി പരിഗണിച്ചാണ് തീരുമാനം. 25 വർഷമായി താമസിച്ചുവരുന്ന ലക്ഷം വീട് നിവാസികളായ 19 കുടുംബങ്ങൾക്ക് ഭൂമിയും വീടും കൈമാറി നൽകണം എന്നായിരുന്നു ആവശ്യം. മേലുകാവ് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന ലക്ഷം വീട് നിവാസികളുടെ അർഹത പരിശോധിച്ച് പഞ്ചായത്ത് ഭരണസമിതി റവന്യൂ വകുപ്പിനെ അറിയിക്കും.
കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ നടന്ന വാർത്തസമ്മേളനത്തിൽ മന്ത്രിമാരായ എം.ബി. രാജേഷ്, വി.എൻ. വാസവൻ, തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, പഞ്ചായത്ത് വകുപ്പ് ഡയറക്ടർ ( ഗ്രാമം ) ഡോ. ദിനേശൻ ചെറുവാട്ട്, ചീഫ് ടൗൺ പ്ലാനർ ഷിജി ചന്ദ്രൻ, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ക്ലമന്റ്എന്നിവർ പങ്കെടുത്തു.


ഫോട്ടോക്യാപ്ഷൻ: കോട്ടയം തദ്ദേശ അദാലത്തിനെത്തുടർന്നു അതിരമ്പുഴ സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ മന്ത്രിമാരായ എം.ബി. രാജേഷ്, വി.എൻ. വാസവൻ എന്നിവർ നടത്തിയ വാർത്താസമ്മേളനം.  

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.