18 സർവകലാശാലാ റാങ്കുകളുമായി സെന്റ് ഡൊമിനിക്സ് കോളജ്

കാഞ്ഞിരപ്പള്ളി: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ബിരുദ ഫലം പ്രസിദ്ധീകരിച്ചപ്പോൾ 18 സർവകലാശാലാ റാങ്കുകളുമായി സെന്റ് ഡൊമിനിക്സ് കോളജ് മുന്നിലെത്തി. കോളജിലെ എല്ലാ ബിരുദ പ്രോഗ്രാമുകളിലും യൂണിവേഴ്സിറ്റിയിലെ മികച്ച വിജയശതമാനം സ്വന്തമാക്കിയതിനു പുറമേയാണ് റാങ്കുകളും കോളജിലേക്ക് എത്തിയത്. ബിഎ ഇംഗ്ലീഷിൽ സർവകലാശാലയിലെ ഒന്നാംസ്ഥാനം സെന്റ് ഡൊമിനിക്സിലെ ഇരട്ടക്കുട്ടികളായ ലിയാ ട്രീസ ജോർജ്, ലിസ മറിയം ജോർജ് എന്നിവർ പങ്കിട്ടു.
ഇതേ പ്രോഗ്രാമിലെ രണ്ടാം റാങ്ക് എം. ലാമിയ ഫാത്തിമയും പത്താം സ്ഥാനം ഫാത്തിമത്ത് സഹറയും കരസ്ഥമാക്കി. ബികോം മോഡൽ ഒന്നിലെ നാല്, ഏഴ് റാങ്കുകൾ യഥാക്രമം മേരി പോൾ, അമൃതമോൾ ഷാജി എന്നിവർ സ്വന്തമാക്കി. ബിഎസ്സി മാത്തമാറ്റിക്സിൽ മൂന്ന്, ഒന്പത്, 10 സ്ഥാനങ്ങൾ യഥാക്രമം ഡിമ്പിൾ ജോസ്, എലിസബത്ത് ആന്റണി, അന്ന മരിയ ജയന്ത് എന്നിവർ നേടി.
ബിഎ ഹിസ്റ്ററി ഏഴാം റാങ്ക് സ്വന്തമാക്കിയ ഫെബിൻ ജോസ് ആന്റണി നിലവിലുള്ള വിദ്യാർഥി യൂണിയൻ ചെയർമാൻകൂടിയാണ്. ബിഎസ്സി കെമിസ്ട്രിയിൽ എട്ടാം റാങ്ക് അശ്വതി സണ്ണിയും ബികോം മോഡൽ മൂന്നിൽ അൽഫിയ നുസ്റത്ത് ബീഗം നാലാം റാങ്കും നേടി. ബിഎസ്സി ബോട്ടണി മോഡൽ രണ്ടിൽ കെ.എസ്. സൗപർണിക, അഥീന ജയപ്രകാശ്, സി.കെ. ഹൈഫ മസ്ബൂബ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ബികോം ഫിനാൻഷ്യൽ മാർക്കറ്റിൽ ആദ്യ മൂന്നു റാങ്കുകൾ നേടിയത് യഥാക്രമം നിധിൻ ബൈജു, അനീറ്റ ആന്റണി, ആൻ മരിയ ഏബ്രഹാം എന്നിവരാണ്.
റാങ്ക് ജേതാക്കളിൽ മിക്കവരും കാമ്പസ് പ്ലേസ്മെന്റ് നേടിയവരും രാജ്യത്തെ മികച്ച സ്ഥാപനങ്ങളിൽ ഉന്നതപഠനം നടത്താൻ പ്രവേശനം ലഭിച്ചവരുമാണ്. റാങ്ക് ജേതാക്കളെയും അവരെ ഒരുക്കിയ അധ്യാപകരെയും മാനേജർ റവ. ഡോ. കുര്യൻ താമരശേരി, പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, കോളജ് ബർസാർ റവ. ഡോ. മനോജ് പാലക്കുടി എന്നിവരും പിടിഎയും അഭിനന്ദിച്ചു.