തലമുറകളുടെ വാനമ്പാടിക്ക് വിട; വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു

Jul 12, 2026
തലമുറകളുടെ വാനമ്പാടിക്ക്  വിട; വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു

ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ വിസ്മയവും ദക്ഷിണേന്ത്യയുടെ വാനമ്പാടിയുമായ വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അവരുടെ മരണം ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവിച്ചത്. കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സംഗീത സപര്യയിലൂടെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ പതിനേഴോളം ഭാഷകളിലായി നാൽപ്പതിനായിരത്തിൽപ്പരം ഗാനങ്ങളാണ് ജാനകിയമ്മ ആലപിച്ചത്. ഇതിൽ മലയാളികൾക്ക് എന്നും നെഞ്ചോടു ചേർക്കാൻ നൂറുകണക്കിന് അനശ്വര ഗാനങ്ങൾ അവർ സമ്മാനിച്ചു. ഭാവസാന്ദ്രമായ ആലാപന ശൈലിയിലൂടെയും ഏത് പ്രായത്തിലുള്ളവർക്കും അനുയോജ്യമായ രീതിയിൽ ശബ്ദം പരുവപ്പെടുത്താനുള്ള അസാധ്യമായ കഴിവിലൂടെയും അവർ കോടിക്കണക്കിന് ആരാധകരുടെ 'ജാനകിയമ്മ'യായി മാറി. ​മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം 4 തവണയും, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 14 തവണയും ഉൾപ്പെടെ ഒട്ടനവധി പുരസ്കാരങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ട്. ജാനകിയമ്മയുടെ വിയോഗത്തോടെ ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലെ സുവർണ്ണ അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്. സംഗീത-സാംസ്കാരിക രംഗത്തെ പ്രമുഖർ പ്രിയ ഗായികയ്ക്ക് അനുശോചനം രേഖപ്പെടുത്തി.

മലയാളികളുടെ ശബ്ദം ഗാനകോകിലം എസ്. ജാനകിക്ക് അക്ഷയ ന്യൂസ് കേരളയുടെ പ്രണാമം

ആലാപനത്തിലെ ഭാവസാന്ദ്രത കൊണ്ടും ശബ്ദവൈവിധ്യം കൊണ്ടും ദശാബ്ദങ്ങളായി ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ വിസ്മയിപ്പിച്ച പ്രിയ ഗായിക എസ്. ജാനകിയുടെ (ശിഷ്ടമംഗലം ജാനകി) വിയോഗത്തിൽ അക്ഷയ ന്യൂസ് കേരള ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നു.