തിരുവനന്തപുരം : 2025 മാർച്ച് 26
വികസിത ഭാരത സങ്കല്പങ്ങൾക്ക് യുവാക്കളുടെ ആശയരൂപീകരണം സാധ്യമാകുന്നതിന് കേന്ദ്ര യുവജന കാര്യകായിക മന്ത്രാലയം സംഘടിപ്പിച്ച വികസിത് ഭാരത് യൂത്ത് പാർലമെന്റിന്റെ സംസ്ഥാന തല മത്സരത്തിൽ സൂര്യ ഗായത്രി കൊല്ലം (ഒന്നാം സ്ഥാനം ), അർജുൻ എസ് നായർ, പത്തനംതിട്ട (രണ്ടാം സ്ഥാനം ), പദ എസ്, പത്തനംതിട്ട (മൂന്നാം സ്ഥാനം ) എന്നിവർ വിജയികളായി. ഇന്നലെ കാര്യവട്ടം സായി ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ നടന്ന പരിപാടി കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് അദ്ദേഹം സമ്മാനം വിതരണം ചെയ്തു.
ഏപ്രിൽ 1,2, 3 തീയ്യതികളിൽ ന്യൂ ഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിൽ സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ഇവർ പങ്കെടുക്കും .
പരിപാടിയിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെയും കേരള യൂണിവേഴ്സിറ്റിയുടെയും വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ, എൽ.എൻ. സി.പി പ്രിൻസിപ്പൽ & റീജിയണൽ ഹെഡ് ഡോ. ജി കിഷോർ, നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം അനിൽ കുമാർ, നാഷണൽ സർവീസ് സ്കീം റീജിയണൽ ഡയറക്ടർ വൈ എം ഉപ്പിൻ, ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ പി എന്നിവർ പ്രസംഗിച്ചു. നാലു ജില്ലകളിലായി നടന്ന ജില്ലാ തല മത്സരത്തിൽ വിജയിച്ച 38 വിജയികളാണ് സംസ്ഥാന തല മത്സരത്തിൽ മാറ്റുരച്ചത്.
പരിപാടിയിൽ വിജയികളായവരെ രാജ് ഭവനിൽ വച്ച് നടന്ന ചടങ്ങിൽ കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനുമോദിച്ചു. ചടങ്ങിൽ നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം അനിൽ കുമാർ, ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ പി, എന്നിവർ സംബന്ധിച്ചു. തുടർന്ന് വിജയികൾക്ക് ചായ സൽക്കാരവും ഉപഹാരവും ഗവർണ്ണർ വിതരണം ചെയ്താണ് വിട്ടയച്ചത്. ദേശീയതല മത്സരത്തിനായി വിജയികൾ ഈ മാസം 31ന് ന്യൂ ഡൽഹിയിലേക്ക് യാത്ര തിരിക്കും.