പുത്തൻ അപ്ഡേറ്റുമായി വാട്ട്സ്ആപ്പ് :ഇനി ടൈപ്പ് ചെയ്ത് പാതിവഴിയിലായ മെസേജുകൾ നഷ്ടപ്പെടില്ല
ആശയവിനിമയത്തിലെ കാര്യക്ഷമത ഉറപ്പുവരുത്താൻ വാട്ട്സാപ്പിൽ കിടിലൻ അപ്ഡേറ്റ്
ന്യൂഡൽഹി : സമീപ വർഷങ്ങളിൽ, ആളുകൾ ആശയവിനിമയം നടത്തുന്ന രീതി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് വാട്ട്‌സ്ആപ്പ് നിരവധി അപ്‌ഡേറ്റുകൾ കൊണ്ടുവന്നിട്ടുണ്ട്. ഡിസപ്പിയറിങ് മെസേജ്, മൾട്ടി-ഡിവൈസ് സപ്പോർട്ട് എന്നിവ അതിൽ ചിലതുമാത്രം. അതിലേക്കിതാ ഒന്നുകൂടി. മെസേജ് ഡ്രാഫ്റ്റ്സ്. ടൈപ്പ് ചെയ്ത് പാതിവഴിയിലായ സന്ദേശങ്ങൾ നഷ്ടപ്പെടില്ല എന്നതാണ് ഈ പുത്തൻ അപ്ഡേറ്റിന്റെ പ്രത്യേകത. യൂസർ എക്സ്പീരിയൻസും ആശയവിനിമയത്തിലെ കാര്യക്ഷമതയും ഉറപ്പുവരുത്തുക എന്നതാണ് പുത്തൻ അപ്ഡേറ്റിലൂടെ വാട്ട്സാപ്പ് ഉദ്ദേശിച്ചിരിക്കുന്നത്.പകുതി ടൈപ്പ് ചെയ്ത സന്ദേശങ്ങൾ സംരക്ഷിക്കുന്നതിനും പിന്നീടവ കണ്ടെത്തുന്നതിനുമുള്ള സൗകര്യമാണ് വാട്ട്സാപ്പ് ഉപയോക്താക്കൾക്കുമുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ചാറ്റിൽ ഒരിക്കൽ ടൈപ്പ് ചെയ്ത് പകുതിയാക്കിയ സന്ദേശം പിന്നീട് ഒരവസരത്തിൽ പൂർത്തിയാക്കാൻ പുതിയ അപ്ഡേറ്റ് വഴി ഉപയോക്താവിന് സാധിക്കും. അതും വളരെ എളുപ്പത്തിൽ. അപൂർണമായ സന്ദേശം ഡ്രാഫ്റ്റ് എന്ന ലേബലിൽ ചാറ്റ് ലിസ്റ്റിന്റെ മുകൾ ഭാഗത്ത് ഓട്ടോമാറ്റിക്കായി കാണാനാവും. അപൂർണമായസന്ദേശമാണെന്ന് പെട്ടന്ന് തിരിച്ചറിയാൻ ഇതുവഴി സാധിക്കും.
പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉപയോക്താക്കളുടെ സമയം ലാഭിക്കുന്നതിനും അവരുടെ അനുഭവം കാര്യക്ഷമമാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ അപ്ഡേറ്റ് എന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കി. പൂർത്തിയാകാത്ത സന്ദേശങ്ങൾ എളുപ്പത്തിൽ കണ്ടെത്താവുന്ന രീതിയിൽ ക്രോഡീകരിക്കുന്നതിലൂടെ, ദൈനംദിന ആശയവിനിമയത്തിനുള്ള കൂടുതൽ സൗകര്യപ്രദമായ ഉപകരണമായി വാട്ട്സാപ്പിനെ മാറ്റാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
മെസേജ് ഡ്രാഫ്റ്റ് സംവിധാനം ഇപ്പോൾ ആഗോളതലത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആൻഡ്രോയ്ഡ് ഐ.ഒ.എസ് ഉപയോക്താക്കൾക്കും ഒരുപോലെ ഈ അപ്ഡേറ്റ് ഇപ്പോൾ ഉപയോഗിച്ചുതുടങ്ങാം. ഇതിനായി സ്വന്തം വാട്ട്‌സ്ആപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്താൽ മാത്രം മതി.