വെള്ളമില്ല ;തിരുവനന്തപുരം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു
ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ വേണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു
തിരുവനന്തപുരം: നഗരത്തിലെ ജലവിതരണം സംബന്ധിച്ച് പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ 9 തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളില്‍ നാളെ നടക്കുന്ന പ്രവേശന നടപടികള്‍ക്ക് മാറ്റമില്ലെന്നും കളക്ടറുടെ അറിയിപ്പില്‍ പറയുന്നു.
നഗരത്തിലെ കുടിവെള്ള പ്രതിസന്ധി എപ്പോള്‍ പരിഹരിക്കുമെന്ന് വ്യക്തമാകാത്ത സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. കുട്ടികള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി നേരത്തെ നിര്‍ദേശിച്ചിരുന്നു. നേരത്തെ നാലുമണിയോടെ ജലവിതരണം പൂര്‍ണമായും ഉറപ്പാക്കുമെന്നാണ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത്. എന്നാല്‍ പമ്പിംഗ് തുടങ്ങാന്‍ ഒരു മണിക്കൂര്‍ എടുക്കുമെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പടെയുള്ള അധികൃതര്‍ പറയുന്നത്.
തിരുവനന്തപുരം കന്യാകുമാരി റെയില്‍വെ ലൈന്‍ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈന്‍ മാറ്റിയിടുന്നതിന് വാട്ടര്‍ അതോറിറ്റി തുടങ്ങിവച്ച പണിയാണ് നഗരവാസികളെ നെട്ടോട്ടമോടിച്ചത്. നാല്‍പ്പത്തെട്ട് മണിക്കൂര്‍ പറഞ്ഞ പണി നാല് ദിവസമായിട്ടും തീര്‍ന്നില്ല. തിരുവനന്തപുരം നഗരസഭയിലെ നാല്‍പ്പത്തിനാല് വാര്‍ഡുകളില്‍ ഇത്രയും ദിവസമായി തുള്ളി വെള്ളം എത്തിയിട്ടില്ല.
പൈപ്പ് ലൈനില്‍ മറ്റ് ജോലികള്‍ പൂര്‍ത്തിയായി. ആങ്കര്‍ ബ്ലോക്ക് സ്ഥാപിക്കലും വലിയ വാല്‍വ് ഘടിപ്പിക്കലും അവസാന ഘട്ടത്തിലാണെന്നും ഒരു മണിക്കൂറിനുള്ളില്‍ പമ്പിംഗ് തുടങ്ങാനാകുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. വലിയ അനാസ്ഥയാണ് നാല് ദിവസമായി തലസ്ഥാനത്ത് നടന്നത്. തിരുവനന്തപുരത്തെ 44 വാര്‍ഡിലാണ് വെള്ളം ഇല്ലാത്തത്. കുടിവെള്ളം ഇല്ലാതെ ജനങ്ങള്‍ വലയുകയാണ്. ഇപ്പോഴത്തെ ആവശ്യത്തിനായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടാങ്കറുകള്‍ ഓരോ ലോഡ് വെള്ളം വീതം വാര്‍ഡുകളിലെത്തിക്കുന്നുണ്ട്. എന്നാല്‍ പല വാര്‍ഡുകളിലും ടാങ്കര്‍ എത്തിയില്ലെന്നും ആരോപണമുണ്ട്. രോഗികളും പ്രായമുള്ളവരുമാണ് ഏറെ വലയുന്നത്.