തദ്ദേശസ്ഥാപന തദ്ദേശസ്ഥാപന വോട്ടർപട്ടിക :തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : സെപ്തംബർ 29 മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാം
എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ,അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25 ന്

തിരുവനന്തപുരം :എല്ലാ വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകി കൊണ്ട് പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നു. ഇതിനുള്ള കരട് വോട്ടർ പട്ടിക സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25 ന് പ്രസിദ്ധീകരിക്കും.
സെപ്തംബർ 2 ന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നത്. കരട് വോട്ടർപട്ടികയിൽ 2,83,12,458 വോട്ടർമാരാണുള്ളത്. 1,33,52,947പുരുഷന്മാരും, 1,49,59,235 സ്ത്രീകളും, 276 ട്രാൻസ്‌ജെൻഡറുമാണ് വോട്ടർപട്ടികയിലുള്ളത്. ഇതിനു പുറമെ 2087 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.
കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ഒക്ടോബർ 14 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം. ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ സമർപ്പിക്കാം.
വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനും (ഫാറം 4), ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹീയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹീയറിംഗിന് നേരിട്ട് ഹാജരാകണം.
വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫാറം 5) ഓൺലൈനായി രജിസ്റ്റർ ചെയ്ത്, അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്ട ഫാറത്തിൽ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാം.
941 ഗ്രാമപഞ്ചായത്തുകളിലെ 17337 നിയോജകമണ്ഡലങ്ങളിലെയും, 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും, 6 മുനിസിപ്പൽ കോർപ്പറേഷനുകളിലെ 421 വാർഡുകളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം. ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്.
സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ട 2,83,12,458 വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും. ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ ലഭിക്കും.
ചില വോട്ടർമാർക്ക് അവർ നൽകിയതുപ്രകാരമുള്ള കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ തിരിച്ചറിയൽകാർഡ് നമ്പർ (EPIC Number), 2015 മുതൽ വോട്ടർമാരായവർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ നമ്പർ, മറ്റുള്ളവർക്ക് തിരിച്ചറിയൽ നമ്പരൊന്നുമില്ലാത്ത രീതിയിലുമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടികയിൽ വോട്ടർമാരുടെ വിവരങ്ങൾ തയ്യാറാക്കിയിരുന്നത്.
എന്നാൽ ഇനി എല്ലാ വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും. SEC എന്ന ഇംഗ്‌ളീഷ് അക്ഷരങ്ങളും 9 അക്കങ്ങളും ചേർന്നതാണ് സവിശേഷ തിരിച്ചറിയൽ നമ്പർ. തദ്ദേശസ്ഥാപന വോട്ടർപട്ടികയുമായി ബന്ധപ്പെട്ട എല്ലാ തുടർനപടികൾക്കും, അന്വേഷണങ്ങൾക്കും വോട്ടർമാർ ഈ സവിശേഷ തിരിച്ചറിയൽ നമ്പർ പ്രയോജനപ്പെടുത്തണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.