എരുമേലി തെക്ക് വില്ലേജ് ഓഫീസ് : പുതിയ കെട്ടിടത്തിൽ പ്രവർത്തനം ഉടൻ ആരംഭിക്കും.
എരുമേലി തെക്ക് വില്ലേജ് ഓഫീസിന് പുതുതായി പണികഴിപ്പിച്ച സ്മാർട്ട് ഓഫീസ് കെട്ടിടം അടുത്തമാസം ഉദ്ഘാടനം

എരുമേലി : കോട്ടയം ജില്ലയിലെ ഭൂമിശാസ്ത്രപരമായ വലിപ്പം കൊണ്ടും, ജനസംഖ്യ കൊണ്ടും ഏറ്റവും വലുതായ എരുമേലി തെക്ക് വില്ലേജ് ഓഫീസിന് പുതുതായി പണികഴിപ്പിച്ച സ്മാർട്ട് ഓഫീസ് കെട്ടിടം അടുത്തമാസം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഏകദേശം 20 വർഷക്കാലമായി എരുമേലി തെക്ക് വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത് എരുമേലി ബസ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയിൽ ചെറിയ മുറിയിലായിരുന്നു. ശുചിമുറി സൗകര്യം പോലുമില്ലാത്ത ഇവിടെ വളരെ അസൗകര്യങ്ങളോടെയാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് എരുമേലി പിഡബ്ല്യുഡി റസ്റ്റ് ഹൗസിനോടനുബന്ധിച്ച് 10 സെന്റ് സ്ഥലം ലഭ്യമാക്കുകയും, 50 ലക്ഷം രൂപ അനുവദിച്ച് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുകയുമായിരുന്നു. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. എന്നാൽ കെട്ടിട നിർമ്മാണം പൂർത്തീകരണ ഘട്ടത്തിൽ എത്തിയപ്പോഴേക്കും വില്ലേജ് ഓഫീസ് കെട്ടിടം നിർമിച്ച ഭൂമി ദേവസ്വം വകയാണെന്നും, ഇവിടെ വില്ലേജ് ഓഫീസ് പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ഒരു സ്വകാര്യ വ്യക്തി കേരള ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഹർജിയെ തുടർന്ന് കഴിഞ്ഞ ഒരു വർഷക്കാലമായി കെട്ടിടം തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. എന്നാൽ ഭൂമിയുടെ രേഖകൾ ഹൈക്കോടതിയിൽ ഹാജരാക്കി റവന്യൂ ഭൂമിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. തുടർന്ന് സർവ്വേ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഭൂമി അളന്ന് തിട്ടപ്പെടുത്തി സർക്കാർ ഭൂമിയാണെന്ന് ഉറപ്പുവരുത്തി പണി പൂർത്തീകരിച്ച വില്ലേജ് ഓഫീസ് കെട്ടിടം തുറന്നു പ്രവർത്തിക്കാൻ ഇപ്പോൾ സജ്ജമാക്കിയിരിക്കുകയാണ്. ഉദ്ഘാടനത്തിനായി റവന്യൂ വകുപ്പ് മന്ത്രി കെ.രാജനെ ക്ഷണിച്ചിട്ടുണ്ടെന്നും ഒക്ടോബർ പത്തിന് അവസാനിക്കുന്ന നിയമസഭാ സമ്മേളനത്തിനുശേഷം ഉദ്ഘാടനത്തിനായി എത്തിച്ചേരാമെന്ന് റവന്യൂ മന്ത്രി അറിയിച്ചിട്ടുണ്ടെന്നും എംഎൽഎ വ്യക്തമാക്കി. ഇപ്പോൾ നിർമ്മാണത്തിന്റെ പൂർത്തീകരണ പ്രവർത്തികൾ നടന്നുവരികയാണെന്നും ശബരിമല തീർത്ഥാടനകാലം ആരംഭിക്കുന്നതിനു മുന്നോടിയായി തീർത്ഥാടന ഏകോപന ചുമതല കൂടിയുള്ള എരുമേലി തെക്ക് വില്ലേജ് ഓഫീസിന്റെ പുതിയ സ്മാർട്ട് ഓഫീസ് പ്രവർത്തനമാരംഭിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.