സംഭാഷണം, സംവാദം, ചർച്ച, പര്യാലോചന എന്നിവയുടെ അജയ്യമായ കോട്ടയായിരിക്കണം പാർലമെന്റ് - ഉപരാഷ്ട്രപതി
ഉപരാഷ്ട്രപതി തിരുവനന്തപുരത്ത് നാലാമത് പി. പരമേശ്വരൻ അനുസ്മരണ പ്രഭാഷണം നടത്തി

''ഇന്ത്യ ഇനി വാഗ്ദാനങ്ങൾ മാത്രമേകുന്ന രാഷ്ട്രമല്ല. ഇന്ത്യയെ ഇനി പാമ്പാട്ടികളുടെ രാഷ്ട്രമായി മുദ്രകുത്തില്ല. ഇന്ത്യ അതിന്റെ സാധ്യതകളുപയോഗിച്ച് ലോകത്തെയാകെ ആകർഷിക്കുന്നു്'' - ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു,
''ജനകേന്ദ്രീകൃത നയങ്ങളും സുതാര്യമായ ഉത്തരവാദിത്വ ഭരണവും ആവാസവ്യവസ്ഥയ്ക്ക് ഉത്തേജനം നൽകി... 1.4 ശതകോടി ജനസംഖ്യയുള്ള ഒരു രാഷ്ട്രം, ഗ്രാമീണ മേഖലയെ സ്വാധീനിച്ച പരിവർത്തനാത്മക മാറ്റം നോക്കൂ. എല്ലാ വീട്ടിലും ശൗചാലയം ഉണ്ട്, വൈദ്യുതിയുണ്ട്, കുടിവെള്ള കണക്ഷൻ വരുന്നു, പാചകവാതക കണക്ഷൻ... സമ്പർക്കസൗകര്യം, ഇന്റർനെറ്റ്, റോഡ്, റെയിൽ, ആരോഗ്യ-വിദ്യാഭ്യാസ മേഖലയെ പരിപാലിക്കുന്ന നയങ്ങളുണ്ട്. ഇവ നമ്മുടെ വളർച്ചാ പാതയെ നിർവചിക്കുന്നു''.- സമീപകാല ദശകത്തിലെ രാജ്യത്തിന്റെ വളർച്ചാ പാതയെ പ്രതിഫലിപ്പിച്ചു ശ്രീ ധൻഖർ അടിവരയിട്ടു.
''ഏതാനും വർഷങ്ങൾക്ക് മുമ്പ് സങ്കൽപ്പത്തിന് അതീതമായ, ചിന്തകൾക്ക് അതീതമായ, സ്വപ്നങ്ങൾക്ക് അതീതമായ ഈ സാമ്പത്തിക നവോത്ഥാനവും നമ്മുടെ സനാതനത്തിന്റെ സാരാംശവും, ഉൾക്കൊള്ളലും, വിവേചനരഹിതമായ, ഏകീകൃതമായ, തുല്യനീതിയുള്ള സമത്വ വികസന ഫലങ്ങളും എല്ലാവർക്കും ഫലങ്ങളും സൃഷ്ടിച്ചു. അർഹത, ജാതി, മതം, നിറം എന്നിവ നോക്കാതെ, ആനുകൂല്യം അവസാന വരിയിലുള്ളവരിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്, ഇത് വൻ വിജയത്തോടെയാണ് നടത്തുന്നത്'' - അദ്ദേഹം പറഞ്ഞു.
'ജനാധിപത്യം, ജനസംഖ്യ, വികസനം, ഭാരതത്തിന്റെ ഭാവി' എന്ന വിഷയത്തിൽ നാലാമത് പി.പരമേശ്വരൻ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ശ്രീ ധൻഖർ. ''ഭാരതീയ മൂല്യങ്ങളോടുള്ള അദ്ദേഹത്തിന്റെ (ശ്രീ. പി. പരമേശ്വരൻ) അചഞ്ചലമായ പ്രതിജ്ഞാബദ്ധതയും ഇന്ത്യൻ ധർമചിന്തയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും ദേശീയ ഐക്യത്തിനായുള്ള അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമവും തലമുറകളെ പ്രചോദിപ്പിക്കുന്നുവെന്ന് ഇന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. സാംസ്‌കാരികമായി വേരൂന്നിയതും ആത്മീയമായി ഉണർന്നതുമായ സ്വയംപര്യാപ്ത ഭാരതത്തിനായുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് രാജ്യത്തുടനീളം ആഴത്തിൽ പ്രതിധ്വനിക്കുന്നു.
''ഭാരതത്തിന്റെ മഹത്തായ പുത്രന്മാരിൽ ഒരാളുടെ സ്മരണയ്ക്കായി, ബഹുമാനാർത്ഥമാണ് ഈ അനുസ്മരണ പ്രഭാഷണം. ഈ നൂറ്റാണ്ടിലെ ഹൈന്ദവ ചിന്താ പ്രക്രിയയുടെ ആദർശവാദികളുടെയും ചിന്തകരുടെയും മുൻനിരയിൽ അദ്ദേഹം ഉൾപ്പെടുന്നു. സാമൂഹിക പ്രവർത്തനങ്ങളിൽ പ്രതിജ്ഞാബദ്ധതയുള്ള ഏറ്റവും മികച്ച ബുദ്ധിജീവികളിൽ ഒരാളെ ഈ പ്രഭാഷണത്തിലൂടെ നാം ആഘോഷിക്കുകയാണ്... ഒരു നാഗരികത അറിയപ്പെടുന്നത് അടിസ്ഥാനപരമായ പരിഗണനയിലൂടെ മാത്രമാണ്. അത് ശരിക്കും അതിന്റെ മഹാന്മാരായ പുത്രന്മാരെ ബഹുമാനിക്കുന്നുണ്ടോ? കഴിഞ്ഞ കുറച്ച് വർഷങ്ങളായി അതൊരു വിഷയമാണ്. മറന്നുപോയ നമ്മുടെ നായകന്മാർ, വാഴ്ത്തപ്പെടാത്ത നായകർ, മറഞ്ഞിരിക്കുന്ന നായകർ; നാം അവരെ ഓർക്കുന്നു'' - അദ്ദേഹം കൂട്ടിച്ചേർത്തു.
അജൈവ ജനസംഖ്യാ പരിവർത്തനങ്ങളെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചു ശ്രീ ധൻഖർ പറഞ്ഞതിങ്ങനെ: “ജനസംഖ്യാശാസ്ത്രം പ്രധാനമാണ്. ജനസംഖ്യാശാസ്ത്രത്തെ ഭൂരിപക്ഷവാദവുമായി കൂട്ടിക്കുഴയ്ക്കരുത്. രണ്ട് ചേരികളായി വിഭജിക്കപ്പെട്ട സമൂഹത്തെ നമുക്ക് കാണാൻ കഴിയില്ല. എന്നാൽ മാന്യരേ, ജനസംഖ്യാശാസ്ത്രത്തിന്റെ കാര്യത്തിൽ രാഷ്ട്രം കടുത്ത വെല്ലുവിളികളാണ് അഭിമുഖീകരിക്കുന്നത്. ജനസംഖ്യാ പരിണാമം ജൈവികമായിരിക്കണം. അത് സ്വാഭാവികമായിരിക്കണം. അത് ആശ്വാസകരമായിരിക്കണം. അപ്പോൾ മാത്രമേ അത് നാനാത്വത്തിൽ ഏകത്വത്തെ പ്രതിഫലിപ്പിക്കൂ. എന്നാൽ വെർച്വൽ ഭൂകമ്പത്തിന്റെ സ്വഭാവത്തിൽ ജനസംഖ്യാ വ്യതിയാനങ്ങൾ കൊണ്ടുവന്നാൽ, ആശങ്കയ്ക്കു കാരണമാകും. ശക്തി നേടുക എന്ന ലക്ഷ്യത്തോടെ ജനസംഖ്യാ ഘടകം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അജൈവ ജനസംഖ്യാ വ്യതിയാനങ്ങൾ സംഭവിക്കുന്നതെങ്കിൽ, നാം ആശങ്കാകുലരാകണം. ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് ശ്രദ്ധിക്കത്തക്ക നിലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. വളരെയധികം അസ്ഥിരപ്പെടുത്തുന്ന ഈ വികസനത്തെ അവഗണിക്കാനോ അംഗീകരിക്കാനോ കഴിയാത്ത ഘട്ടത്തിലാണ് നാം. നാം അതീവ ജാഗ്രത പാലിക്കണം. ഇന്ത്യയുടെ ജനസംഖ്യാപരമായ പവിത്രത കാത്തുസൂക്ഷിക്കാൻ ഏവരും ഒന്നിക്കേണ്ടതുണ്ട്”.
"ഇപ്പോൾ രാജ്യത്ത്, തെരഞ്ഞെടുപ്പ് വീക്ഷണകോണിൽനിന്ന് നോക്കുമ്പോൾ, തെരഞ്ഞെടുപ്പുകൾക്ക് വലിയ അർത്ഥമില്ലാത്ത മേഖലകളുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉയർന്നുവന്ന കോട്ടകൾ നമ്മുടെ രാജ്യത്തുണ്ട്. അവിടെ തെരഞ്ഞെടുപ്പ് ഫലം എല്ലായ്പ്പോഴും ജനസംഖ്യാപരമായ സ്ഥാനചലനങ്ങളാൽ മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നു. വളരെ ഭയാനകമായ ഈ വെല്ലുവിളികൾ അഭിസംബോധന ചെയ്യുന്നതിന്, നയപരമായ ഇടപെടലുകൾ മാത്രം പര്യാപ്തമല്ല. നമ്മുടെ ദേശീയതയ്ക്കും നമ്മുടെ ജനാധിപത്യത്തിനും അസ്തിത്വപരമായ ഈ വെല്ലുവിളികളെ നാം കണക്കിലെടുക്കുകയും തിരിച്ചറിയുകയും വേണം... ദശലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ ഒരു രാജ്യത്തിന് എങ്ങനെ നേരിടാൻ കഴിയും? അവരുടെ എണ്ണം നോക്കൂ. അവർ ഈ രാജ്യത്തിന് വരുത്തുന്ന അപകടം നോക്കൂ. ഈ രാജ്യത്തെ എല്ലാവരും ദേശീയതയുടെ തീക്ഷ്ണതയാൽ ജ്വലിക്കുന്നു. ഈ ജനങ്ങൾ വന്ന്, നമ്മുടെ തൊഴിൽ, നമ്മുടെ ആരോഗ്യം, നമ്മുടെ വിദ്യാഭ്യാസ മേഖലകൾ എന്നിവയിൽ ആവശ്യങ്ങൾ ഉന്നയിക്കുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരു ഘടകമായി മാറുന്നു. ഇത് വളരെ നിർണായകമാണ്. ഇത് പരിഹരിക്കേണ്ടതുണ്ട്. ഇത് ഉദ്വേഗജനകമാണ്. നാം അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. ജനങ്ങളുടെ മാനസികാവസ്ഥ സജീവമാക്കേണ്ടതുണ്ട്. ഈ വെല്ലുവിളിയെ നേരിടാൻ ഓരോ ഇന്ത്യക്കാരനും വൈദഗ്ദ്ധ്യം നേടണം. അനിയന്ത്രിതമായ ഒഴുക്ക് നമ്മുടെ സംസ്കാരത്തിനും ഭീഷണിയാണ്. ഈ ജനസംഖ്യാപരമായ സ്ഥാനചലനങ്ങളെ ധൈര്യപൂർവ്വം തടയണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു" - അദ്ദേഹം കൂട്ടിച്ചേർത്തു.
മതപരിവർത്തനത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ: "വെല്ലുവിളി വിവിധ രൂപങ്ങളിലാണു വരുന്നത്: ഒന്ന്, വശീകരണത്തിലടെയും പ്രലോഭനങ്ങളിലൂടെയും ദരിദ്രരെയും കരുതൽ വേണ്ടവരെയും സമീപിക്കലും പിന്തുണ നൽകലും, തുടർന്ന് മതപരിവർത്തനം എന്ന് മുദ്രകുത്തലുമാണ്. എല്ലാവർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാൻ രാജ്യം അനുവദിക്കുന്നുണ്ട്. ഇത് നമ്മുടെ മൗലികാവകാശമാണ്. ഇത് നമ്മുടെ നാഗരിക സമ്പത്തിൽ നിന്ന് നമുക്ക് കൈമാറുന്നതാണ്. പക്ഷേ ഇത് കൃത്രിമമായി മാറ്റുകയാണെങ്കിൽ, അത് സഹിക്കാനാകുന്നതല്ല... അത്യാഗ്രഹവും പ്രലോഭനവും ഇതിന് അടിസ്ഥാനമാകരുത്. ആരെങ്കിലും വേദനയിലോ, ബുദ്ധിമുട്ടിലോ, ആവശ്യങ്ങളുള്ളപ്പോഴോ ആയിരിക്കുമ്പോൾ, അവരെ മതപരിവർത്തനത്തിലേക്ക് വലിച്ചിടരുത്; അത് അസഹനീയമാണ്. ഞാൻ എത്ര ശ്രമിച്ചാലും, മതപരിവർത്തനങ്ങളെ ബാധിക്കാൻ ലക്ഷ്യമിട്ടുള്ള ഈ തന്ത്രപരമായ, ആസൂത്രിതമായ, സാമ്പത്തിക പിന്തുണയുള്ള ദുഷ്‌കൃത്യങ്ങൾ കാരണം നാം നേരിടുന്ന ആശങ്കയുടെ ഗൗരവം, വെല്ലുവിളിയുടെ തീവ്രത എനിക്ക് പ്രകടിപ്പിക്കാനാകില്ല".
രാജ്യത്തെ രാഷ്ട്രീയമായി വിഭജിക്കുന്ന അന്തരീക്ഷത്തെക്കുറിച്ച് പരാമർശിച്ച് രാഷ്ട്രപതി പറഞ്ഞതിങ്ങനെ: "ചില വശങ്ങളിൽ നമുക്ക് ആശങ്കാജനകമായ സാഹചര്യങ്ങൾ നേരിടേണ്ടിവരും. രാഷ്ട്രീയം ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു “എന്റെ ഉത്കണ്ഠയും മനോവേദനയും എനിക്കു നിങ്ങളുമായി പങ്കുവയ്ക്കേണ്ടതുണ്ട്. പാർലമെന്റ് ജനങ്ങൾക്ക് മാതൃകയായിരിക്കണം. ജനങ്ങളുടെ അഭിലാഷങ്ങളെ യാഥാർത്ഥ്യമാക്കി മാറ്റുന്നതിനുള്ള വേദിയാണിത്. സംഭാഷണത്തിന്റെയും സംവാദത്തിന്റെയും ചർച്ചയുടെയും പര്യാലോചനയുടെയും അജയ്യമായ കോട്ടയായിരിക്കണം അത്. 18 സെഷനുകളിലായി ഏകദേശം മൂന്ന് വർഷത്തോളം പ്രവർത്തിച്ച ഭരണഘടനാ നിർമാണസഭ ഈ വശങ്ങളുടെ ഉദാഹരണമാണ്. ഇന്ന് നാം എന്താണ് കാണുന്നത്? സംവാദവും ആലോചനയും മറ്റും അസ്വസ്ഥതയ്ക്കും തടസ്സത്തിനും വഴിയൊരുക്കുന്നു." - സംഭാഷണത്തിന്റെയും ആലോചനയുടെയും പ്രാധാന്യം അടിവരയിട്ട് അദ്ദേഹം പറഞ്ഞു,
“ജനാധിപത്യത്തിന്റെ ക്ഷേത്രങ്ങൾ തടസ്സങ്ങളാലും അസ്വസ്ഥതകളാലും നശിപ്പിക്കപ്പെടുമ്പോൾ ഇതിലും തീവ്രമായ മഹാപാപം മറ്റെന്താണ്? നമ്മുടെ ജനാധിപത്യം നിലനിൽക്കേണ്ടതുണ്ട്; ആദ്യത്തെ പരീക്ഷണം പാർലമെന്ററി പ്രവർത്തനമാണ്."
“ദേശീയ താൽപ്പര്യം തരംതാഴ്ത്തപ്പെടുന്ന സാഹചര്യങ്ങളെ നാം അഭിമുഖീകരിക്കുന്നു. ദേശവിരുദ്ധ ആഖ്യാനങ്ങൾ ചിറകു മുളയ്ക്കുന്നു. വളരെ അപകടകരമായ കാലത്താണ് നാം ജീവിക്കുന്നത്. ദേശീയതയുടെ ചെലവിൽ പക്ഷപാതപരവും വ്യക്തിപരവുമായ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ അസഹിഷ്ണുതയും അശ്രദ്ധമായ നിലപാടും നിയന്ത്രിക്കേണ്ടതുണ്ട്. സാമൂഹ്യപരമായ കൗൺസിലിങ്ങിന്റെ ആവശ്യകതയുണ്ട്. യുവമനസ്സുകളും മുതിർന്ന പൗരന്മാരും ഒത്തുചേർന്നു നമ്മുടെ മാനസികാവസ്ഥയിൽ സ്വാധീനം ചെലുത്തുന്നതിലൂടെ ആവാസവ്യവസ്ഥ സൃഷ്ടിക്കണം".- ഉപരാഷ്ട്രപതി പറഞ്ഞു.