വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
പിതൃ മാതാവായ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് കോടതിയോട് 3 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്.

വെഞ്ഞാറമൂട് : കൂട്ടക്കൊലക്കേസ് കേസിൽ പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 3 ദിവസമാണ് കസ്റ്റഡി കാലാവധി. പാങ്ങോട് പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയിൽ നെടുമങ്ങാട് JFM കോടതിയാണ് അഫാനെ കസ്റ്റഡിയിൽ വിട്ടത്. പിതൃ മാതാവായ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് കോടതിയോട് 3 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്.പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പും നടത്തും. സൽമാബീവിയയുടെ വീട്ടിലും ആഭരണങ്ങൾ പണയംവെച്ച വെഞ്ഞാറമൂടിലുള്ള ധനകാര്യ സ്ഥാപനത്തിലും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. അതിന് ശേഷമായിക്കും മറ്റ് 4 പേരെ കൊലപ്പെടുത്തിയ കേസിലെ നടപടിക്രമങ്ങൾ ആരംഭിക്കുക. ഓരോ കേസിലും പ്രത്യേകം കസ്റ്റഡിയിൽ വാങ്ങലാകും ഉണ്ടാകുക.
മാതാവ് ഷെമി മരിച്ചിട്ടുണ്ടെന്ന ചിന്തയിലാണ് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ മറ്റുള്ളവരെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം. കൊലപാതകത്തിന് തലേദിവസം പണത്തെ ചൊല്ലി അഫാനും ഉമ്മ ഷെമിയും തമ്മിൽ വീട്ടിൽ തർക്കമുണ്ടായി. പിറ്റേദിവസം 2000 രൂപ വേണമെന്ന് ഉമ്മയോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച അഫാൻ ഉമ്മയുടെ തല ചുമരിൽ ഇടിപ്പിക്കുകയും ചെയ്തു. ഷെമിയുടെ തലപൊട്ടി ബോധരഹിതയായി. ഉമ്മ മരിച്ചുവെന്നു തെറ്റിധരിച്ചാണ് മറ്റുള്ളവരെയും കൊലപ്പെടുത്താൻ തീരുമാനിച്ചത്.അഫാന്റെ മൊബൈൽ ഫോൺ ഇതുവരെയും വിശദമായി പരിശോധിച്ചിട്ടില്ല. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയത്.
ഗൂഗിൾ ഹിസ്റ്ററി ഡിലീറ്റ് ചെയ്ത നിലയിലാണ്.