സംസ്ഥാനത്തെ മികച്ച പഞ്ചായത്തായി വെളിയന്നൂർ

വെളിച്ചം വിതറി വെളിയന്നൂർ

Feb 17, 2025
സംസ്ഥാനത്തെ മികച്ച പഞ്ചായത്തായി വെളിയന്നൂർ
VELIYANNOOR

സംസ്ഥാനത്തെ മികച്ച പഞ്ചായത്തായി വെളിയന്നൂർ

കോട്ടയം: വെളിയന്നൂരിനെ സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്താക്കി മാറ്റിയത് വികസന-ക്ഷേമപ്രവർത്തനങ്ങളിൽ  സൂക്ഷ്മതയോടെ നടത്തിയ മുന്നേറ്റങ്ങൾ. വികസന ക്ഷേമപ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന സ്വരാജ് ട്രോഫി പുരസ്‌കാരത്തിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനം നേടിയതോടെ പ്രസിഡന്റ് സജേഷ് ശശിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വികസനക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാനതലത്തിൽ അംഗീകരിക്കപ്പെട്ടു.
സംസ്ഥാന സർക്കാർ അനുവദിച്ച പദ്ധതി വിഹിതത്തിന്റെ വിനിയോഗത്തിന് പുറമേ, അതിദാരിദ്ര്യ നിർമാർജ്ജനത്തിലെ പുരോഗതി, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി, മാലിന്യസംസ്‌കരണരംഗത്ത് സ്വീകരിച്ച പുതുമാതൃകകൾ, ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന വാർഷിക പദ്ധതിയിലെ  പ്രവർത്തനങ്ങളുടെ മികവ്, സംരംഭങ്ങൾ ആരംഭിക്കുന്നതിൽ കാണിച്ച വേറിട്ട ഇടപെടലുകൾ, ആരോഗ്യ-വിദ്യഭ്യാസ മേഖലയിലെ നേട്ടങ്ങൾ, ഭിന്നശേഷി സൗഹൃദ സമീപനം, പഞ്ചായത്ത് ഓഫീസിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളിലെ കൃത്യത തുടങ്ങിയ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളാണ് പുരസ്‌കാര നേട്ടത്തിലേക്കെത്തിച്ചത്.
2023-24 വാർഷിക പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ച് പദ്ധതിതുക ചെലവഴിക്കലിൽ നൂറു ശതമാനം നേട്ടം കൈവരിച്ചു. കെട്ടിട നികുതി സമാഹരിക്കുന്നതിലും മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. പഞ്ചായത്ത് പരിധിയിലെ ജലസ്രോതസുകളെല്ലാം നവീകരിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന്റെ ഭാഗമായി വെളിയന്നൂരിലെ ബഡ്‌സ് സ്‌കൂൾ ആരംഭിച്ചു. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ നോക്കുന്ന തിരക്കിൽ ജോലിയും വരുമാനവും ഇല്ലാതാകുന്ന മാതാപിതാക്കൾക്കായി സ്‌കൂളിനോടുചേർന്ന് ജോലി ചെയ്ത് വരുമാനം ഉണ്ടാക്കുന്നതിന് സംരംഭങ്ങൾ ആരംഭിച്ച് കേരളത്തിന് മാതൃകകാട്ടി. കനിവ് പേപ്പർ പ്രോഡക്ട്സ് എന്ന സ്ഥാപനത്തിലൂടെ പേപ്പർ പേന, നോട്ട് പാഡ്, ഫയലുകൾ തുടങ്ങി ഏറ്റവും ഒടുവിൽ ഇതൾ എന്ന ബ്രാൻഡിൽ പുതിയ നോട്ട് ബുക്കുകളും ഇവിടെ ഉൽപാദിപ്പിക്കുന്നു. ഈ സുരക്ഷിതത്വ ബോധത്തിൽ വളരുന്ന കുഞ്ഞുങ്ങൾ മിടുക്കരാകുന്ന അനുഭവമാണ് മാതാപിതാക്കൾ പങ്കുവയ്ക്കുന്നതെന്ന് പ്രസിഡന്റ് സജേഷ് ശശി, വൈസ് പ്രസിഡന്റ് ജിനി സിജു എന്നിവർ പറഞ്ഞു. ഭരണസമിതിക്കൊപ്പം സെക്രട്ടറി ടി. ജിജിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവർത്തനങ്ങളും പുരസ്‌കാര നേട്ടത്തിലേക്ക് നയിച്ചതായി ഇവർ പറഞ്ഞു.
വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം തുടർച്ചയായി രണ്ടുതവണ ലഭിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലെ നാല് സബ് സെന്ററുകളെയും ജനകീയ ആരോഗ്യകേന്ദ്രമായി ഉയർത്തി.
തരിശുകിടന്ന വെളിയന്നൂർ പാടശേഖരത്ത് എട്ട് വർഷം തുടർച്ചയായി കൃഷിയിറക്കി കാർഷികരംഗത്തും മാതൃകയായി. 26 ഏക്കർ പാടത്താണ് കൂട്ടായ പരിശ്രമത്തിലൂടെ വിഷരഹിത കൃഷി ചെയ്യുന്നത്. ജൈവൈവിധ്യ സംരക്ഷണവും സുസ്ഥിര വികസനവും എന്ന ലക്ഷ്യത്തോടെ ജില്ലയിൽ  ജൈവവൈവിധ്യ ആക്ഷൻ പ്ലാനും ബയോഡൈവേഴ്സിറ്റി രജിസ്റ്റർ രണ്ട് വാല്യങ്ങളും തയാറാക്കിയ ഏക ഗ്രാമപഞ്ചായത്താണ് വെളിയന്നൂർ.
'എല്ലാവർക്കും സ്പോർട്സ് എല്ലാവർക്കും ആരോഗ്യം' എന്ന ലക്ഷ്യം വച്ച് ഗ്രാമപഞ്ചായത്ത്  പുതുവേലിയിൽ ഫ്ളഡ്ലിറ്റ് സ്റ്റേഡിയവും ഓപ്പൺ ജിമ്മും സ്ഥാപിച്ചു. ലൈഫ് മിഷന്റെ ഭാഗമായി ഭൂമി കൈവശമുള്ളതും എന്നാൽ വീടില്ലാത്തതുമായ കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകാനുള്ള പ്രവർത്തികൾ അവസാനഘട്ടത്തിലാണ്. മൂന്നാംഘട്ടത്തിൽ മനസോടിത്തിരി മണ്ണ് പദ്ധതിയിൽ ലഭിച്ച ഭൂമിയിൽ വീടു നിർമാണം പൂർത്തിയാകുന്നതോടെ ലൈഫ് പദ്ധതി പൂർത്തിയാകുന്ന ഗ്രാമപഞ്ചായത്താകും വെളിയന്നൂർ. മാലിന്യം, ഊർജ്ജം, വ്യവസായം, കൃഷി തുടങ്ങിയ മേഖലകളിൽ പുറന്തള്ളുന്ന കാർബണിന്റെ അളവ് കണക്കാക്കി ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ കാമ്പയിൻ ജില്ലയിൽ ആദ്യഘട്ടത്തിൽ ഏറ്റെടുത്ത പഞ്ചായത്തും വെളിയന്നൂരാണ്.
അമ്പതുലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമടങ്ങുന്ന പുരസ്‌കാരം ബുധനാഴ്ച ഗുരുവായൂരിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.
..........................


"എല്ലാവരുടെയും കൂട്ടായ്മയുടെ വിജയമാണിത്. ജനങ്ങൾക്കൊപ്പം ഉദ്യോഗസ്ഥരും ചേർന്നുനിന്നു. ഈ പുരസ്‌കാരം പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കുമുള്ള അംഗീകാരമാണ്" - സജേഷ് ശശി(പ്രസിഡന്റ്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത്)


"പഞ്ചായത്തിലെ ദുർബല വിഭാഗത്തിൽപ്പെട്ടവരടക്കം എല്ലാവരെയും ചേർത്തുപിടിക്കാൻ ഭരണസമിതിക്കായി. മുഴുവൻ ആളുകളെയും മുന്നിൽകണ്ടുള്ള പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്"- ജിനി സിജു
(വെസ് പ്രസിഡന്റ്,  വെളിയന്നൂർ ഗ്രാമപഞ്ചായത്ത്്)

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.