ഭിന്നശേഷി സംവരണം സംബന്ധിച്ച കൈപ്പുസ്തകം പ്രകാശനം ചെയ്തു

Oct 8, 2025
ഭിന്നശേഷി സംവരണം സംബന്ധിച്ച കൈപ്പുസ്തകം പ്രകാശനം ചെയ്തു
v sivankutty munister

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണം സംബന്ധിച്ച കൈപ്പുസ്തകം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. എസ് ചിത്രയ്ക്ക് നൽകി പ്രകാശനം ചെയ്തു. എയ്ഡഡ്  സ്‌കൂളുകളിൽ ഭിന്നശേഷി വിഭാഗക്കാർക്ക് നിയമനത്തിൽ സംവരണം ഉറപ്പാക്കുന്നതിനായി സർക്കാർ പുറത്തിറക്കിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് കൈപ്പുസ്തകത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു.

1995-ലെ Persons with Disabilities (PwD) Act ന്റെ സെക്ഷൻ 33, 39 എന്നിവ പ്രകാരം 3 ശതമാനവും, 2016-ലെ Rights of Persons with Disabilities (RPwD) Act ന്റെ സെക്ഷൻ 34(1) പ്രകാരം 4 ശതമാനവും ഭിന്നശേഷി വിഭാഗക്കാർക്ക് സംവരണം നടപ്പിലാക്കണമെന്ന് നിയമപരമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിയമങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ഭിന്നശേഷി വിഭാഗങ്ങൾക്ക് നിയമനത്തിൽ സംവരണം ഉറപ്പാക്കേണ്ടതുണ്ട്. 1996 ഫെബ്രുവരി 7 മുതൽ 2017 ഏപ്രിൽ 18 വരെ 3% സംവരണവും, 2017 ഏപ്രിൽ 19 മുതൽ 4% സംവരണവും നടപ്പിലാക്കേണ്ടതിന്റെ വിശദാംശങ്ങൾ, ബാക്ക്‌ലോഗ്‌ ഒഴിവുകൾ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങൾ, റോസ്റ്റർ തയ്യാറാക്കൽ, തസ്തികകളുടെ വർഗ്ഗീകരണം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമന പ്രക്രിയകൾ എന്നിവ പുസ്തകത്തിലുണ്ട്. കൂടാതെ സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിവിധ വിധിന്യായങ്ങൾ, സർക്കാർ ഉത്തരവുകൾ, ദിവസവേതന/പ്രൊവിഷണൽ നിയമനങ്ങൾ, ശമ്പള ആനുകൂല്യങ്ങൾ, റഗുലറൈസേഷൻ, മറ്റ് അവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരണവും ലഭ്യമാണ്.

1503 ഭിന്നശേഷി ഉദ്യോഗാർത്ഥികളെയാണ് നിലവിൽ എയിഡഡ് സ്‌കൂളുകളിൽ നിയമിച്ചിരിക്കുന്നത്. 1345 ഒഴിവുകൾ എംപ്ലോയ്‌മെൻറിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭിന്നശേഷി സംവരണ റോസ്റ്റർ പ്രകാരം ഏഴായിരത്തോളം ഒഴിവുകളാണ് മാനേജ്‌മെൻറുകൾ മാറ്റി വെയ്‌ക്കേണ്ടത്. സമന്വയിൽ ആകെയുള്ള  4999 മാനേജ്‌മെൻറുകളിൽ 1151 മാനേജ്‌മെന്റുകൾ മാത്രമാണ് നിലവിൽ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണത്തെയും നിയമനാംഗീകാരത്തെയും സംബന്ധിച്ച് വഴികാട്ടി മാത്രമാണ് കൈപ്പുസ്തകമെന്നും കൂടുതൽ വിവരങ്ങൾക്ക് അസ്സൽ ഉത്തരവുകൾ, കോടതി വിധികൾ മുതലായവ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.