അട്ടപ്പാടിയിൽ ബേക്കറിയിൽ കാട്ടുപന്നി ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്
ജെല്ലിപ്പാറയിലും സമീപ പ്രദേശങ്ങളിൽ കാട്ടുപ്പന്നി ഉൾപ്പടെ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ

പാലക്കാട് : അട്ടപ്പാടിയിൽ മുണ്ടൻപാറ സ്വദേശി മോഹനൻ, ബേക്കറി ഉടമ ഷാജു നെല്ലിക്കാനത്ത് എന്നിവർക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ ഒന്പതോടെയാണ് സംഭവം.റോഡിലൂടെ ഓടിയെത്തിയ കാട്ടുപന്നി ബേക്കറിയുടെ ഉള്ളിലേക്ക് കടന്ന് അകത്ത് ചായയും മറ്റും തയാറാക്കുന്ന അടുക്കളയിലേക്ക് പ്രവേശിച്ചു.
അടുക്കളയിൽ നിന്ന് പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാഷ് കൗണ്ടറിലെത്തിയ പന്നി കടയുടമയെ തട്ടിവീഴ്ത്തിയശേഷം അലമാരയുടെ ചില്ല് തകർത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനിടെ ബേക്കറിയുടെ നേരെ മുന്നിലുള്ള ഉണ്ണി എന്നയാളുടെ തത്വമസി എന്ന ഫാൻസി സ്റ്റോറും കാട്ടുപന്നി തകർത്തു.
അവിടെയും നിരവധി നാശനഷ്ടം ഉണ്ടായി. തുടർന്ന് പുറത്തേക്ക് ഓടിയ കാട്ടുപന്നി പുറത്തു നിൽക്കുന്നുണ്ടായിരുന്ന മോഹനനു നേരെയും ആക്രമിച്ചു. ചായകുടിക്കാനെത്തിയവരും, സ്കൂളിലേക്കു പോകാനുള്ള വിദ്യാർഥികളടക്കം നിരവധി പേർ ടൗണിൽ നിൽക്കുന്നുണ്ടായിരുന്നു. കാട്ടുപന്നി ഓടിവരുന്നതുകണ്ട് ചിതറി ഓടുന്നതിനിടെ പലരും തട്ടിവീണു.സംഭവമറിഞ്ഞ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സതീഷിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് അംഗം സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്കുമാറ്റി.
ജെല്ലിപ്പാറയിലും സമീപ പ്രദേശങ്ങളിൽ കാട്ടുപ്പന്നി ഉൾപ്പടെ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.