കേരളത്തിൽനിന്ന് ലോക്സഭയിലേക്ക് വനിതകളില്ല
2019ലെ തെരഞ്ഞെടുപ്പുവരെ കേരളത്തിൽനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് കേവലം ഒമ്പതു വനിതകൾ മാത്രമായിരുന്നു.
കോഴിക്കോട്: സംസ്ഥാനത്തുനിന്ന് ഇത്തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരൊറ്റ വനിത പോലുമില്ല. 2019ലെ തെരഞ്ഞെടുപ്പുവരെ കേരളത്തിൽനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് കേവലം ഒമ്പതു വനിതകൾ മാത്രമായിരുന്നു.14 ലോക്സഭ മണ്ഡലങ്ങളിൽ നിന്നായി അപരരടക്കം 23 വനിതകളാണ് ഇത്തവണ സ്ഥാനാർഥികളായത്. വടകര, എറണാകുളം,വയനാട് എന്നിവിടങ്ങളിൽ എൽ.ഡി.എഫും ആലത്തൂരിൽ യു.ഡി.എഫും ആലപ്പുഴ, ഇടുക്കി, ആലത്തൂർ, പൊന്നാനി, കാസർകോട് എന്നിവിടങ്ങളിൽ എൻ.ഡി.എയുമാണ് വനിതകളെ പരിഗണിച്ചത്.കഴിഞ്ഞ തവണ കേരളത്തിൽനിന്നുള്ള ഏക വനിത എം.പി ആലത്തൂരിൽനിന്ന് യു.ഡി.എഫ് പ്രതിനിധിയായി ജയിച്ച രമ്യ ഹരിദാസാണ്. സിറ്റിങ് സീറ്റിൽ ഇവർ പരാജയപ്പെടുകയും ചെയ്തു. ഇതുവരെ ജയിച്ചവരിൽതന്നെ സുശീല ഗോപാലൻ മൂന്നുതവണയും സാവിത്രി ലക്ഷ്മണനും എ.കെ. പ്രേമജവും രണ്ടുതവണ വീതവും സഭയിലെത്തിയെന്ന പ്രത്യേകത കൂടിയുണ്ട്. കേരളത്തിൽനിന്നുള്ള ആദ്യ വനിത എം.പിയെന്ന് വിശേഷിപ്പിക്കുന്ന ആനി മസ്ക്രീൻ കേരളപ്പിറവിക്ക് മുമ്പുള്ള 1951-52ലെ തെരഞ്ഞെടുപ്പിൽ തിരുവിതാംകൂറിൽനിന്ന് സ്വതന്ത്ര സ്ഥാനാർഥിയായാണ് തിരഞ്ഞെടുക്കപ്പെട്ടത്. 1991ലെയും 2004ലെയും തെരഞ്ഞെടുപ്പിൽ മാത്രമാണ് കേരളത്തിൽനിന്ന് രണ്ടുവീതം വനിതകൾ ലോക്സഭയിലേക്ക് ജയിച്ചുകയറിയത്.