പ്ലോട്ട് ഏരിയയിൽ വ്യത്യാസം വന്നതിനാൽ മാത്രം പെർമിറ്റ് അസാധുവാകില്ല, ചട്ടത്തിൽ ഇളവ് നൽകുമെന്ന് മന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം : കെട്ടിടത്തെ സംബന്ധിച്ച് പാലിക്കേണ്ട നിബന്ധനകൾ എല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ, പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നു എന്ന കാരണത്താൽ പെർമിറ്റ് റദ്ദാക്കുന്ന ചട്ടത്തിൽ ഇളവ് നൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കെട്ടിട നിർമ്മാണ ചട്ടം 19(5) ലാണ് ഇളവ് നൽകുക. കണ്ണൂരിൽ നടന്ന തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാതല അദാലത്തിൽ വിളയാങ്കോട് സ്വദേശി പി.പി. ദാമോദരന്റെ പരാതി പരിഗണിച്ചാണ് പ്രഖ്യാപനം. സംസ്ഥാനത്തെങ്ങും ആയിരക്കണക്കിന് പേർക്ക് ഈ ഇളവ് ഗുണകരമാവും.
കെട്ടിട നിർമ്മാണ പെർമിറ്റിനായി അപേക്ഷിക്കുമ്പോൾ നൽകിയ അപേക്ഷയിൽ സമർപ്പിച്ച ആകെ ഭൂമിയിൽ നിന്നും 21 സെന്റ് സ്ഥലം നിർമ്മാണത്തിനിടെ സാമ്പത്തിക ബാധ്യത വന്നതിനെ തുടർന്ന് ദാമോദരൻ വിൽപ്പന നടത്തിയിരുന്നു. കെട്ടിട നിർമ്മാണം പൂർത്തിയായപ്പോൾ നേരത്തേ നിർമാണ പെർമ്മിറ്റ് അനുവദിച്ച സ്ഥലത്തിന്റെ അളവിൽ വ്യത്യാസമുള്ളതായി കണ്ടെത്തി. ഇക്കാരണം പറഞ്ഞ് കെട്ടിട നമ്പർ നിഷേധിക്കുകയായിരുന്നു. നിലവിലുള്ള ചട്ടപ്രകാരം അംഗീകൃത പ്ലാനിൽ ഉൾപ്പെട്ട പ്ലോട്ടിന്റെ ഭാഗം മറ്റേതെങ്കിലും വ്യക്തിക്ക് കൈമാറുകയോ വിൽക്കുകയോ ചെയ്താൽ അനുവദിച്ച പെർമ്മിറ്റ് അസാധുവാകും. ആകെ സ്ഥലത്തിന്റ അളവിലുള്ള കുറവല്ലാതെ അപേക്ഷകന്റെ നിർമ്മിതിയിൽ മറ്റ് ചട്ടലംഘനങ്ങളൊന്നും ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ കാര്യങ്ങൾ പരിഗണിച്ചാണ് പരാതിക്കാരന് അനുകൂലമായ തീരുമാനം എടുത്തത്. ഈ ഇളവ് എല്ലാവർക്കും ഗുണകരമാവുന്ന പൊതുതീരുമാനമാക്കി മാറ്റുകയും ചെയ്തു. ഇതിന് ആവശ്യമായ ചട്ട ഭേദഗതി നടത്തും.
വിൽപനയ്ക്ക് പുറമെ ദാനം, റോഡിന് വിട്ടുനൽകൽ, ഭൂമി അധികമായി ആർജിക്കൽ തുടങ്ങിയ കാരണങ്ങളാലും പ്ലോട്ടിന്റെ അളവിൽ വ്യത്യാസം വന്നാൽ അനുവദിച്ച പെർമിറ്റ് റദ്ദാകുന്ന സ്ഥിതിയുണ്ട്. കെട്ടിട നിർമാണത്തിന് മറ്റ് വിധത്തിൽ ചട്ടലംഘനങ്ങൾ വരാത്തവർക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതിനാലാണ് പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നതിനു ശേഷവും ചട്ടലംഘനം ഇല്ലാത്ത പക്ഷം പെർമിറ്റ് നിലനിൽക്കുന്ന നിലയിൽ ചട്ടങ്ങളിൽ മാറ്റം കൊണ്ടുവരുന്നത്.