കഠിനമായ ചൂട്; ഹജ്ജ് തീർത്ഥാടനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചവരുടെ എണ്ണം 577ആയി
തിങ്കളാഴ്‌ച മക്കയിലെ ഗ്രാൻഡ് മോസ്‌കിലെ താപനില 51.8 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു.
ജറുസലേം: ഹജ്ജ് തീർത്ഥാടനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം 577 ആയെന്ന് അറബ് നയതന്ത്രജ്ഞർ. അതിശക്തമായ ചൂട് ഈ വർഷത്തെ തീർത്ഥാടനത്തെ കഠിനമാക്കിയെന്നും അവർ എടുത്തുപറഞ്ഞു. സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം, തിങ്കളാഴ്‌ച മക്കയിലെ ഗ്രാൻഡ് മോസ്‌കിലെ താപനില 51.8 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു.മരിച്ചവരിൽ 323പേർ ഈജിപ്‌റ്റുകാരാണ്, തിരക്കിനിടെ പരിക്കേറ്റ് മരിച്ച ഒരാൾ ഒഴികെ മറ്റുള്ളവരെല്ലാം ചൂടേറ്റതുമായി ബന്ധപ്പെട്ടുണ്ടായ അസുഖങ്ങൾ കാരണം മരിച്ചവരാണ്. മക്കയിലെ അൽ - മുഐസെം പരിസരത്തുള്ള ആശുപത്രി മോർച്ചറിയിൽ നിന്നാണ് മരിച്ചവരുടെ കണക്ക് ലഭിച്ചതെന്നും നയതന്ത്രജ്ഞർ പറഞ്ഞു. ഈജിപ്‌റ്റുകാർക്ക് പുറമേ മരണപ്പെട്ടതിൽ 60പേർ ജോർദാൻകാരാണ്. 550പേരുടെ മൃതദേഹങ്ങളും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.കടുത്ത ചൂട് കാരണം അവശനിലയിലായ 2000 തീർത്ഥാടകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സൗദി അധികൃതർ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, മരണവുമായി ബന്ധപ്പെട്ട കണക്കുകൾ ഇവർ വ്യക്തമാക്കിയിരുന്നില്ല. പകൽ സമയത്ത് പുറത്തിറങ്ങുന്നവർ കുടകൾ ഉപയോഗിക്കമമെന്നും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും തീർത്ഥാടകർക്ക് സൗദി നിർദേശം നൽകിയിരുന്നു. എന്നാൽ, പല ഹജ്ജ് ചടങ്ങുകൾക്കും പകൽ സമയങ്ങളിൽ പുറത്തിറങ്ങേണ്ടതുണ്ട്.ആവശ്യത്തിലധികം ആംബുലൻസ് സേവനം സ്ഥലത്ത് ലഭ്യമാണെങ്കിലും ചിലരെ റോഡരികിൽ മൃതദേഹങ്ങൾ കണ്ടതായും തീർത്ഥാടകർ പറഞ്ഞു. ഈ വർഷം ഏകദേശം 1.8 ദശലക്ഷം തീർത്ഥാടകരാണ് ഹജ്ജിൽ പങ്കെടുത്തത്