പ്രകൃതിക്കുമേൽ മനുഷ്യാധിനിവേശത്തിന്റെ അപായസൂചന നൽകി 'മയിൽപ്പീലി' പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് തുടക്കം
തമിഴ്‌നാട് സ്വദേശിയായ ഉമ എന്ന വീട്ടമ്മ നീന്തൽ പഠിച്ച് ചിത്രീകരിച്ച കോറൽ വുമൺ എന്ന ഡോക്യുമെന്ററിയും ശൈലികൊണ്ട് വ്യത്യസ്ഥത പുലർത്തി.
തിരുവനന്തപുരം : പ്രകൃതിക്കുമേൽ മനുഷ്യാധിനിവേശത്തിന്റെ അപായസൂചന നൽകി വനംവകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് തുടക്കം. പശ്ചിമഘട്ടത്തിലെ വംശനാശഭീഷണി നേരിടുന്ന പന്നിമൂക്കൻ തവളകളുടെ കഥപറയന്ന 'മാലി' എന്ന 11 മിനുറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി ചിത്രത്തോടെയാണ് പി ടി പി നഗറിലെ ഫോറസ്റ്റ് കോംപ്ലക്‌സിൽ ആരംഭിച്ച മേളയ്ക്ക് തിരിതെളിഞ്ഞത്.
തമിഴ്‌നാട് സ്വദേശിയായ ഉമ എന്ന വീട്ടമ്മ നീന്തൽ പഠിച്ച് ചിത്രീകരിച്ച കോറൽ വുമൺ എന്ന ഡോക്യുമെന്ററിയും ശൈലികൊണ്ട് വ്യത്യസ്ഥത പുലർത്തി. പെയിന്റിങ്ങുകളിലൂടെ അറിഞ്ഞ പവിഴപ്പുറ്റുകളെ കൂടുതൽ അടുത്തറിയാൻ അവർ സ്‌കൂബാ ഡൈവിങ് പഠിക്കുകയും പവിഴപ്പുറ്റുകളെക്കറിച്ച് ഡോക്യുമെന്ററി ചിത്രീകരിക്കുകയുമായിരുന്നു. രാജ്യാന്തര തലത്തിൽ നിരവധി അവാർഡുകൾ നേടിയ അലജാൻഡ്രോ ലോയ്സ ഗ്രിസി സംവിധാനം ചെയ്ത ബൊളീവിയൻ സിനിമ ഉതാമ പ്രേക്ഷക ശ്രദ്ധനേടി. സുരേഷ് ഇളമൻ സംവിധാനം ചെയ്ത ഓട്ടോ ബയോഗ്രഫി ഓഫ് എ ബട്ടർഫ്‌ളൈ, പ്രഭു മെൻസ് സന സംവിധാനം ചെയ്ത പുനർജീവനം തുടങ്ങിയ ഡ്യോക്യുമെന്ററികളും പ്രദർശിപ്പിച്ചു.