മുംബൈയിൽ കെമിക്കൽ ഫാക്ടറിയിൽ നടന്ന പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 13 ആയി
മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായതിനാൽ തിരിച്ചറിയാൻ കഴിയാതെ ആശങ്കയിലാണ് ബന്ധുക്കൾ.
മുംബൈ :മുംബൈയിൽ കെമിക്കൽ ഫാക്ടറിയിൽ നടന്ന പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. അതേസമയം അത്യാഹിതങ്ങൾ ആവർത്തിക്കാതിരിക്കാൻ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന യൂണിറ്റുകൾ ജനവാസ കേന്ദ്രങ്ങളിൽനിന്ന് മാറ്റുവാൻ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേ പറഞ്ഞു. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായതിനാൽ തിരിച്ചറിയാൻ കഴിയാതെ ആശങ്കയിലാണ് ബന്ധുക്കൾ.അതെസമയം സംഭവത്തിൽ അറുപതോളം പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ചികിത്സ ചിലവുകൾ സർക്കാർ വഹിക്കുമെന്ന് ആശുപത്രി സന്ദർശിച്ച മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. ഡോംബിവ്‌ലി എംഐഡിസി സമുച്ചയത്തിൻ്റെ രണ്ടാം ഘട്ടത്തിലെ കെമിക്കൽ ഫാക്ടറിയിലാണ് അപകടമുണ്ടായത്. കാരണം ഇനിയും വ്യക്തമല്ല. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതെ സമയം ഡോംബിവ്‌ലിയിലെ ജനവാസ മേഖലയിലുള്ള കെമിക്കൽ ഫാക്ടറികൾ ആറു മാസത്തിനകം മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് സംഭവ സ്ഥലം സന്ദർശിച്ച ശ്രീകാന്ത് ഷിൻഡെ എം പി പറഞ്ഞു.