വയനാട് രക്ഷാ പ്രവർത്തനത്തെ നയിച്ച കമാൻഡർമാർ അവരുടെ പൂർവ്വ വിദ്യാലയം സന്ദർശിച്ചു
കമാൻഡർമാർ അവരുടെ പൂർവ്വ വിദ്യാലയം സന്ദർശിച്ചു
കഴക്കൂട്ടം :വയനാട് രക്ഷാ പ്രവർത്തനത്തെ നയിച്ച മൂന്ന് സൈനിക കമാൻഡർമാർ അവരുടെ പൂർവ്വ വിദ്യാലയമായ കഴക്കൂട്ടം സൈനിക സ്കൂളിൽ ഇന്ന് (ഓഗസ്റ്റ് 20) സന്ദർശനം നടത്തി.
ഇവർ മൂവരും മലയാളികളും ഇപ്പോൾ സായുധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർമാരുമാണ്.
ജൂലായ് 30-ന് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെത്തുടർന്ന് വയനാട്ടിലെ രക്ഷാദൗത്യത്തിലെ നിർണായക പങ്ക് വഹിച്ച ഉദ്യോഗസ്ഥരായ എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ, മേജർ ജനറൽ വി ടി മാത്യു, ബ്രിഗേഡിയർ സലിൽ എം.പി എന്നിവർ ഒരുകാലത്ത് കഴക്കൂട്ടം സൈനിക് സ്‌കൂളിലെ കേഡറ്റുകളായിരുന്നു. ഇവരുടെ സന്ദർശനം സൈനിക സ്കൂളിന് അഭിമാന മുഹൂർത്തമായിരുന്നു.
കോട്ടയം സ്വദേശിയായ എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ, 1983-ൽ കഴക്കൂട്ടം സൈനിക സ്‌കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. നിലവിൽ ദക്ഷിണ വ്യോമസേനാ മേധാവിയായി സേവനമനുഷ്ഠിക്കുന്നു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, വയനാട് ദുരന്തത്തിനിരയായവരെ ധ്രുവ് ഹെലികോപ്റ്ററുകളും ഗരുഡ് കമാൻഡോകളെയും ഉപയോഗിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുകയുണ്ടായി.
കേരള-കർണാടക സബ് ഏരിയയുടെ ജനറൽ ഓഫീസർ കമാൻഡിംഗ് (GOC) ആയ മേജർ ജനറൽ വിനോദ് ടി മാത്യു, 1985-ബാച്ചിലെ സൈനിക സ്കൂൾ വിദ്യാർത്ഥിയായിരുന്നു.
ദുരന്തബാധിത മേഖലയിൽ യുദ്ധകാലാടിസ്ഥാനത്തിൽ ബെയ്‌ലി പാലം നിർമിക്കുന്നതിനും വേഗത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിലും സൈന്യത്തെ നയിച്ചുകൊണ്ട് രക്ഷാദൗത്യത്തിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
1985-92 ബാച്ചിലെ വിദ്യാർത്ഥിയും നെയ്യാറ്റിൻകര സ്വദേശിയുമായ ബ്രിഗേഡിയർ സലിൽ എം.പി തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡറാണ്. ദുരന്തബാധിത പ്രദേശത്ത് ഇരുന്നൂറോളം സൈനികരെ അടിയന്തരമായി വിന്യസിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. പ്രതികൂല സാഹചര്യങ്ങളിലും ദ്രുത നടപടി ഉറപ്പാക്കി.
സന്ദർശന വേളയിൽ ഉദ്യോഗസ്ഥർ കേഡറ്റുകളെ അഭിസംബോധന ചെയ്തു. രക്ഷാപ്രവർത്തനങ്ങളിലെ അനുഭവങ്ങൾ പങ്കിടുകയും സമൂഹത്തിന് തിരികെ നൽകേണ്ട സേവനത്തിൻ്റെ പ്രാധാന്യവും അവർ ഊന്നിപ്പറയുകയും ചെയ്തു. കഴക്കൂട്ടം
സൈനിക് സ്‌കൂളിൽ നിന്ന് ലഭിച്ച മൂല്യങ്ങളും പരിശീലനവും അവരെ സൈനിക ഓഫീസർമാരായി മാത്രമല്ല ഉത്തരവാദിത്വമുള്ള പൗരന്മാരായും രൂപപ്പെടുത്തിയതെങ്ങനെയെന്ന് വിവരിക്കുകയുണ്ടായി.
ആദരസൂചകമായി സ്‌കൂൾ വൈസ് പ്രിൻസിപ്പൽ വിംഗ് കമാൻഡർ എം രാജ്കുമാർ ഉദ്യോഗസ്ഥർക്ക് മെമൻ്റോകൾ സമ്മാനിച്ചു. ഈ അവിസ്മരണീയമായ ചടങ്ങിൽ കഴക്കൂട്ടം
സൈനിക സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കമാൻഡർ പി.എം സരിനും സന്നിഹിതനായിരുന്നു.