ടെക്നോപാർക്ക് 35ലേക്ക്: പുതിയ കെട്ടിടങ്ങൾ പൂർത്തിയാകുന്നു, 10,000 തൊഴിലവസരങ്ങൾ!

Jul 18, 2025
ടെക്നോപാർക്ക് 35ലേക്ക്: പുതിയ കെട്ടിടങ്ങൾ പൂർത്തിയാകുന്നു, 10,000 തൊഴിലവസരങ്ങൾ!
technopark@35

ടെക്നോപാർക്കിന്റെ 35 വർഷം ആഘോഷിക്കുന്ന വേളയിൽ നിരവധി പുതിയ പദ്ധതികളാണ് പൂർത്തിയാകുന്നത്. ആറ് കെട്ടിടങ്ങൾ കൂടി യാഥാർത്ഥ്യമാകുമ്പോൾ പുതിയ പതിനായിരം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ജൂലൈയിൽ കൊമേഷ്യൽ കം ഐടി കെട്ടിടം (50,000 സ്‌ക്വയർ ഫീറ്റ്), ആഗസ്റ്റിൽ ബ്രിഗേഡ് സ്‌ക്വയർ (1.85 ലക്ഷം സ്‌ക്വയർ ഫീറ്റ്), ഭവാനി റൂഫ് ടോപ്പ് (8000 സ്‌ക്വയർ ഫീറ്റ്), നിള റൂഫ് ടോപ്പ് (22,000 സ്‌ക്വയർ ഫീറ്റ്), ഡിസംബറിൽ പ്രീഫാബ് കെട്ടിടം (50,000 സ്‌ക്വയർ ഫീറ്റ്), 2026 ജനുവരിയിൽ ടിസിഎസ് ഐടി/ഐടിഇഎസ് ക്യാമ്പസ് (5 ലക്ഷം സ്‌ക്വയർ ഫീറ്റ്) എന്നിവയാണ് പൂർത്തിയാകുന്നത്. 

എംബസി ടോറസുമായി സഹകരിച്ചുള്ള ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രം, ബ്രിഗേഡ് എന്റർപ്രൈസസുമായി ചേർന്ന് ബ്രിഗേഡ് വേൾഡ് ട്രേഡ് സെന്റർ, ടെക്നോപാർക്കിന്റെ സ്വന്തം ടൗൺഷിപ്പ് പദ്ധതിയായ ക്വാഡ് തുടങ്ങിയ വൻകിട ടൗൺഷിപ്പുകളിലൂടെ ടെക്നോപാർക്കിനെ അടുത്ത തലമുറ ടെക് ഹബ്ബാക്കി നവീകരിക്കും. ഐടി/ഐടിഇഎസ് ഇടങ്ങൾ, റെസിഡൻഷ്യൽ ഏരിയകൾ, വാണിജ്യ സ്ഥാപനങ്ങൾ, വിനോദ സൗകര്യങ്ങൾ എന്നിവ സംയോജിപ്പിച്ച് വാക്ക് ടു വർക്ക് മോഡലാണ്  ഈ പദ്ധതികളിലൂടെ വിഭാവനം ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലുള്ള ലിവ്-വർക്ക്-പ്ലേ സമീപനമാണ് ഇതിലൂടെ ആവിഷ്‌കരിക്കുന്നത്. യാത്രാദൂരം കുറയ്ക്കുക, ഒരേ പരിസരത്ത് താമസം, ജോലി, ഒഴിവുസമയ ആവശ്യങ്ങൾ എന്നിവ ലഭ്യമാക്കുന്നതിലൂടെ വർക്ക് ലൈഫ് ബാലൻസ് എന്ന സമൂഹബോധം വളർത്തുകയാണ് ലക്ഷ്യം. ടെക്നോപാർക്ക്  ഫേസ് 1 ലും 3 ലും, 4 ലും (ടെക്നോസിറ്റി) ആണ് ഈ മെഗാ പദ്ധതികൾ വരുന്നത്.

1990 ജൂലൈ 28ന് തിരുവനന്തപുരം കാര്യവട്ടത്തെ വൈദ്യൻ കുന്നിലാണ് ടെക്നോപാർക്കിന് ശിലയിടുന്നത്. 35 വർഷം പൂർത്തിയാകുമ്പോൾ സംസ്ഥാന ഐടി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജൂലൈ 28ന് ആരംഭിക്കുന്ന പരിപാടികൾ 'ടെക് എ ബ്രേക്ക്' മെഗാ സാംസ്‌കാരിക പരിപാടിയോടെ അടുത്ത വർഷം ജൂലൈയിൽ അവസാനിക്കും.

ടെക്നോപാർക്കിൽ 5 ഫെയ്സുകളിലായി 500 കമ്പനികൾ ഇപ്പോൾ പ്രവർത്തിക്കുന്നു. 760 ഏക്കർ വിസ്തൃതിയുള്ള അഞ്ച് വികസന ഫേസുകളിൽ ഏകദേശം 80,000 ഐടി പ്രൊഫഷണലുകൾ തൊഴിലെടുക്കുന്നു. ടെക്നോപാർക്കിലെ ജീവനക്കാരിൽ 45 ശതമാനം സ്ത്രീകളാണ്. ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണിത്. സാമൂഹ്യ പ്രതിബദ്ധതയ്ക്ക് മുൻതൂക്കം നൽകി ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കും തുല്യ അവസരങ്ങൾ കമ്പനികളിൽ ഉറപ്പാക്കുന്നു. കഴിഞ്ഞ നാല് വർഷമായി CRISIL A+/സ്റ്റേബിൾ റേറ്റിംഗ് നിലനിർത്തിക്കൊണ്ട് ടെക്നോപാർക്ക് സാമ്പത്തികമായും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.

ഇൻഫോസിസ്, യുഎസ്ടി, ടിസിഎസ്, അലയൻസ്, ഗൈഡ്ഹൗസ്, ഐബിഎസ്, നിസ്സാൻ ഡിജിറ്റൽ, ഒറാക്കിൾ, എച്ച്സിഎൽ ടെക്, ആക്‌സഞ്ചർ, ക്വസ്റ്റ് ഗ്ലോബൽ, എച്ച് ആൻഡ് ആർ ബ്ലോക്ക്, ടാറ്റ എൽക്‌സി, ക്യുബർസ്റ്റ്, സ്‌പെരിഡിയൻ, ആർആർ ഡൊണെല്ലി, അർമാഡ, ടൂൺസ് ആനിമേഷൻ തുടങ്ങി ബഹുരാഷ്ട്ര കമ്പനികൾ മുതൽ സ്റ്റാർട്ടപ്പുകൾ വരെ നിലവിലുള്ള 500 കമ്പനികളിൽ ഉൾപ്പെടുന്നു.

കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം), ഐസിടി അക്കാദമി ഓഫ് കേരള (ഐസിടിഎകെ), ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള (ഡിയുകെ), കേരള സ്‌പേസ് പാർക്ക്, ഡിജിറ്റൽ സയൻസ് പാർക്ക്, സ്റ്റേറ്റ് ഡാറ്റ സെന്റർ, ഫാബ് ലാബ്‌സ്, എമർജിംഗ് ടെക്‌നോളജി ഹബ്ബ്, കേരള ഡിഫൻസ് ഇന്നൊവേഷൻ സോൺ തുടങ്ങിയ സർക്കാർ നേതൃത്വത്തിലുള്ള  ഇന്നൊവേഷൻ - സ്‌കിൽ  ഡെവലപ്മെന്റ് സ്ഥാപനങ്ങളുടെയും കേന്ദ്രമാണിത്.

ഇ & വൈ, അലയൻസ്, നിസ്സാൻ ഡിജിറ്റൽ, ഇൻസൈറ്റ്, എച്ച് & ആർ ബ്ലോക്ക്, ഇക്വിഫാക്സ്, ഗൈഡ്ഹൗസ്, ഐക്കൺ, സഫ്രാൻ, ആർഎം എഡ്യൂക്കേഷൻ, ആക്സെഞ്ചർ, എച്ച്സിഎൽ ടെക് തുടങ്ങിയ ഗ്ലോബൽ കപ്പാസിറ്റി സെന്ററുകളുടെ പ്രിഫേഡ് ഡെസ്റ്റിനേഷനാണ് ടെക്നോപാർക്ക്. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.