തമിഴ് സംവിധായകൻ സുരേഷ് സംഗയ്യ അന്തരിച്ചു
സംവിധായകൻ സുരേഷ് സംഗയ്യ അന്തരിച്ചു, അന്ത്യം പുതിയ ചിത്രത്തിന്റെ ജോലികൾക്കിടെ

ചെന്നൈ : തമിഴ് യുവ സംവിധായകൻ സുരേഷ് സംഗയ്യ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്നാണ് അന്ത്യം. 2017-ൽ പുറത്തിറങ്ങിയ ഒരു കിടായിൻ കരുണൈ മനു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുരേഷ്. ഈ ചിത്രത്തിൽ പ്രവർത്തിച്ച ഛായാഗ്രാഹകൻ ശരൺ ആണ് സുരേഷിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്.ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽവെച്ചായിരുന്നു സുരേഷ് സംഗയ്യയുടെ അന്ത്യം. ഭാര്യയും രണ്ട് മക്കളുമുണ്ട്. യോഗി ബാബുവിനെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്നതിനിടയിലാണ് വെള്ളിയാഴ്ച മരണം സംഭവിച്ചത്. ഹോട്ട്സ്റ്റാറിനുവേണ്ടി നേരിട്ട് ഒ.ടി.ടി റിലീസായി ചിത്രമെത്തിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ സംവിധായകൻ എം.മണികണ്ഠന്റെ സംവിധാന സഹായിയായാണ് സുരേഷ് സംഗയ്യ സിനിമയിലെത്തിയത്. വിദാർത്ഥിനെ നായകനാക്കി ഒരുക്കിയ ഒരു കിടായിൻ കരുണൈ മനു എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനുമായി. ചിത്രം ആ വർഷത്തെ തമിഴ് ഹിറ്റുകളിലൊന്നുമായി. സത്യ സോദനൈ എന്നൊരു ചിത്രം കൂടി സംവിധാനം ചെയ്തിട്ടുണ്ട്.നിരവധി പേരാണ് സുരേഷിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തിക്കൊണ്ടിരിക്കുന്നത്.