ഖേലോ ഇന്ത്യയിലൂടെ ദേശീയ തലത്തിൽ വനിതാ അത്‌ലറ്റുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു: കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ
സായി എൽഎൻസിപിഇയിൽ പുതുതായി നിർമ്മിച്ച 300 കിടക്കകളുള്ള പെൺകുട്ടികളുടെ ഹോസ്റ്റൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു
 
                                    ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന വനിതാ അത്‌ലറ്റുകളുടെ എണ്ണം ഖേലോ ഇന്ത്യയിലൂടെ ഗണ്യമായി വർധിച്ചതായി കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു. തിരുവനന്തപുരം സായി ആർസി എൽഎൻസിപിഇയിൽ പുതുതായി നിർമിച്ച 300 കിടക്കകളുള്ള പെൺകുട്ടികളുടെ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവ വനിതാ കായികതാരങ്ങളുടെ ഭാവിയിലേക്കുള്ള സുപ്രധാന നിക്ഷേപമാണിതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
2036 ൽ ഒളിമ്പിക്സിൽ ഇന്ത്യ ആതിഥേയത്വം വഹിക്കണമെന്നുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ആവർത്തിച്ച കേന്ദ്ര മന്ത്രി ഇന്ത്യ മെഡൽ പട്ടികയിൽ
ആദ്യ പത്തിൽ ഇടം നേടണമെന്നും പറഞ്ഞു.ഗവണ്മെന്റിന്റെ ഇച്ഛാശക്തിക്കൊപ്പം കായിക താരങ്ങളും അണിനിരക്കണം.രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്നതിനുള്ള അവസരമാണ് ഒരുക്കി നൽകുന്നതെന്നും, അത് മികച്ച രീതിയിൽ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.കായികതാരങ്ങൾ സ്പോർട്സിനെ ഗവണ്മെന്റ് ജോലിയിലേക്കുള്ള വഴിയായി മാത്രം കാണരുതെന്നും രാജ്യത്തിന് വേണ്ടി കളിച്ച്,മെഡൽ നേടി രാജ്യത്തിന്റെ അഭിമാനം ഉയർത്തണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു .ഒരു വ്യക്തിയുടെ മെഡൽ നേട്ടം രാജ്യത്തിനാകെ ബഹുമതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മോദിയുടെ പഞ്ചപ്രാൺ പ്രഖ്യാപനത്തെ കുറിച്ചും കേന്ദ്ര മന്ത്രി പരാമർശിച്ചു.
ഖേലോ ഇന്ത്യ അടിസ്ഥാന സൗകര്യ നിർമാണവും വികസനവും പദ്ധതിയുടെ കീഴിലാണ് ഹോസ്റ്റൽ നിർമ്മിച്ചിരിക്കുന്നത്. 2014 മുതൽ, ഖേലോ ഇന്ത്യ സ്കീമിന് കീഴിൽ 202 അടിസ്ഥാന സൗകര്യ പദ്ധതികൾ വിജയകരമായി പൂർത്തീകരിച്ചു.കൂടാതെ 121 പദ്ധതികളുടെ പ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            