“ചെറുകിടകർഷകരാണ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയുടെ ഏറ്റവും വലിയ ശക്തി”
“Small farmers are the biggest strength of India's food security”
കാർഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാംഅന്താരാഷ്ട്ര സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു
65 വർഷത്തിനുശേഷം ഇന്ത്യയിൽ നടന്ന സമ്മേളനത്തിൽ 120 ദശലക്ഷം കർഷകർ, 30 ദശലക്ഷത്തിലധികം വനിതാകർഷകർ, 30 ദശലക്ഷം മത്സ്യത്തൊഴിലാളികൾ, 80 ദശലക്ഷം കന്നുകാലിപരിപാലകർ എന്നിവരുടെ പേരിൽ പ്രധാനമന്ത്രി പ്രതിനിധികളെ സ്വാഗതംചെയ്തു
“ഇന്ത്യയുടെ കാർഷികപാരമ്പര്യത്തിൽ, ശാസ്ത്രത്തിനും യുക്തിക്കും മുൻഗണന നൽകിയിട്ടുണ്ട്”
“പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള കാർഷികവിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും കരുത്തുറ്റ സംവിധാനം ഇന്ത്യയിലുണ്ട്”
“ഇന്ത്യയിന്ന് ഭക്ഷ്യമിച്ചരാജ്യമാണ്”
“ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ആഗോള ആശങ്കയായിരുന്ന കാലമുണ്ടായിരുന്നു; ഇന്ന് ഇന്ത്യ ആഗോള ഭക്ഷ്യ-പോഷകാഹാര സുരക്ഷയ്ക്കുള്ള പ്രതിവിധികളേകുന്നു”
“‘വിശ്വബന്ധു’ എന്ന നിലയിൽ ആഗോളക്ഷേമത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്”
“‘ഒരേ ഭൂമി, ഒരേ കുടുംബം, ഒരേഭാവി’ എന്ന സമഗ്രസമീപനത്തിലൂടെയേ സുസ്ഥിര കാർഷിക-ഭക്ഷ്യ സമ്പ്രദായങ്ങൾക്കു മുന്നിലുള്ള വെല്ലുവിളികൾ നേരിടാനാകൂ”
“ചെറുകിടകർഷകരാണ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയുടെ ഏറ്റവും വലിയ ശക്തി”
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ദേശീയ കാർഷിക ശാസ്ത്ര കേന്ദ്ര (NASC) സമുച്ചയത്തിൽ കാർഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാം അന്താരാഷ്ട്ര സമ്മേളനം (ICAE) ഉദ്ഘാടനം ചെയ്തു. ‘സുസ്ഥിര കാർഷിക-ഭക്ഷ്യ സംവിധാനങ്ങളിലേക്കുള്ള പരിവർത്തനം’ എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. കാലാവസ്ഥാവ്യതിയാനം, പ്രകൃതിവിഭവശോഷണം, വർധിക്കുന്ന ഉൽപ്പാദനച്ചെലവ്, സംഘർഷങ്ങൾ തുടങ്ങിയ ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ സുസ്ഥിരമായ കൃഷിയുടെ അടിയന്തിര ആവശ്യകതയെ നേരിടാൻ ഇതു ലക്ഷ്യമിടുന്നു. 75 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
65 വർഷത്തിനുശേഷം ഇന്ത്യയിൽ കാർഷിക സാമ്പത്തിക വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനം (ഐസിഎഇ) നടക്കുന്നതിൽ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. ഇന്ത്യയിൽ നിന്നുള്ള 120 ദശലക്ഷം കർഷകർ, 30 ദശലക്ഷത്തിലധികം വനിതാ കർഷകർ, 30 ദശലക്ഷം മത്സ്യത്തൊഴിലാളികൾ, 80 ദശലക്ഷം കന്നുകാലി പരിപാലകർ എന്നിവരുടെ പേരിൽ എല്ലാ വിശിഷ്ടാതിഥികളെയും അദ്ദേഹം സ്വാഗതം ചെയ്തു. “500 ദശലക്ഷത്തിലധികം കന്നുകാലികളുടെ ആവാസകേന്ദ്രത്തിലാണു നിങ്ങൾ. കർഷകരെയും ജീവജാലങ്ങളെയും സ്നേഹിക്കുന്ന ഇന്ത്യ എന്ന രാജ്യത്തിലേക്കു ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു”- ശ്രീ മോദി പറഞ്ഞു.
കൃഷിയെയും ഭക്ഷണത്തെയുംകുറിച്ചുള്ള പുരാതന ഇന്ത്യൻ വിശ്വാസങ്ങളുടെയും അനുഭവങ്ങളുടെയും അനശ്വരതയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. ഇന്ത്യയുടെ കാർഷികപാരമ്പര്യത്തിൽ ശാസ്ത്രത്തിനും യുക്തിക്കും നൽകുന്ന മുൻഗണന അദ്ദേഹം ഉയർത്തിക്കാട്ടി. ഭക്ഷണത്തിന്റെ ഔഷധഗുണങ്ങൾക്കു പിന്നിൽ സമഗ്രമായ ശാസ്ത്രസാന്നിധ്യമുണ്ടെന്നും അദ്ദേഹം പരാമർശിച്ചു.
ആയിരക്കണക്കിനുവർഷം പഴക്കമുള്ള ഈ കാഴ്ചപ്പാടിന്റെ അടിത്തറയിലാണു കൃഷി വളർന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു, ഈ സമ്പന്നമായ പൈതൃകത്തെ അടിസ്ഥാനമാക്കി, കൃഷിയെക്കുറിച്ചുള്ള ഏകദേശം 2000 വർഷം പഴക്കമുള്ള ‘കൃഷി പരാശർ’ എന്ന ഗ്രന്ഥത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കാർഷികഗവേഷണത്തിനും വിദ്യാഭ്യാസത്തിനും ഇന്ത്യയിൽ കരുത്തുറ്റ സംവിധാനമുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ICAR-ൽ തന്നെ നൂറിലധികം ഗവേഷണസ്ഥാപനങ്ങൾ ഉണ്ട്”- അദ്ദേഹം പറഞ്ഞു. കാർഷികവിദ്യാഭ്യാസത്തിനായി അഞ്ഞൂറിലധികം കോളേജുകളും എഴുനൂറിലധികം കൃഷിവിജ്ഞാന കേന്ദ്രങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ കാർഷികാസൂത്രണത്തിലെ ആറു കാലയളവിന്റെയും പ്രസക്തി എടുത്തുകാട്ടിയ പ്രധാനമന്ത്രി, 15 കാർഷിക-കാലാവസ്ഥാമേഖലകളുടെ സവിശേഷ ഗുണങ്ങളെക്കുറിച്ചു പരാമർശിച്ചു. രാജ്യത്തു നൂറുകിലോമീറ്റർ സഞ്ചരിച്ചാൽ കാർഷികോൽപ്പന്നങ്ങൾക്കു മാറ്റമുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “കരയിലോ ഹിമാലയത്തിലോ മരുഭൂമിയിലോ ജലദൗർലഭ്യമുള്ള പ്രദേശങ്ങളിലോ തീരപ്രദേശങ്ങളിലോ എവിടെയുമാകട്ടെ, കൃഷിയിലെ ഈ വൈവിധ്യം ആഗോള ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ നിർണായകമാണ്. അത് ഇന്ത്യയെ ലോകത്തിന്റെ പ്രതീക്ഷയുടെ കിരണമാക്കി മാറ്റുന്നു” - പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
65 വര്‍ഷം മുമ്പ് ഇന്ത്യയില്‍ അവസാനമായി നടന്ന കൃഷി സാമ്പത്തികവിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനം അനുസ്മരിച്ച പ്രധാനമന്ത്രി അന്ന് ഇന്ത്യ ഒരു നവസ്വതന്ത്ര രാജ്യമായതിനാല്‍ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്കും കാര്‍ഷിക മേഖലയ്ക്കും വെല്ലുവിളി നിറഞ്ഞിരുന്ന ഒരു സമയമായിരുന്നുവെന്നും പരാമര്‍ശിച്ചു. ഇന്ന്, ഇന്ത്യ ഒരു മിച്ചഭക്ഷ്യ രാജ്യമാണെന്നും പാല്‍, പയര്‍വര്‍ഗ്ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ ഏറ്റവും വലിയ ഉല്‍പ്പാദക രാജ്യവും ഭക്ഷ്യധാന്യം, പഴങ്ങള്‍, പച്ചക്കറികള്‍, പരുത്തി, പഞ്ചസാര, തേയില, വളര്‍ത്തു മത്സ്യം എന്നിവയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉല്‍പ്പാദക രാജ്യവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ലോകത്തിന് ആശങ്കയുണ്ടാക്കിയിരുന്ന കാലത്തെ അനുസ്മരിച്ച അദ്ദേഹം, ഇന്ന് അതേസമയം ആഗോള ഭക്ഷ്യ-പോഷകാഹാര സുരക്ഷയ്ക്ക് ഇന്ത്യ പരിഹാരം നല്‍കുന്നുവെന്നും ചൂണ്ടിക്കാട്ടി. അതിനാല്‍, ഭക്ഷ്യ സമ്പ്രദായ പരിവര്‍ത്തനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യയുടെ അനുഭവപരിചയം വിലപ്പെട്ടതാണെന്നും അത് ഗ്ലോബല്‍സൗത്തിന് ഗുണം ചെയ്യുമെന്ന് ഉറപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
'വിശ്വ ബന്ധു' എന്ന നിലയില്‍ ആഗോള ക്ഷേമത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു. ആഗോള ക്ഷേമത്തിനായുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് അനുസ്മരിച്ച അദ്ദേഹം വിവിധ വേദികളില്‍ ഇന്ത്യ മുന്നോട്ട് വച്ച 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി', 'മിഷന്‍ ലൈഫ്', 'ഒരു ഭൂമി ഒരു ആരോഗ്യം' എന്നിവയുള്‍പ്പെടെ വിവിധ മന്ത്രങ്ങളെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. മനുഷ്യരുടെയും സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആരോഗ്യത്തെ തടവിലാക്കി കാണാത്ത ഇന്ത്യയുടെ സമീപനത്തിന് ശ്രീ മോദി അടിവരയിട്ടു. ''സുസ്ഥിര കാര്‍ഷിക ഭക്ഷ്യസംവിധാനങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന സമഗ്രമായ സമീപനത്തിന് കീഴില്‍ മാത്രമേ നേരിടാന്‍ കഴിയൂ'', അദ്ദേഹം പറഞ്ഞു.
''ഇന്ത്യന്‍ സാമ്പത്തിക നയങ്ങളുടെ കേന്ദ്രബിന്ദു കൃഷിയാണ്'', ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയുടെ ഏറ്റവും വലിയ ശക്തിയാണ് ചെറിയ ഭൂമിയുള്ള ഇന്ത്യയിലെ 90 ശതമാനം ചെറുകിട കര്‍ഷകരുമെന്ന് പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി അടിവരയിട്ടു. ഏഷ്യയിലെ പല വികസ്വര രാജ്യങ്ങളിലും സമാനമായ സാഹചര്യം വ്യാപകമായതുകൊണ്ട് ഇന്ത്യയുടെ മാതൃക ബാധകമാക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകൃതിദത്ത കൃഷിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, രാസരഹിത പ്രകൃതിദത്ത കൃഷി വന്‍തോതില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ നല്ല ഫലങ്ങള്‍ രാജ്യത്ത് കാണാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിരവും കാലാവസ്ഥാ-പ്രതിരോധശേഷിയുള്ളതു കൃഷിയെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതിനുള്ള സംരംഭങ്ങളെ പരാമര്‍ശിച്ചു സോയില്‍ ഹെല്‍ത്ത് കാര്‍ഡിനേക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, സൗരോര്‍ജ്ജ കൃഷി കര്‍ഷകരെ ഊര്‍ജ ദാതാക്കളാക്കി മാറ്റുന്നതിനെക്കുറിച്ചും ഡിജിറ്റല്‍ കാര്‍ഷിക വിപണി, അതായത് ഇ-നാം, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, പിഎം ഫസല്‍ ബീമാ യോജന എന്നിവയെക്കുറിച്ചും പറഞ്ഞു. പരമ്പരാഗത കര്‍ഷകര്‍ മുതല്‍ അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ വരെ, പ്രകൃതിദത്ത കൃഷി മുതല്‍ ഫാം സ്റ്റേ, ഫാം ടു ടേബിള്‍ വരെ കൃഷിയുടെയും അനുബന്ധ മേഖലകളുടെയും ഔപചാരികവല്‍ക്കരണത്തെക്കുറിച്ചും ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലേക്ക് വെളിച്ചം വീശിക്കൊണ്ട്, 10 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒറ്റ ക്ലിക്കിലൂടെ പണം കൈമാറുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയെക്കുറിച്ചും യഥാര്‍ത്ഥമായ ഡിജിറ്റല്‍ വിള സര്‍വേയ്ക്കായി ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. കര്‍ഷകര്‍ക്ക് യഥാര്‍ത്ഥ സാഹചര്യങ്ങളേക്കുറിച്ചു വിവരം നല്‍കുകയും ഡാറ്റാധിഷ്ഠിത തീരുമാനങ്ങള്‍ എടുക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. കോടിക്കണക്കിന് കര്‍ഷകര്‍ക്ക് ഈ സംരംഭത്തിന്റെ പ്രയോജനം ലഭിക്കുമെന്നും അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കര്‍ഷകര്‍ക്ക് അവരുടെ ഭൂമിക്ക് ഡിജിറ്റല്‍ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്ന ഭൂമിയുടെ ഡിജിറ്റല്‍വല്‍ക്കരണം ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം ലഭിച്ച 'ഡ്രോണ്‍ ദിദികള്‍' മുഖേന കൃഷിയില്‍ ഡ്രോണുകളുടെ പ്രോത്സാഹനം എന്നിവയ്ക്കായുള്ള ഒരു വലിയ പ്രചാരണത്തെയും അദ്ദേഹം സ്പര്‍ശിച്ചു. ഈ നടപടികള്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് മാത്രമല്ല, ആഗോള ഭക്ഷ്യസുരക്ഷയെ ശക്തിപ്പെടുത്തും.
ധാരാളം യുവാക്കളുടെ സാന്നിധ്യം ശ്രദ്ധിച്ച പ്രധാനമന്ത്രി, സുസ്ഥിര കാര്‍ഷിക-ഭക്ഷ്യ സംവിധാനങ്ങളുമായി ലോകത്തെ ബന്ധിപ്പിക്കുന്നതിനുള്ള വഴികള്‍ക്ക് അടുത്ത അഞ്ച് ദിവസങ്ങള്‍ സാക്ഷ്യം വഹിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'നാം പരസ്പരം പഠിക്കുകയും പരസ്പരം പഠിപ്പിക്കുകയും ചെയ്യും', പ്രസംഗം ഉപസംഹരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പശ്ചാത്തലം 'സുസ്ഥിര കാര്‍ഷിക ഭക്ഷ്യ സംവിധാനങ്ങളിലേക്കുള്ള പരിവര്‍ത്തനം' എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ വിഷയം. കാലാവസ്ഥാ വ്യതിയാനം, പ്രകൃതിവിഭവങ്ങളുടെ തകര്‍ച്ച, വര്‍ദ്ധിച്ചുവരുന്ന ഉല്‍പ്പാദനച്ചെലവ്, സംഘര്‍ഷങ്ങള്‍ തുടങ്ങിയ ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ സുസ്ഥിരമായ കൃഷിയുടെ അനിവാര്യമായ ആവശ്യകതയെ നേരിടാന്‍ ഇത് ലക്ഷ്യമിടുന്നു. ആഗോള കാര്‍ഷിക വെല്ലുവിളികളോടുള്ള ഇന്ത്യയുടെ സജീവ സമീപനത്തെ സമ്മേളനം ഉയര്‍ത്തിക്കാട്ടുകയും രാജ്യത്തിന്റെ കാര്‍ഷിക ഗവേഷണവും നയപരമായ മുന്നേറ്റങ്ങളും പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
ജലക്ഷാമം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കൊപ്പം പോഷകാഹാര വെല്ലുവിളിയുടെ ഗൗരവവും പ്രധാനമന്ത്രി അംഗീകരിച്ചു. മിനിമം വെള്ളവും പരമാവധി ഉല്‍പ്പാദനവും എന്ന സൂപ്പര്‍ഫുഡിന്റെ ഗുണമേന്മയുള്ള പരിഹാരമായി അദ്ദേഹം ചെറുധാന്യങ്ങള്‍, ശ്രീ അന്നയെ അവതരിപ്പിച്ചു. ഇന്ത്യയുടെ ചെറുധാന്യ കൊട്ട ലോകവുമായി പങ്കിടാനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രകടിപ്പിച്ച പ്രധാനമന്ത്രി മോദി കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി ആചരി്ച്ചതിനെ പരാമര്‍ശിക്കുകയും ചെയ്തു.
കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍, നിതി ആയോഗ് അംഗം പ്രൊഫ രമേഷ് ചന്ദ്, കോണ്‍ഫറന്‍സ് പ്രസിഡന്റ് പ്രൊഫ മതിന്‍ ഖായിം, ഡെയര്‍ സെക്രട്ടറിയും ഐസിഎആര്‍ ഡിജിയുമായ ഡോ. ഹിമാന്‍ഷു പഥക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ഇക്കണോമിസ്റ്റ് സംഘടിപ്പിക്കുന്ന ത്രിവത്സര സമ്മേളനം 2024 ഓഗസ്റ്റ് 02 മുതല്‍ 07 വരെ നടക്കുകയാണ്. 65 വര്‍ഷത്തിന് ശേഷമാണ് ഇത് ഇന്ത്യയില്‍ നടക്കുന്നത്.