മുല്ലപ്പെരിയാറിൽ ജലനിരപ്പിൽ നേരിയ വർധനവ്
മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശത്ത് കഴിഞ്ഞദിവസം പെയ്ത കനത്ത മഴയിൽ അരയടിയോളം ജലനിരപ്പ് വർധിച്ചു
 
                                    കുമളി : മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശത്ത് കഴിഞ്ഞദിവസം പെയ്ത കനത്ത മഴയിൽ അരയടിയോളം ജലനിരപ്പ് വർധിച്ചു. ബുധനാഴ്‌ച രാവിലെ ആറിന് 129.05 അടിയെത്തി. തലേദിവസം ജലനിരപ്പ് 128.60 അടിയായിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നെങ്കിലും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു.
രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 1229 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 105 ഘനയടി വീതം വെള്ളം കൊണ്ടു പോയി. അണക്കെട്ട് പ്രദേശത്ത് 58 മില്ലീമീറ്ററും തേക്കടിയിൽ 6.8 മില്ലിമീറ്ററും കുമളിയിൽ നാല് മില്ലിമീറ്ററും മഴ പെയ്തു. മുല്ലപ്പെരിയാർ ജലം ശേഖരിക്കുന്ന തേനി ജില്ലയിലെ 71 അടി സംഭരണശേഷിയുള്ള വൈഗ അണക്കെട്ടിൽ നിലവിൽ 64.63 അടി വെള്ളം ഉണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            