സ്‌കൈ ഡൈനിംഗ് ഇനി കേരളത്തിലും; ആകാശത്തിരുന്ന് കടൽക്കാഴ്‌ച കണ്ട് ഭക്ഷണം കഴിക്കാം

ഒരു സീറ്റിന് 500 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ഇളവുകളും വാഗ്ദാനം ചെയ്യുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി മഴക്കാലത്ത് ഈ സംവിധാനം ഉണ്ടാകില്ല.

Apr 5, 2025
സ്‌കൈ ഡൈനിംഗ് ഇനി കേരളത്തിലും; ആകാശത്തിരുന്ന് കടൽക്കാഴ്‌ച കണ്ട് ഭക്ഷണം കഴിക്കാം
sky-dining

കാസർകോട്: സംസ്ഥാനത്ത് തന്നെ ആദ്യമായാണ് സ്‌കൈ ഡൈനിംഗ് അവതരിപ്പിക്കുന്നത്.കൂറ്റൻ യന്ത്രക്കൈയിൽ ഒരുക്കിയ 142 അടി ഉയരത്തിലുള്ള പ്രത്യേക ഇരിപ്പിടത്തിലിരുന്ന് കടൽ അതിരിട്ട ബേക്കലിന്റെ ദൃശ്യഭംഗി ആസ്വദിക്കാൻ അവസരമൊരുങ്ങി. ബേക്കൽ ബീച്ചിലെത്തുന്ന സന്ദർശകർക്ക് അവിസ്മരണീയമായ ആകാശ വിരുന്നാണ് പാർക്ക് അധികൃതർ ഒരുക്കിയത്. 

തൂങ്ങി കിടക്കുന്ന നിലയിലുള്ള പേടകത്തിന്റെ മുകളിൽ നിന്നും ബേക്കൽ കോട്ടയുടെയും ബീച്ചിന്റെയും പാർക്കിന്റെയും അതിമനോഹരമായ കാഴ്ചയാണ് ഇതിലൂടെ ആസ്വദിക്കാനാകുന്നത്. പ്രത്യേക ക്രെയിൻ വഴിയാണ് ഒരേസമയം 12 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനും ചുറ്റുവട്ട കാഴ്ചകൾ ആസ്വദിക്കാനുമുള്ള സ്‌കൈ ഡൈനിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഭക്ഷണം കഴിക്കാൻ താല്പര്യമില്ലാത്തവർക്ക് 20 മിനുട്ട് നേരം കോട്ടയുടെയും കടലിന്റെയും സൗന്ദര്യവും സൂര്യാസ്തമയവും ആസ്വദിച്ച ശേഷം താഴേക്ക് മടങ്ങാം. ഭക്ഷണം ആവശ്യമുള്ളവർക്ക് 500 രൂപക്ക് പുറമെ ഭക്ഷണത്തിന്റെ തുകയും നൽകണം. ഗാർഡ് അടക്കം രണ്ടു ജീവനക്കാരും പേടകത്തിൽ ഉണ്ടാകും. ഇവർ സുരക്ഷാ കാര്യങ്ങളും ഭക്ഷണ വിതരണ കാര്യങ്ങളും നോക്കും.സുരക്ഷ ബെൽറ്റ് ഘടിപ്പിച്ച സീറ്റുകളാണ് ഇതിലുള്ളത്.

അവധിക്കാലം ബേക്കൽ ബീച്ചിൽ ഉത്സവ പ്രതീതിയിലാണ്. ചുരുങ്ങിയ ചിലവിൽ എല്ലാവിധ സുരക്ഷ സംവിധാനങ്ങളോടെയും 150 അടി ഉയരത്തിലുള്ള പ്ലാറ്റ് ഫോമിൽ ഇരുന്നു കൊണ്ട് കടലിന്റെയും കരയുടെയും സൗന്ദര്യം ആസ്വദിക്കാനുള്ള അവസരമാണിത്. സ്‌കൈ ഡൈനിംഗ് ഔദ്യോഗികമായ ഉദ്ഘാടനം വിഷുവിന് ശേഷം നടത്തും.

കർണ്ണാടകയിൽ പനമ്പൂർ ബീച്ചിലും ബംഗളൂരുവിലും സ്‌കൈ ഡൈനിംഗ് ഉണ്ടെങ്കിലും കേരളത്തിൽ ഇത് അപരിചിതമാണ്. പ്രാദേശിക വിനോദ സഞ്ചാരികൾ, വ്യത്യസ്ത അനുഭവങ്ങൾ ആഗ്രഹിക്കുന്ന സഞ്ചാരികൾ, ബോർഡ് യോഗങ്ങൾ ചേരാനുള്ള സൗകര്യമെന്ന നിലയിൽ കോർപ്പറേറ്റ് കമ്പനികളേയും ആകർഷിക്കുന്നതിനും ഇതിന് പിന്നിലുള്ളവർ ലക്ഷ്യമിടുന്നു. ജന്മദിനങ്ങൾ ആഘോഷിക്കാനും സ്‌കൈ ഡൈനിംഗ് സൗകര്യം അവസരമൊരുക്കുന്നു.

ഒരു സീറ്റിന് 500 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ഇളവുകളും വാഗ്ദാനം ചെയ്യുന്നു. എലിവേറ്റഡ് ഡൈനിംഗ് ഓപ്ഷൻ സാഹസികതയും മികച്ച ഡൈനിംഗും സന്ദർശകർക്ക് അസാധാരണ അനുഭവമായിരിക്കും.സുരക്ഷാ കാരണങ്ങൾ മുൻനിർത്തി മഴക്കാലത്ത് ഈ സംവിധാനം ഉണ്ടാകില്ല. വ്യത്യസ്തവും നൂതനവുമായ സ്‌കൈ ഡൈനിംഗ് അനുഭവിക്കാൻ നിരവധി പേരാണ് ബേക്കൽ ബീച്ച് പാർക്കിലെത്തുന്നത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.