വൈദ്യുതിലൈനിൽതട്ടിയ മേൽക്കൂരയുടെ തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.
പൂവാട്ടുപറമ്പ് ആനക്കുഴിക്കര പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസാണ് (18) മരിച്ചത്
കുറ്റിക്കാട്ടൂർ: കാറ്റിൽ മരക്കൊമ്പ് ഒടിഞ്ഞുതൂങ്ങിയതിനെതുടർന്ന് വൈദ്യുതിലൈനിൽതട്ടിയ മേൽക്കൂരയുടെ തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പൂവാട്ടുപറമ്പ് ആനക്കുഴിക്കര പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസാണ് (18) മരിച്ചത്. കെ.എസ്. ഇ.ബി അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമായിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിൽ എ.ഡബ്ല്യു.എച്ച് റോഡ് ജങ്‌ഷനു സമീപമാണ് അപകടം. കിണാശ്ശേരിയിൽനിന്ന് ഹോട്ടലിൽ ജോലി കഴിഞ്ഞുവരുന്നതിനിടെ വഴിയിൽ ബൈക്ക് കേടാവുകയായിരുന്നു. തുടർന്ന്, വീട്ടിലേക്ക് പോകാൻ സഹോദരനെ വിളിച്ചുവരുത്തി. ശക്തമായ മഴയായതിനാൽ, കേടായ ബൈക്ക് സമീപത്തെ സ്വകാര്യ കെട്ടിടത്തിന്റെ വരാന്തയിലേക്ക് കയറ്റി നിർത്തുന്നതിനിടെയാണ് അപകടം.
ബൈക്ക് നിർത്തുന്നതിനിടെ ചരിഞ്ഞപ്പോൾ മേൽക്കൂരയുടെ തൂണിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. ഷോക്കേറ്റ് വീണ റിജാസിനെ സഹോദരനും അതുവഴി വന്ന യാത്രക്കാരനും ചേർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലുമാണ് സമീപത്തെ മരത്തിന്റെ കൊമ്പ് വൈദ്യുത ലൈനിലേക്ക് ഒടിഞ്ഞു തൂങ്ങിയത്.
കെട്ടിടത്തിന് മുൻവശത്തുള്ള ഷീറ്റിൽ വൈദ്യുതി ലൈൻ തട്ടിയിരുന്നു. വിവരം കെട്ടിട ഉടമ കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടി എടുത്തില്ല. അടിയന്തിര നടപടി എടുക്കേണ്ടതായിട്ടുപോലും കെ.എസ്.ഇ.ബി അധികൃതർ അവഗണിച്ചതാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ചാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. മാതാവ്: നദീറ സഹോദരങ്ങൾ: റാഷിദ്, റാഫി, റിഹ്സാന.