ഷീറ്റ് വില തുടർച്ചയായ മൂന്നാം വാരവും തളർന്നു
കൃത്രിമ റബർ വിലയിൽ ഉണർവ് ദൃശ്യമായി, എന്നാൽ സ്വാഭാവിക റബറിന് കരുത്ത് തിരിച്ചുപിടിക്കാനായില്ല.
പ്രതികൂല കാലാവസ്ഥയിൽ ഏഷ്യൻ രാജ്യങ്ങളിൽ റബർ ടാപ്പിങ് സ്‌തംഭിച്ചിട്ടും പ്രമുഖ എക്‌സ്‌ചേഞ്ചുകളിൽ ഷീറ്റ് വില തുടർച്ചയായ മൂന്നാം വാരവും തളർന്നു. വാരാന്ത്യം പശ്ചിമേഷ്യൻ സംഘർഷാവസ്ഥക്ക് ഇടയിൽ ക്രൂഡ് ഓയിൽ വില കത്തിക്കയറിയത് നേട്ടമാക്കാൻ റബർ ശ്രമം നടത്തിയെങ്കിലും ടയർ ലോബിയുടെ പിൻതുണ ഉറപ്പുവരുത്താനായില്ല. ഈ അവസരത്തിൽ കൃത്രിമ റബർ വിലയിൽ ഉണർവ് ദൃശ്യമായി, എന്നാൽ സ്വാഭാവിക റബറിന് കരുത്ത് തിരിച്ചുപിടിക്കാനായില്ല.സംസ്ഥാനത്ത് വേനൽമഴ ചെറിയ അളവിൽ ലഭ്യമായെങ്കിലും റബർ ടാപ്പിങ് പുനരാരംഭിക്കാൻ കാലവർഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന നിലപാടിലാണ് കർഷകർ. പകൽ താപനില ഉയർന്നതിനാൽ മരങ്ങളിൽനിന്നുള്ള യീൽഡ് നാമമാത്രമാണ്. കേരളത്തിൽ ചുരുങ്ങിയ ദിവസങ്ങളിൽ നാലാം ഗ്രേഡ് റബർവില 18,400ൽനിന്നും 17,900ലേക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡ് 17,700 രൂപയിൽ വിപണനം നടന്നു.