ഷാരോൺ വധക്കേസ്: ഗ്രീഷ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകി ; ഹർജി ഇന്ന് പരിഗണിക്കും
നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി

തിരുവനന്തപുരം : പാറശാല ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒന്നാംപ്രതി ഗ്രീഷ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഹൈക്കോടതിയിൽ ഗ്രീഷ്മ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും എന്നാണ് വിവരം. കേസിൽ കഴിഞ്ഞ ജനുവരി 20ന് ഒന്നാംപ്രതിയായ ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ച് ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെയാണ് ഗ്രീഷ്മ അപ്പീൽ നൽകിയത്.ഷാരോൺ കന്യാകുമാരി ജില്ലയിലെ നെയ്യൂർ ക്രിസ്‌ത്യൻ കോളേജ് ഓഫ് അലൈഡ് ഹെൽത്തിൽ ബിഎസ്‌സി റേഡിയോളജി അവസാനവർഷ വിദ്യാർഥിയായിരുന്നു. 2021ലാണ് ഷാരോണും ഗ്രീഷ്‌മയും സൗഹൃദത്തിലായത്. ഇരുവരും വീട്ടിലും പള്ളിയിലും താലികെട്ടി. ഗ്രീഷ്‌മയുടെ ആദ്യഭർത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യൻ പ്രവചിച്ചതോടെ ഷാരോണിനെ ഒഴിവാക്കാൻ ശ്രമംതുടങ്ങി. മറ്റൊരാളുമായി ഗ്രീഷ്‌മയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്‌തു.
പാറശാലയ്‌ക്കു സമീപം സമുദായപ്പറ്റ് ജെപി ഭവനിൽ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14ന് വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി ‘കഷായ ചലഞ്ച്’ എന്ന വ്യാജേന കുടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14ന് ഗ്രീഷ്‌മ നൽകിയ കഷായം കുടിച്ച് അവശനായ ഷാരോൺ ചികിത്സയിലിരിക്കെ 25നാണ് മരിച്ചത്.
ഗ്രീഷ്മ നൽകിയ കഷായം കുടിച്ചിരുന്നതായും എന്നാൽ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും മജിസ്‌ട്രേറ്റിന് മുന്നിൽ മരണമൊഴി നൽകുന്നതിനിടെ ഷാരോൺ പറഞ്ഞിരുന്നു. ഇതാണ് അന്വേഷണ സംഘത്തിന് നിർണായകമായത്. ഫോറൻസിക് ഡോക്ടർ കൈമാറിയ ശാസ്ത്രീയ തെളിവുകളും നിർണായകമായി. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ ഗ്രീഷ്മ കുറ്റം സമ്മതിച്ചു. 2023 ജനുവരി 25നാണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്.കേസിൽ മൂന്നാം പ്രതി നിർമലകുമാരൻ നായർക്ക് 3 വർഷം തടവും കോടതി വിധിച്ചിരുന്നു. തെളിവിന്റെ അഭാവത്തിൽ ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെ വെറുതെവിട്ടിരുന്നു.