സെറിബ്രൽ പാൾസി ബാധിതയായ വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട സംഭവം:
അടിയന്തിര അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി ഡോ.ആർ.ബിന്ദു
തൃശ്ശൂർ പെരിങ്ങോട്ടുകരയിൽ സെറിബ്രൽ പാൾസി ബാധിതയായ പത്താം ക്ലാസ് വിദ്യാർഥിനിയെ ചെമ്മാപ്പിള്ളി സെറാഫിക് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂളിന്റെ ഒന്നാംനിലയിൽ ക്ലാസ് മുറിയിൽ പൂട്ടിയിട്ട സംഭവം ഗൗരവതരവും അപലപനീയവുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു. സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കും, തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർക്കും മന്ത്രി നിർദ്ദേശം നൽകി.
വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ കുട്ടിയുടെ മാതാപിതാക്കളുമായി സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഫോണിൽ സംസാരിച്ചു. സാമൂഹ്യനീതി വകുപ്പ് ഈ വിഷയത്തിൽ മാതൃകാപരമായ ഇടപെടൽ നടത്തുംമെന്ന് മന്ത്രി അറിയിച്ചു. സ്‌കൂളിന്റെ അധികാരികൾ ഇതുമായി ബന്ധപ്പെട്ട വിശദീകരണം നൽകേണ്ടതായി വരും. ഭിന്നശേഷി കുട്ടികൾക്ക് വേണ്ടുന്ന ഭിന്നശേഷി സൗഹാർദ്ദപരമായ അന്തരീക്ഷം എല്ലാ വിദ്യാലയങ്ങളിലും ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സ്‌കൂൾ അധികൃതർക്കുണ്ട് എന്നും മന്ത്രി പറഞ്ഞു.
ആർ.പി.ഡബ്ല്യു.ഡി ആക്ട് പ്രകാരം ഭിന്നശേഷിക്കാരെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ വേദനിപ്പിക്കുന്നത് ഗൗരവമേറിയ കുറ്റമാണെന്നും അതിനെതിരെ നടപടികൾ സ്വീകരിക്കാവുന്ന വകുപ്പുകൾ ഉണ്ട്. ഭിന്നശേഷി മക്കൾക്ക് ദുരനുഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഇനിയും ഉണ്ടാകാതെയിരിക്കാനുള്ള സാമൂഹിക ജാഗ്രത സമൂഹത്തിൽ ഉണ്ടാകണമെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
തിങ്കളാഴ്ച ഉച്ചക്ക് 3.45ന് ഭിന്നശേഷക്കാരിയായ മകളെ വീട്ടിലേക്ക് കൊണ്ടുപോകാൻ എത്തിയ പിതാവ് ഉണ്ണി കൃഷ്ണൻ കുട്ടിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടിരിക്കുന്ന സാഹചര്യത്തിൽ കാണപ്പെട്ടു എന്നതാണ് സംഭവം.