സന്തോഷ് ട്രോഫി ഫുട്ബോളിന് ഇന്ന് തുടക്കം;പ്രതീക്ഷകളുമായി കേരളം ഇന്ന് ആദ്യമത്സരത്തിന് ഇറങ്ങും
സന്തോഷ് ട്രോഫി ഫുട്ബോളിൽ നിറഞ്ഞ പ്രതീക്ഷകളുമായി കേരളം ഇന്ന് ആദ്യമത്സരത്തിന്
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിൽ നിറഞ്ഞ പ്രതീക്ഷകളുമായി കേരളം ഇന്ന് ആദ്യമത്സരത്തിന്. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 3.30-ന് നടക്കുന്ന മത്സരത്തിൽ റെയിൽവേസിനെ നേരിടും. പ്രാഥമിക റൗണ്ടിലെ എച്ച്. ഗ്രൂപ്പിലെ ആറ് മത്സരങ്ങളാണ് കോഴിക്കോട്ട് നടക്കുന്നത്.
കേരള സൂപ്പർ ലീഗിലെ യുവനിരയാണ് കേരളാ ടീമിന്റെ കരുത്ത്. സൂപ്പർ ലീഗിൽ കളിച്ച 10 പേർ കേരളടീമിലുണ്ട്. അതിൽ ഏഴുപേരും കാലിക്കറ്റ് എഫ്.സി.യുടെ താരങ്ങളാണ്. കോഴിക്കോടിന്റെ സ്വന്തം ടീമായ കാലിക്കറ്റ് എഫ്.സി.യുടെ താരങ്ങൾ അതേ ഗ്രൗണ്ടിൽ അണിനിരക്കുന്നതുകൊണ്ട് സ്വന്തം കാണികൾക്കുമുന്നിൽ ഇറങ്ങുന്നു എന്ന ആത്മവിശ്വാസവും കേരളടീമിനുണ്ട്.
മൂന്നുതവണ സന്തോഷ് േട്രാഫി ഉയർത്തിയ റെയിൽവേസും മലയാളിക്കരുത്തിലാണ് ഇറങ്ങുന്നത്. 22 അംഗ ടീമിൽ ആറുപേർ മലയാളികളുണ്ട്. കഴിഞ്ഞതവണ കേരള ടീമിലുണ്ടായിരുന്ന സിദ്ധാർഥ് ആർ. നായർ, അബ്ദുറഹീം, മുഹമ്മദ് ആഷിക് എന്നിവർ ഇക്കുറി റെയിൽവേസ് ടീമിലുണ്ട്. മുൻപ് കേരള ജേഴ്സിയണിഞ്ഞ ജോൺപോൾ ജോസ് ആയിരിക്കും ആക്രമണത്തിന്റെ കുന്തമുന. പ്രതിരോധ നിരയിൽ മലപ്പുറംകാരൻ പി.കെ. ഫസീനും തിരുവന്തപുരംകാരൻ സിജു സ്റ്റീഫനുമുണ്ട്. റെയിൽവേയുടെ മുഖ്യപരിശീലകൻ പാലക്കാട്ടുകാരൻ വി. രാജേഷാണ്. സഹപരിശീലകൻ തൃശ്ശൂരുകാരൻ പി.വി. വിനോയിയും.
വൈകീട്ട് 7.30-ന് പുതുച്ചേരിയും ലക്ഷദ്വീപും തമ്മിലാണ് ആദ്യം മത്സരം. 22-ന് ലക്ഷദ്വീപും കേരളവും 24-ന് കേരളയും പുതുച്ചേരിയും തമ്മിൽ ഏറ്റുമുട്ടും.