സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്.
ആജീവനാന്ത വിലക്കാണ് ലൈസന്‍സിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്
തിരുവനന്തപുരം : കാറില്‍ സ്വിമ്മിങ്ങ് പൂള്‍ ഒരുക്കുകയും ഈ വാഹനവുമായി പൊതുനിരത്തില്‍ ഇറങ്ങുകയും ചെയ്ത സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. ആജീവനാന്ത വിലക്കാണ് ലൈസന്‍സിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ എന്‍ഫോഴ്‌മെന്റ് ആര്‍.ടി.ഒ.ആണ് യുട്യൂബര്‍ സഞ്ജു ടെക്കിക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി ഉള്‍പ്പെടെ നിര്‍ദേശിച്ചിരുന്നു.അറിവിലായ്മ കൊണ്ട് സംഭവിച്ചതാണെന്നും ഇനി ഇത്തരത്തിലുള്ള തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നുമെല്ലാമായിരുന്നു സഞ്ജു നല്‍കിയ വിശദീകരണം. എന്നാല്‍, ഹൈക്കോടതി ഉള്‍പ്പെടെ ഈ കേസില്‍ ഇടപെടുകയും ഇത്തരം കേസുകളില്‍ യാതൊരു ഇളവും നല്‍കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ കടുത്ത നടപടിയിലേക്ക് പോകാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു.മോട്ടോര്‍ വാഹനവകുപ്പ് ആജീവനാന്തമാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നതെങ്കിലും സഞ്ജുവിന് കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യത അവശേഷിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കോടതിയില്‍ പോയി റദ്ദാക്കല്‍ കാലവധിയില്‍ ഇളവ് തേടാനുള്ള സാധ്യതയുണ്ട്. നിലവിലെ നടപടി അനുസരിച്ച് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കിയിട്ടുണ്ട്. നിയമലംഘനത്തിന് ഉപയോഗിച്ച വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസമാണ് ഒരുവര്‍ഷത്തേക്ക് റദ്ദാക്കിയത്.