ശബരിമല തീർത്ഥാടനം :എല്ലാ വകുപ്പുകളുടെയും ഫലപ്രദമായ ഏകോപനത്തോടെ സമയബന്ധിതമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എം പി
തിരുവനന്തപുരം :ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യ–ദേവസ്വം വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത അവലോകന യോഗത്തിൽ ശബരിമല തീർഥാടകരുടെ സുരക്ഷ, സൗകര്യം, ശുചിത്വം, ആരോഗ്യസംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ചതായി ആന്റോ ആന്റണി എംപി അറിയിച്ചു. ഇവ ഉറപ്പുവരുത്തുന്നതിനായി എല്ലാ വകുപ്പുകളുടെയും ഫലപ്രദമായ ഏകോപനത്തോടെ സമയബന്ധിതമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങൾ എല്ലാ വർഷവും അവസാന നിമിഷത്തിലേക്ക് നീട്ടിവയ്ക്കുന്ന രീതി അവസാനിപ്പിച്ച്, കുറഞ്ഞത് രണ്ട് മാസം മുൻപെങ്കിലും ആരംഭിക്കണം. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ എല്ലാ ഒരുക്കങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണം.
പരമ്പരാഗത കാനനപാത മണ്ഡലകാലാരംഭം മുതൽ അയ്യപ്പഭക്തർക്കായി പൂർണ്ണമായും തുറന്നുകൊടുക്കുകയും വന്യമൃഗങ്ങളിൽ നിന്നുള്ള സുരക്ഷ ഉറപ്പാക്കുകയും വേണം. ഇതിനായി വനം വകുപ്പ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ മുൻകൂർ തയ്യാറെടുപ്പുകൾ സമയബന്ധിതമായി പൂർത്തിയാക്കണം.
ഇടത്താവളങ്ങളിൽ മതിയായ കുടിവെള്ളം, ശുചിമുറികൾ, വിശ്രമസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനോടൊപ്പം പമ്പയിലും ശബരിമലയിലുമുള്ള സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും കൂടുതൽ ആംബുലൻസ് സേവനം ഏർപ്പെടുത്തുകയും ചെയ്യണം. പരമ്പരാഗത കാനനപാതയിലെ കോയിക്കകാവ് ക്ഷേത്രത്തിൽ 24 മണിക്കൂറും ഡോക്ടറുടെയും ആംബുലൻസിന്റെയും സേവനം ലഭ്യമാക്കണം.
ശബരിമല വിർച്വൽ ക്യൂ പാസ് വിതരണം സുഗമമാക്കുന്നതിന് പമ്പയിലെയും എരുമേലിലെയും കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കണം. എരുമേലി ക്ഷേത്രത്തിലെ അപ്പം, അരവണ വിൽപ്പനയ്ക്ക് ക്യൂആർ കോഡ് അധിഷ്ഠിത ഡിജിറ്റൽ പണമിടപാട് സംവിധാനം നടപ്പാക്കണം.
പമ്പ മുതൽ ശബരിമല വരെയുള്ള ബയോ ടോയ്‌ലറ്റുകളിൽ നിന്നുള്ള മാലിന്യം തുറസ്സായ സ്ഥലങ്ങളിൽ ഒഴുക്കിവിടുന്നത് അവസാനിപ്പിച്ച് ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനം നടപ്പിലാക്കണം. ശുചിമുറികളും പരിസരവും എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കണം.
ശബരിമലയിലും എരുമേലിയിലും തഹസിൽദാർ റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥരെ ജുഡീഷ്യൽ മജിസ്ട്രേറ്റുമാരായി നിയമിക്കണം. മോട്ടോർ വാഹന വകുപ്പിന്റെ 24 മണിക്കൂർ സേവനം ഉറപ്പാക്കണം.
ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ശുചിമുറികളിലെ ഉപയോഗനിരക്ക് ഏകീകരിക്കണമെന്നും ലൈസൻസികൾ അനിയന്ത്രിതമായി അധിക തുക ഈടാക്കുന്നത് തടയണം. ത്വക്ക് രോഗങ്ങൾക്ക് കാരണമാകുന്ന "രാസസിന്ദൂരം" എരുമേലിയിൽ പൂർണ്ണമായും നിരോധിക്കണം.
കാളകെട്ടി ക്ഷേത്രത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് വനവകുപ്പിന്റെ സഹകരണത്തോടെ അയ്യപ്പഭക്തർക്ക് സുരക്ഷിതമായി വിശ്രമിക്കാനും വിരിവെക്കാനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം.
സ്ഥിരം അപകട മേഖലയായ ആട്ടിവളവിൽ എരുത്വാപ്പുഴ മുതൽ കണമല വരെയുള്ള ഭാഗത്ത് ക്രാഷ് ബാരിയറുകൾ, സ്പീഡ് നിയന്ത്രണ സംവിധാനങ്ങൾ, തെരുവുവിളക്കുകൾ എന്നിവ സ്ഥാപിക്കണമെന്നും സീസണിൽ സ്ഥിരം ക്രെയിൻ സേവനം ഏർപെടുത്തണം.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി കാനനമധ്യേ വാഹനങ്ങൾ തടഞ്ഞിടുന്ന നിലവിലെ രീതിക്ക് പകരം യാത്രാമധ്യേയുള്ള പൊതുസ്ഥലങ്ങൾ, സ്കൂൾ–കോളേജ് ഗ്രൗണ്ടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ താൽക്കാലിക പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കണം.
മണ്ഡല–മകരവിളക്ക് സീസണിൽ പന്തളം മുനിസിപ്പാലിറ്റിക്കും എരുമേലി, റാന്നി, റാന്നി-പഴവങ്ങാടി, ചിറ്റാർ, വടശ്ശേരിക്കര, സീതത്തോട്, പെരുനാട് എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും അനുവദിക്കുന്ന പ്രത്യേക സാമ്പത്തിക വിഹിതം വർധിപ്പിക്കണം. മുൻവർഷങ്ങളിലെ ഉത്സവസീസണുമായി ബന്ധപ്പെട്ട കരാറുകാരുടെ കുടിശ്ശികകൾ അടിയന്തരമായി തീർപ്പാക്കണം.
പന്തളം ബൈപ്പാസ് പദ്ധതി, പത്തനംതിട്ട ജില്ലയിലെ റോഡുകളുടെ നവീകരണം, അച്ചൻകോവിൽ–കോന്നി വഴിയുള്ള ശബരിമല പാതയുടെ വികസനം, എരുമേലി, റാന്നി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനുകളുടെ ആധുനികവത്കരണം.നിലയ്ക്കൽ ഹെലിപാഡിന്റെ നവീകരണം എന്നിവയും അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്നും ആന്റോ ആന്റണി എം.പി. യോഗത്തിൽ ആവശ്യപ്പെട്ടു. എം എൽ എ മാരായ അഡ്വ. അബിൻ വർക്കി കോടിയാട്ട്, അഡ്വ. പഴകുളം മധു, അഡ്വ. സി വി ശാന്തകുമാർ, അഡ്വ. വർഗീസ് മാമൻ, അഡ്വ. കെ യു ജെനീഷ് കുമാർ, അഡ്വ. സെബാസ്റ്റ്യgൻ എം ജെ, എന്നിവർ യോഗത്തിൽ സംബന്ധിച്ചു.


