ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് ;വിദഗ്ധ സമിതി സിറ്റിംഗ് ഇന്നു മുതൽ
സാമൂഹികനീതി വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ പ്രതാപനാണ് സമിതി ചെയർമാൻ.
സാമൂഹികാഘാത പഠന റിപ്പോർട്ട് സമിതി അംഗങ്ങൾ പഠിച്ച ശേഷമാണ് പദ്ധതി ബാധിതരുമായി കൂടിക്കാഴ്ച നടത്തുക. സോഷ്യോളജിസ്റ്റ്, പുനരധിവാസ വിദഗ്ധർ, തദ്ദേശവാർഡ് പ്രതിനിധികൾ തുടങ്ങിയവരടങ്ങിയ ഒമ്പതംഗ സമിതിയാണ് റിപ്പോർട്ട് പരിശോധിക്കുന്നത്. പുനരധിവാസം അടക്കമുള്ള കാര്യങ്ങളിലാണ് സമിതി ശിപാർശ നൽകേണ്ടത്. ഇതിന് രണ്ട് മാസമാണ് സർക്കാർ സാവകാശം നൽകിയിരിക്കുന്നത്. ഇന്നും നാളെയും തുടർന്നുള്ള ദിവസവും (13,14,15) ഉൾപ്പടെ മൂന്ന് ദിവസങ്ങളിൽ കോട്ടയത്തുവച്ചാണ് പ്രാഥമിക സിറ്റിംഗ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ശബരിമല മകരവിളക്ക് മുൻനിർത്തി ചെറുവള്ളി എസ്റ്റേറ്റിലെ സിറ്റിംഗ് നീട്ടിവച്ചേക്കും . ജനുവരി 19 ന് ഞായറാഴ്ച എസ്റ്റേറ്റിൽ വാർഡ് ഗ്രാമസഭ എരുമേലി പഞ്ചായത്ത് വിളിച്ചു ചേർത്തിട്ടുണ്ട്. പഞ്ചായത്തിന്റെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്തിരിക്കുന്ന ഈ ഗ്രാമസഭയ്ക്കൊപ്പം വിമാനത്താവള പദ്ധതിയുടെ സിറ്റിംഗ് നടന്നേക്കും .
നേരത്തേ ആദ്യം പദ്ധതിയുടെ പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും തുടർന്ന് രൂപീകരിക്കപ്പെട്ട വിദഗ്ദ്ധ സമിതി എസ്റ്റേറ്റിൽ എത്തി സിറ്റിംഗ് നടത്തിയതുമാണ്. എന്നാൽ, ഈ പഠന റിപ്പോർട്ട് ഹൈക്കോടതി തള്ളിക്കളഞ്ഞത് മൂലം ശിപാർശ റിപ്പോർട്ടും റദ്ദായി. തുടർന്നാണ് വീണ്ടും റിപ്പോർട്ട് തയാറാക്കി പബ്ലിക് ഹിയറിംഗ് കഴിഞ്ഞയിടെ പൂർത്തിയായത്. ഇതോടെ ആണ് പുതിയ വിദഗ്ധ സമിതിയെ സർക്കാർ രൂപീകരിച്ചത്. ഈ സമിതിയാണ് ഉടനെ സിറ്റിംഗ് നടത്തുന്നത്.
നേരത്തേ മുൻ സമിതി എസ്റ്റേറ്റിൽ നടത്തിയ സിറ്റിംഗിൽ ഒട്ടേറെ നാട്ടുകാർ പദ്ധതിയെ അനുകൂലിച്ചും ചിലർ വിയോജിച്ചും അഭിപ്രായങ്ങൾ അറിയിച്ചിരുന്നു. കോടതി ഇടപെടലിൽ ഇത് റദ്ദാക്കപ്പെട്ടതോടെ ഇനി നടക്കുന്ന സിറ്റിംഗിലെ അഭിപ്രായങ്ങൾ ആണ് ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുക. അതുകൊണ്ട് തന്നെ ഇതിന്റെ പ്രാധാന്യം മുൻനിർത്തി വാർഡിലെ മുഴുവൻ പേരും ഇനിയുള്ള സിറ്റിംഗിൽ പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കാനാണ് വാർഡ് അംഗം അനിശ്രീ സാബുവിന്റെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചിരിക്കുന്നത്. വിദഗ്ധ സമിതിയിൽ വാർഡ് അംഗം എന്ന നിലയിൽ അനിശ്രീ സാബു അംഗമാണ്.
തൊട്ടടുത്ത വാർഡായ ഒഴക്കനാട് ഭാഗത്ത് സ്വകാര്യ വ്യക്തികളുടെ ഭൂമികൂടി ഏറ്റെടുക്കുന്നുണ്ട്. ഈ വാർഡിലും സിറ്റിംഗ് നടത്തേണ്ടി വരും. മുൻ സമിതി ഈ വാർഡിൽ സിറ്റിംഗ് നടത്തിയിരുന്നു. ഈ വാർഡിലെ അംഗമായ അനിതാ സന്തോഷും വിദഗ്ധ സമിതി അംഗമാണ്. മണിമല പഞ്ചായത്തിൽ പെട്ട ചെറുവള്ളി എസ്റ്റേറ്റിന്റെ ഭാഗങ്ങൾകൂടി ഏറ്റെടുക്കുന്നതിൽ ഉൾപ്പെടുന്നുണ്ട്. ഇത് മുൻനിർത്തി ഈ പ്രദേശങ്ങൾക്ക് വേണ്ടി മണിമല പഞ്ചായത്ത് അംഗങ്ങളായ റോസമ്മ ജോൺ, ബിനോയ് വർഗീസ് എന്നിവരും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
സാമൂഹികനീതി വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ പ്രതാപനാണ് സമിതി ചെയർമാൻ. നിഷാ ജോജി നെൽസൺ (സോഷ്യോളജിസ്റ്റ്), ഡോ. ഷഹവാസ് ഷെരീഫ് പി. (സിഎംഎസ് കോളജ്, കോട്ടയം), ഡോ. പി.പി. നൗഷാദ് (എംജി സർവകലാശാല), ആർ. ഹരികുമാർ (മുൻ എക്സിക്യുട്ടീവ ഡയറക്ടർ, എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ), എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
2263 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റിനൊപ്പം 307 ഏക്കർ സ്വകാര്യഭൂമിയും ഏറ്റെടുക്കാനാണ് അന്തിമ റിപ്പോർട്ടിലെ ശിപാർശ. 2013ലെ കേന്ദ്രനിയമപ്രകാരമാണ് പുനരധിവാസവും നഷ്ടപരിഹാരവും. എസ്റ്റേറ്റ് ലയങ്ങളിൽ താമസിക്കുന്ന 238 കുടുംബങ്ങളെയും പുറത്തുള്ള 114 കുടുംബങ്ങളെയും ഉൾപ്പെടെ മൊത്തം 352 കുടുംബങ്ങളെ ആണ് കുടിയൊഴിപ്പിക്കേണ്ടി വരുന്നത്.
ഏഴ് ആരാധനാലയങ്ങളും ഒരു സ്കൂളും അഞ്ച് കച്ചവട സ്ഥാപനങ്ങളും നീക്കം ചെയ്യേണ്ടി വരും. ഇവയെല്ലാം ഉൾപ്പെടെ മുഖ്യ ഉപജീവനം ഇല്ലാതാകുന്ന 347 കുടുംബങ്ങൾക്കും വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്ന 391 കുടുംബങ്ങൾക്കും അടക്കം എസ്റ്റേറ്റ് തൊഴിലാളികൾക്കായി പ്രത്യേക പാക്കേജ് തയാറാക്കുന്നത് സംബന്ധിച്ചും വിദഗ്ദ്ധ സമിതിയുടെ ശിപാർശ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ തീരുമാനമെടുക്കുക.