ചെറുവള്ളി എസ്റ്റേറ്റ് കേസിൽ ഹര്‍ജി തള്ളി പാലാ കോടതി, ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ

ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയല്ലെന്ന പാലാ കോടതി വിധി സർക്കാരിന് തിരിച്ചടിയല്ലെന്നും നടപടിക്രമങ്ങളിലെ വീഴ്ച മാത്രമാണിതെന്നും റവന്യൂ മന്ത്രി കെ രാജൻ.

Jan 19, 2026
ചെറുവള്ളി എസ്റ്റേറ്റ് കേസിൽ  ഹര്‍ജി തള്ളി പാലാ കോടതി, ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ
sabarimala airport

പാലാ :ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഉടമസ്ഥ തർക്കത്തിൽ സർക്കാരിന് തിരിച്ചടി. ഭൂമിയുടെ അവകാശം സംബന്ധിച്ച് സർക്കാർ പാലാ സബ് കോടതിയിൽ നൽകിയ ഹർജി തള്ളി. എതിർകക്ഷികളായ അയന ചാരിറ്റബിൾ ട്രസ്റ്റിന്‍റേയും ഹാരിസൺ മലയാളത്തിന്‍റെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു. കോടതി വിധി വന്നതോടെ ശബരിമല വിമാനത്താവളത്തിന്‍റെ ഭാവിയും ആശങ്കയിലായി. ആറു വർഷം നീണ്ട് നിന്ന നിയമവ്യവഹാരത്തിനൊടുവിലാണ് കേസിൽ സർക്കാരിന് കനത്ത തിരിച്ചടിയുണ്ടായത്. ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ സർക്കാർ ഹാജരാക്കിയ എല്ലാ റവന്യു രേഖകളും പാലാ സബ് കോടതി തള്ളി.

This image has an empty alt attribute; its file name is air.jpeg

അയന ചാരിറ്റബിൾ ട്രസ്റ്റിന്‍റേയും ഹാരിസൺ മലയാളം കമ്പനിയും ഉയർത്തിയ ഉടമസ്ഥാവകാശ വാദങ്ങളാണ് കോടതി അംഗീകരിച്ചത്. സർക്കാരിന് ഉടമസ്ഥാവകാശം നഷ്ടപ്പെട്ടതോടെ വിമാനത്താവള പദ്ധതിയും തുലാസിലായി. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായുള്ള  ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കർ ഭൂമിയെ ചൊല്ലിയാണ് സംസ്ഥാന സർക്കാരും ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിന് കീഴിലെ അയന ചാരിറ്റബിൾ ട്രസ്റ്റും തമ്മിലുള്ള ഉടമസ്ഥാവകാശ തർക്കം. ശബരിമല വിമാനത്താവള പദ്ധതിക്കായി സംസ്ഥാന സർക്കാർ ഈ ഭൂമി കണ്ടെത്തിയതിന് പിന്നാലെയാണ് ഉടമസ്ഥ തർക്കം വിവാദമായും കോടതി കയറിയതും. സ്വന്തം ഭൂമിയാണെന്ന് സ്ഥാപിച്ചാണ് സംസ്ഥാന സർക്കാർ വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോയത്. എന്നാൽ, 2005 ൽ ഹാരിസൺ മലയാളം കമ്പനിയിൽ നിന്ന് വാങ്ങിയ ഭൂമിയാണെന്ന അവകാശവുമായി അന്നത്തെ ഗോസ്പൽ ഫോർ ഏഷ്യയെന്ന ഇന്നത്തെ അയന ചാരിറ്റബിൾ ട്രസ്റ്റ് രംഗത്തെത്തി. ഇതിനിടെ, വിദേശകമ്പനികളുടേയും വ്യക്തികളുടേയും ഭൂമി ഏറ്റെടുക്കണമെന്ന്  എംജി രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിനെതിരെ ഹാരിസൺ മലയാളം കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ഇത് പരിഗണിച്ച ഹൈക്കോടതി ഭൂമിയിൽ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ സർക്കാരിന് സിവിൽ കോടതിയെ സമീപിക്കാമെന്ന് ഉത്തരവിട്ടു.തുടർന്നാണ് 2019 ൽ സംസ്ഥാന സ‍ർക്കാർ പാലാ സബ് കോടതിയിൽ ഹർജി നൽകിയത്.

ചെറുവള്ളിഎസ്റ്റേറ്റുമായി ബന്ധപ്പെട്ട് പാലാ കോടതിയുടെ വിധി സംസ്ഥാന സർക്കാരിന് തിരിച്ചടിയല്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. നടപടിക്രമങ്ങളിലെ വീഴ്ചയാണ് ഇപ്പോൾ ഉന്നയിക്കപ്പെട്ടതെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചല്ല വിധിയെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ നിർമിക്കുന്ന ടൗൺഷിപ്പ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകർക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ആദ്യഘട്ട വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്ന് പറഞ്ഞ അദ്ദേഹം, ദുരന്തബാധിതർക്ക് താമസിക്കാൻ സജ്ജമായിട്ടായിരിക്കും വീടുകൾ കൈമാറുകയെന്നും വ്യക്തമാക്കി. പുനരധിവസിപ്പിക്കേണ്ടവരുടെ അന്തിമ പട്ടിക
തയ്യാറാക്കിയിട്ടില്ല. അപ്പീലുകൾ പരിഗണനയിലുണ്ട്. പുനരധിവാസത്തിനായി കർണാടക സർക്കാർ പ്രഖ്യാപിച്ചത് 20 കോടിയാണെങ്കിലും പത്ത് കോടി രൂപ മാത്രമാണ് തന്നതെന്നും അദ്ദേഹം പറഞ്ഞു

വിമാനത്താവള പദ്ധതിക്കായി സർക്കാർ കണ്ടുവച്ച സ്ഥലമാണ് ചെറുവള്ളി
എസ്റ്റേറ്റ്. എന്നാൽ സർക്കാർ അവകാശം ഉന്നയിച്ച 2263 ഏക്കർ സർക്കാർ
ഭൂമിയല്ലെന്ന് വ്യക്തമാക്കിയാണ് പാലാ കോടതി ഹര്‍ജി തള്ളിയത്. ഇതോടെ
ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവിയും അനിശ്ചിതത്വത്തിലായി. ഇനി
മേൽക്കോടതിയിൽ നിന്ന് സർക്കാർ വാദം ശരിവച്ചാലേ ഭൂമി ഏറ്റെടുക്കലുമായി
സർക്കാരിന് മുന്നോട്ട് പോകാനാവൂ.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.