ഇന്ത്യൻ അസോസിയേഷൻ ഫോർ ദ കൾട്ടിവേഷൻ ഓഫ് സയൻസിൽ ഗവേഷണം; അപേക്ഷ ക്ഷണിച്ചു
അവസാനതീയതി ഏപ്രിൽ 14

കൊൽക്കത്ത : ഇന്ത്യൻ അസോസിയേഷൻ ഫോർ ദ കൾട്ടിവേഷൻ ഓഫ് സയൻസ് (ഐഎസിഎസ്- കല്പിത സർവകലാശാല), ജാദവ്പുർ, കൊൽക്കത്ത ഓഗസ്റ്റിൽ തുടങ്ങുന്ന പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപ്ലൈഡ് ആൻഡ് ഇൻറർ ഡിസിപ്ലിനറി സയൻസസ്, ബയോളജിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, മെറ്റീരിയൽ സയൻസസ്, മാത്തമാറ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നീ സ്കൂളുകളിലാണ് ഗവേഷണാവസരമുള്ളത്.
യോഗ്യത: സ്കൂളിനനുസരിച്ച് ബാധകമായ വിഷയത്തിൽ, 55 ശതമാനം മാർക്കോടെയുള്ള (പട്ടിക/ഒബിസി/ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം) മാസ്റ്റേഴ്സ് ബിരുദം വേണം. യുജിസി വ്യവസ്ഥകൾ പ്രകാരമുള്ള പ്രവേശന യോഗ്യതയാണ് വേണ്ടത്. വിഷയത്തിനനുസരിച്ച്, ദേശീയതലത്തിലുള്ള ഒരു എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതയും വേണം. ഇവയിൽ വിഷയം അനുസരിച്ച് യുജിസി/ സിഎസ്ഐആർ/ഡിബിടി/ഐസിഎംആർ/ജെആർഎഫ്, നെറ്റ്, ഗേറ്റ്, ഇൻസ്പയർ, ജസ്റ്റ് തുടങ്ങിയവയും ഉൾപ്പെടും.പ്രായം 2025 ഏപ്രിൽ 14-ന്, 28 വയസ്സിൽ താഴെ. സംവരണ വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ വ്യവസ്ഥകൾ പ്രകാരമുള്ള ഇളവ് ലഭിക്കും.
അവസാനതീയതി ഏപ്രിൽ 14 .ഒരാൾക്ക് രണ്ട് സ്കൂളുകളിലേക്കുവരെ അപേക്ഷിക്കാം. എഴുത്തുപരീക്ഷ/ ഇന്റർവ്യൂ (അല്ലെങ്കിൽ രണ്ടും) ഉണ്ടാകും. അക്കാദമിക് മികവ്, ദേശീയതല യോഗ്യതാ പരീക്ഷാ മികവ്, എഴുത്തുപരീക്ഷ/ഇൻറർവ്യൂ മികവ് എന്നിവ അടിസ്ഥാനമാക്കിയാകും അന്തിമ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഐഎസിഎസ്/സിഎസ്ഐആർ/യുജിസി/ഇൻസ്പയർ/മറ്റ് ഫണ്ടിങ് ഏജൻസികൾ തുടങ്ങിയവയുടെ സ്കോളർഷിപ്പുകൾക്ക് അർഹതയുണ്ട്.