നാലുവർഷ സംയോജിത ബിരുദ -ബി.എഡ് കോഴ്സ് സംസ്ഥാനത്തും നടപ്പാക്കാൻ ശിപാർശ
നിലവിലുള്ള ടീച്ചർ എജുക്കേഷൻ കോളജുകളെ സമീപത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളായി സഹകരിപ്പിച്ചോ (ട്വിന്നിങ്) ഇത്തരം കോളജുകളുടെ ക്ലസ്റ്റർ രൂപവത്കരിച്ചോ നാലു വർഷ സംയോജിത കോഴ്സ് നടപ്പാക്കണമെന്നാണ് സമിതിയുടെ പ്രധാന ശിപാർശ.
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാലുവർഷ സംയോജിത ബിരുദ -ബി.എഡ് കോഴ്സ് നടപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട്. നിലവിലുള്ള ടീച്ചർ ട്രെയിനിങ് കോളജുകളെ (ബി.എഡ്, ഡി.എൽ.എഡ് കോളജുകൾ) മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസ സ്ഥാപനങ്ങളായി പരിഗണിച്ച് നാലു വർഷ ബിരുദ-ബി.എഡ് കോഴ്സ് അനുവദിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ ശിപാർശയുണ്ട്.ബിരുദവും ബി.എഡും ഒരുമിച്ച് പൂർത്തിയാക്കുന്ന നാലു വർഷ സംയോജിത ടീച്ചർ എജുക്കേഷൻ പ്രോഗ്രാം നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) നടപ്പാക്കുന്ന സാഹചര്യത്തിലാണ് മലേഷ്യൻ സർവകലാശാല മുൻ ഡെപ്യൂട്ടി വൈസ്ചാൻസലർ പ്രഫ. മോഹൻ ബി. മേനോൻ അധ്യക്ഷനും കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ഡോ. ടി. മുഹമ്മദ് സലീം കൺവീനറുമായി രൂപവത്കരിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചത്. നിലവിലുള്ള ടീച്ചർ എജുക്കേഷൻ കോളജുകളെ സമീപത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളായി സഹകരിപ്പിച്ചോ (ട്വിന്നിങ്) ഇത്തരം കോളജുകളുടെ ക്ലസ്റ്റർ രൂപവത്കരിച്ചോ നാലു വർഷ സംയോജിത കോഴ്സ് നടപ്പാക്കണമെന്നാണ് സമിതിയുടെ പ്രധാന ശിപാർശ.