റേഷൻ വ്യാപാരികളുടെ കമ്മീഷൻ വിതരണം ചെയ്തു
ജനുവരി മാസത്തെ റേഷൻ വിതരണം വാതിൽപ്പടി വിതരണക്കാരുടെ സമരം മൂലം വൈകുകയും ഫെബ്രുവരി 6 വരെ വിതരണം നീട്ടി നൽകുകയും ചെയ്തിരുന്നു.

തിരുവനന്തപുരം : റേഷൻ വ്യാപാരികളുടെ ജനുവരി മാസത്തെ കമ്മീഷൻ വിതരണം ചെയ്തതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ജനുവരി 27ന് റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ച പണിമുടക്കുമായി ബന്ധപ്പെട്ട് മന്ത്രിയും റേഷൻ വ്യാപാരി സംഘടന നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലെ പ്രധാന ആവശ്യമായിരുന്നു എല്ലാ മാസവും പതിനഞ്ചാം തീയതിക്ക് മുമ്പ് റേഷൻ വ്യാപാരി കമ്മീഷൻ നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നത്. ഭക്ഷ്യ വകുപ്പ് മന്ത്രി ഇക്കാര്യം ധനവകുപ്പ് മന്ത്രിയുമായി സംസാരിക്കുകയും വ്യാപാരികൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തതായി അറിയിച്ചു. ജനുവരി മാസത്തെ റേഷൻ വിതരണം വാതിൽപ്പടി വിതരണക്കാരുടെ സമരം മൂലം വൈകുകയും ഫെബ്രുവരി 6 വരെ വിതരണം നീട്ടി നൽകുകയും ചെയ്തിരുന്നു. എന്നാൽ കാലതാമസമില്ലാതെ 15-ാം തീയതിക്കുമുമ്പ് തന്നെ വ്യാപാരികൾക്ക് കമ്മീഷൻ നൽകാൻ സർക്കാരിന് സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.