വീട്ടിൽ വളർത്തുന്ന നായയോ, പൂച്ചയോ മാന്തിയാലും കടിച്ചാലും പേവിഷബാധ പ്രതിരോധ കുത്തിവെപ്പെടുക്കണം; നിസ്സാരമാക്കുന്നത് അപകടം
വളർത്തുനായകൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നിർബന്ധമായും എടുക്കണം.
തിരുവനന്തപുരം : ശാരീരികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയെത്തിയ സ്ത്രീ മരിച്ചതിനു പിന്നിൽ പേവിഷബാധയാണെന്ന് സംശയിക്കുന്നതായ വാർത്ത പുറത്തുവന്നിരുന്നു. മണ്ണാർക്കാട് നിന്നുള്ള റംലത്തിന്റെ മരണത്തിലാണ് ഇവരെ ചികിത്സിച്ച തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ പോലീസിന് ഇതുസംബന്ധിച്ച മൊഴി നൽകിയത്. രണ്ടുമാസം മുമ്പ് വളർത്തുനായയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ റംലത്തിന്റെ വലതുകൈയുടെ മുകളിൽ പോറലേറ്റതായി ബന്ധുക്കൾ പറഞ്ഞിരുന്നു. പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നുമില്ല. പോറലേൽപ്പിച്ച നായ പിന്നീട് ചത്തതായാണ് വിവരം.തെരുവുനായ്ക്കളിൽ നിന്നുമാത്രമല്ല വളർത്തുമൃഗങ്ങളിൽ നിന്നും പേവിഷബാധയേൽക്കാം. വീട്ടിൽ വളർത്തുന്ന നായയോ, പൂച്ചയോ മാന്തിയാലും കടിച്ചാലും പേവിഷബാധ പ്രതിരോധ കുത്തിവെപ്പെടുക്കണം. പേ ലക്ഷണമുള്ള നായ ചത്താൽ തീർച്ചയായും പരിശോധനയ്ക്ക് വിധേയമാക്കുകയും മൃഗസംരക്ഷണവകുപ്പിൽ അറിയിക്കുകയും വേണം. മാത്രമല്ല വളർത്തുനായകൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നിർബന്ധമായും എടുക്കണം.