കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു
.സിപിഎം നോർത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു
കണ്ണൂർ: കൂത്തുപറമ്പ് വെടിവയ്പ്പിൽ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ആരോഗ്യാവസ്ഥ മോശമായതിനെത്തുടർന്നാണ് പുഷ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുഷ്പന്റെ ചികിത്സ പുരോഗതിയും വിവരങ്ങളും അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ നേരിട്ട് ആശുപത്രിയിൽ എത്തിയിരുന്നു. കൂത്തുപറമ്പ് വെടിവയ്പ്പിൽ ജീവിക്കുന്ന രക്തസാക്ഷിയെന്ന് അറിയപ്പെട്ടിരുന്ന പുഷ്പൻ കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്നു.
കൂത്തുപറമ്പിൽ 1994 നവംബർ 25ന് നടന്ന ഡിവൈഎഫ്‌ഐ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ സുഷുമ്നനാഡി തകർന്ന് ഇരുപത്തിനാലാം വയസിൽ കിടപ്പിലായതാണ് പുഷ്പൻ. ചികിത്സയും മരുന്നുമായി വേദനയിലൂടെയുള്ള നിരന്തരയാത്രയായിരുന്നു ജീവിതം.സിപിഎം നോർത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു.
ബാലസംഘത്തിലൂടെയാണ് ഇടതുപക്ഷ ആശയം വേരുറച്ചത്. നോർത്ത് മേനപ്രം എൽപി സ്‌കൂളിലും ചൊക്ലി രാമവിലാസം സ്‌കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ചു. സ്‌കൂളിൽ എസ്എഫ്‌ഐ പ്രവർത്തകനായിരുന്നു. വീട്ടിലെ പ്രയാസം കാരണം പഠനം നിർത്തി ആണ്ടിപീടികയിലെ പലചരക്ക് കടയിൽ ജോലിക്കാരനായി. മൈസൂരുവിലും ബംഗളൂരുവിലും കടകളിൽ ജോലിചെയ്തു.
ബംഗളൂരുവിൽനിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സമരത്തിൽ പങ്കെടുത്തത്. മന്ത്രി എം വി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് പുഷ്പനും പരിക്കേറ്റത്. കെ കെ രാജീവൻ. കെ വി റോഷൻ, ഷിബുലാൽ, ബാബു, മധു എന്നിവർ രക്തസാക്ഷികളായി. ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പൻ തളർന്ന ശരീരവുമായി ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും സമ്മേളനങ്ങളിൽ പലവട്ടമെത്തി.ഡിവൈഎഫ്‌ഐ നിർമിച്ചുനൽകിയ വീട്ടിലായിരുന്നു താമസം. നാട്ടിലെ സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകരും കുടുംബവുമാണ് സാന്ത്വന തണലായി ഒപ്പമുണ്ടായത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാൻ തലശേരി ടൗൺഹാളിലാണ് അവസാനം എത്തിയത്.