വയനാടിന്റെ ഭാഗമാകുന്നത് ഭാഗ്യമെന്ന് പ്രിയങ്ക ഗാന്ധി

വയനാട്: വയനാട്ടുകാരുടെ ധൈര്യം തന്റെ മനസിനെ ആഴത്തില്‍ സ്പര്‍ശിച്ചതായി വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി. വയനാട്ടുകാരുടെ കുടുംബത്തിന്റെ ഭാഗമാകാന്‍ പോകുന്നത് തന്റെ ഭാഗ്യമായി കാണുന്നുവെന്നും പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി കല്‍പ്പറ്റയില്‍ നടന്ന പൊതുയോഗത്തില്‍ പ്രിയങ്ക പറഞ്ഞു.
”അച്ഛന്‍ രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വേണ്ടി 35 വര്‍ഷത്തോളം പ്രചാരണം നടത്തി. ആദ്യമായാണ് എനിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. ഈ അവസരത്തിന് ഖര്‍ഗെയോടും കോണ്‍ഗ്രസിനോടും നന്ദി പറയുന്നു. ആദ്യമായാണ് ഞാന്‍ എനിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. നിങ്ങളെ പ്രതിനിധാനം ചെയ്യാന്‍ അവസരം കിട്ടിയാല്‍ എനിക്കുള്ള ആദരവായി കാണും. അധികാരത്തില്‍ ഇരിക്കുന്നവര്‍ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയും വിദ്വേഷവും വളര്‍ത്തുന്നുവെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
വയനാട്ടിലെത്തിയ പ്രിയങ്കഗാന്ധിയെ സ്വീകരിച്ചത് ജനസാഗരമാണ്. പുതിയ ബസ് സ്റ്റാന്റ് പരിസരത്തുനിന്ന് ഒന്നര കിലോമീറ്റര്‍ റോഡ് ഷോയായി കലക്ടറേറ്റിലേക്ക്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ തുറന്ന വാഹനത്തില്‍ പ്രിയങ്കക്കൊപ്പമുണ്ടായിരുന്നു.
ബാന്‍ഡ് മേളവും നൃത്തവുമായി പ്രവര്‍ത്തകര്‍ പ്രിയങ്കയുടെ വരവ് ആഘോഷമാക്കി. ഗാന്ധി കുടുംബത്തിലെ മൂവരും ഒരുമിച്ചെത്തുന്ന അപൂര്‍നിമിഷത്തിന് സാക്ഷിയാകാന്‍ വിവിധയിടങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. മല്ലികാര്‍ജന്‍ ഖാര്‍ഗെയും സോണിയ ഗാന്ധിയും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനെത്തി.