തളിപ്പറമ്പിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 70 പേർക്ക് പരിക്ക്
കണ്ണൂരിലേക്ക് പോകുകയായിരുന്ന റെയിൻ ഡ്രോപ്സ് ബസും കണ്ണൂരിൽനിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന അശ്വിൻ ബസുമാണ് അപകടത്തിൽപ്പെട്ടത്
തളിപ്പറമ്പ് : ദേശീയപാത ഏഴാംമൈലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 70 പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ 11-ഓടെ പയ്യന്നൂരിൽനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന റെയിൻ ഡ്രോപ്സ് ബസും കണ്ണൂരിൽനിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന അശ്വിൻ ബസുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ശക്തിയിൽ ബസുകളുടെ മുൻഭാഗം പൂർണമായും തകർന്നു.
പരിക്കേറ്റ യാത്രക്കാരെയും ഡ്രൈവർമാരെയും നാട്ടുകാരാണ് വിവിധ ആസ്പത്രികളിലെത്തിച്ചത്. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കൂടുതൽ പേർക്കും തലയിലാണ് പരിക്ക്. റെയിൻഡ്രോപ്സ് ബസിലെ ഡ്രൈവർ അരവഞ്ചാൽ കീഴ്പെട്ട്‌പൊയിലിലെ കൊയ്യംകുന്നത്ത് രാജേഷ് (39), ചെറുപുഴയിലെ തടത്തിൽപറമ്പിൽ ജമീല (67) എന്നിവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കരുവഞ്ചാലിലെ എം.എം.അഷിതയെ (22) കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.