കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമഗ്‌നനായി പ്രധാനമന്ത്രി നരേന്ദ്രമോദി
45 മണിക്കൂര്‍നീളുന്ന ഏകാന്തധ്യാനത്തിന്‍റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു
കന്യാകുമാരി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമഗ്‌നനായി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച രാത്രി ഏഴരയോടെ ആരംഭിച്ച, 45 മണിക്കൂര്‍നീളുന്ന ഏകാന്തധ്യാനത്തിന്‍റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. വെള്ളിയാഴ്ച പൂര്‍ണമായും ധ്യാനനിരതനാകുന്ന മോദി ശനിയാഴ്ച ഉച്ചയ്ക്കുശേഷം മടങ്ങും. കന്യാകുമാരിയും പരിസരവും വന്‍സുരക്ഷയിലാണ്.
ഹെലികോപ്ടറില്‍ തമിഴ്‌നാട് ഗസ്റ്റ് ഹൗസിലെ ഹെലിപ്പാഡില്‍ വ്യാഴാഴ്ച വൈകീട്ട് 5.10-നാണ് തിരുവനന്തപുരത്തുനിന്ന് പ്രധാനമന്ത്രിയെത്തിയത്. ഗസ്റ്റ് ഹൗസിലെത്തിയശേഷം ദര്‍ശനത്തിന് ഭഗവതിക്ഷേത്രത്തിലേക്കുപോയി. കസവുനേര്യതണിഞ്ഞ് ഭഗവതിയെവണങ്ങി പ്രസാദവും ഭഗവതിയുടെ വര്‍ണചിത്രവും സ്വീകരിച്ചു. ദീപാരാധന തൊഴുതു. ഒറ്റയ്ക്ക് പ്രദക്ഷിണംനടത്തിയ മോദി ക്ഷേത്രത്തിലെ കാലഭൈരവന്‍, ഹനുമാന്‍ വിഗ്രഹങ്ങളെയും വണങ്ങി.തുടര്‍ന്ന് തമിഴ്‌നാട് പൂംപുഹാര്‍ ഷിപ്പിങ് കോര്‍പ്പറേഷന്റെ വിവേകാനന്ദന്‍ എന്ന ബോട്ടില്‍ വിവേകാനന്ദപ്പാറയിലേക്ക് തിരിച്ചു. ദേവി കന്യാകുമാരി തപസ്സുചെയ്തെന്ന് വിശ്വസിക്കുന്ന ശ്രീപാദപ്പാറയിലും തൊഴുതു. തുടര്‍ന്ന് പടികയറി സഭാഗൃഹത്തിലേക്ക് പ്രവേശിച്ചു. പ്രതിമയ്ക്കുമുന്നില്‍ വണങ്ങി. വിവേകാനന്ദമണ്ഡപത്തില്‍നിന്ന് പുറത്തിറങ്ങി പ്രദക്ഷിണംവെച്ചു.ധ്യാനം പൂര്‍ത്തിയാക്കി ശനിയാഴ്ച മൂന്നരയ്ക്ക് ഹെലികോപ്ടറില്‍ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഡല്‍ഹിയ്ക്കുമടങ്ങും. മോദിയുടെ വരവിനുമുന്നോടിയായി സന്ധ്യയോടെ വിവേകാനന്ദപ്പാറയും തിരുവള്ളുവര്‍ പ്രതിമയും ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു.രാജ്യമൊട്ടാകെ തിരഞ്ഞെടുപ്പുപ്രചാരണം പൂര്‍ത്തിയാക്കിയശേഷമാണ് മോദി ധ്യാനത്തിനെത്തുന്നത്.