മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിന് ശാസ്ത്രീയ പദ്ധതി തയ്യാറാക്കണം: പ്രമോദ് നാരായണ്‍ എംഎല്‍എ
സോളാര്‍ വേലികളുടെ പരിപാലനം ഉറപ്പാക്കണം : ജനീഷ് കുമാര്‍ എംഎല്‍എ,

വനാതിര്‍ത്തികളില്‍ സോളാര്‍ വേലി സ്ഥാപിക്കുന്നതിനൊപ്പം പരിപാലനവും ഉറപ്പാക്കണമെന്ന് കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുന്നതിനും പുരോഗതി വിലയിരുത്താനുമായി ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല നിയന്ത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനഭൂമി കൈമാറ്റത്തിന് സമയബന്ധിതമായി നിരാക്ഷേപപത്രം നല്‍കണം. ജനവാസ മേഖലയില്‍ എത്തുന്ന വന്യജീവികളെ തിരിച്ചയക്കുന്ന പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും എംഎല്‍എ നിര്‍ദ്ദേശിച്ചു.
മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിന് ശാസ്ത്രീയ പദ്ധതി തയാറാക്കണമെന്ന് റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍ അഭിപ്രായപ്പെട്ടു. വെള്ളം, ഭക്ഷണം, ആവാസ വ്യവസ്ഥ എന്നിവ തേടി എത്തുന്ന വന്യമൃഗങ്ങള്‍ക്ക് വനത്തിനുള്ളില്‍ അവയുടെ ലഭ്യത വര്‍ദ്ധിപ്പിക്കണമെന്നും എംഎല്‍എ പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അധ്യക്ഷനായി.
വനത്തോട് ചേര്‍ന്നുള്ള സ്വകാര്യഭൂമി കാടുപിടിക്കുന്നത് വൃത്തിയാക്കാന്‍ ഉടമസ്ഥന് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് പ്രായോഗികവും ഫലപ്രദമായ മാര്‍ഗങ്ങള്‍ ഏകോപനത്തോടെ സ്വീകരിക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
റാന്നി ഡിഎഫ്ഒ എന്‍. രാജേഷ്, കോന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍ കോറി, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, ഡി.എം.ഒ ഡോ.എല്‍. അനിത കുമാരി, വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.