പ്രചരിക്കുന്ന ചെലവുകളുടെ കണക്ക് വസ്തുതാ വിരുദ്ധം:മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിനു സംസ്ഥാനം നൽകിയ മെമ്മോറാണ്ടത്തിൽ പറയുന്ന കണക്ക്

Sep 16, 2024
പ്രചരിക്കുന്ന ചെലവുകളുടെ കണക്ക് വസ്തുതാ വിരുദ്ധം:മുഖ്യമന്ത്രി
PINARAYI VIJATAN

തിരുവനന്തപുരം: വയാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുകയെന്ന പേരിൽ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട് വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട് അധിക സഹായം തേടി കേന്ദ്ര സർക്കാരിന് സമർപ്പിച്ച നിവേദനത്തിലെ വിവരങ്ങളാണിതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള വാർത്താക്കുറിപ്പ്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാദ്ധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്.


ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് ഇങ്ങനെ തെറ്റായി അവതരിപ്പിക്കുന്നത്. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം നേടാനുള്ള സംസ്ഥാനസർക്കാരിന്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇത്. മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉൾപ്പെടുത്തി കേന്ദ്ര സർക്കാറിന് സമർപ്പിച്ച മെമ്മോറാണ്ടമാണ് ബഹു.ഹൈക്കോടതിയിൽ നൽകിയത്.

ആ മെമ്മോറാണ്ടത്തെ ഉദ്ധരിച്ചുകൊണ്ട് തെറ്റായ രീതിയിൽ സംസ്ഥാന സർക്കാർ കണക്കുകളും ബില്ലുകളും പെരിപ്പിച്ചു കാട്ടി എന്നും മറ്റുമുള്ള പ്രചാരണമാണ് നടക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരാണ്. വയനാടിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്കരിക്കുന്ന പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ദുരന്തബാധിതർക്ക് അർഹതപെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമായി വേണം ഇതിനെ കാണുവാൻ.


ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട ഹർജിയിൽ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്. ഉത്തരവിന്റെ അഞ്ചാം പേജിൽ പറയുന്നത് ഇങ്ങനെയാണ്-

“ 3. Thereafter, the document goes on to provide an assessment of Response and Relief measures as per State Disaster Response Fund [SDRF] norms as follows:

“2. Assessment of Response and Relief as per SDRF norms”

അതായത് എസ്‍ ഡി ആര്‍ എഫ് മാനദണ്ഡമനുസരിച്ച് തയ്യാറാക്കിയ അസസ്മെന്റ് ചൂരല്‍മല ദുരന്തത്തില്‍ ആകെ ചെലവഴിച്ച തുകയോ, നഷ്ടമോ അല്ല. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കേരളത്തിന് ക്ലയിം ചെയ്യാവുന്ന തുകയുടെ ഏകദേശ കണക്കാണ് എന്നാണ്.

മെമ്മറോണ്ടം എന്നത് ഒരു ദുരന്തഘട്ടത്തിൽ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടർന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനമുൾപ്പെടെയുള്ള ചെലവുകൾ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കി സമർപ്പിക്കുന്നതാണ്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകൾ അല്ല. മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷപ്രവർത്തനവും പുനരധിവാസവും ഉൾപ്പെടെ മുന്നിൽ കണ്ട് തയ്യാറാക്കുന്ന നിവേദനമാണ്. വസ്തുത ഇതായിരിക്കെ തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾ അത് തിരുത്തുവാൻ തയ്യാറാകണം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.