വയനാട് മെഡിക്കൽ കോളേജിൽ കാർഡിയോളജിസ്റ്റിൻ്റെ സ്ഥിരം തസ്തിക സൃഷ്ടിക്കും.

വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജിസ്റ്റിൻ്റെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ തീരുമാനം.

Jul 10, 2024
വയനാട് മെഡിക്കൽ കോളേജിൽ കാർഡിയോളജിസ്റ്റിൻ്റെ സ്ഥിരം തസ്തിക സൃഷ്ടിക്കും.
     വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജിസ്റ്റിൻ്റെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ തീരുമാനം. പട്ടിക ജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ വിഭാഗ വകുപ്പ് മന്ത്രി ഒ ആർ കേളുവിൻ്റെ ആവശ്യപ്രകാരം വയനാട് മെഡിക്കൽ കോളേജ് പ്രവർത്തനം സംബന്ധിച്ച് തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്. കാത്ത് ലാബ് പൂർണ തോതിൽ സജ്ജമായി കഴിഞ്ഞ വയനാട് മെഡിക്കൽ കോളേജിൽ ആഴ്ചയിൽ രണ്ട് ദിവസം സമീപ ജില്ലകളിലെ ഡോക്ടർമാരുടെ സേവനം ആണ് നിലവിൽ കാർഡിയോളജി വിഭാഗത്തിൽ ലഭ്യമായിരുന്നത്. പുതിയ തസ്തിക സൃഷ്ടിച്ച് കാർഡിയോളജിസ്റ്റിനെ നിയമിക്കുന്നതോടെ കൂടുതൽ ഹൃദ്രോഗ സംബന്ധമായ രോഗികൾക്ക് ഏറെ ആശ്വാസമാകും. വയനാട് ജില്ലയിലെ സർക്കാർ മേഖലയിലെ ആദ്യ കാർഡിയോളജിസ്റ്റ് തസ്തിക കൂടിയാകും ഇത്. വയനാട് മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥി പ്രവേശം ആരംഭിക്കുന്നതിനായുള്ള നടപടികൾ ത്വരിതപ്പെടുത്താനും യോഗത്തിൽ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. യോഗത്തിൽ പട്ടിക ജാതി പട്ടിക വർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ .രാജൻ ഗോബ്രഗഡെ, മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ:തോമസ് മാത്യു, വയനാട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.