പരശുറാം എക്സ്പ്രസ് കന്യാകുമാരിവരെ നീട്ടും
നിലവിലെ യാത്രാക്ലേശത്തിനും അമിത തിരക്കിനും ഒരു പരിധിവരെ പരിഹാരമാകും
കൊല്ലം: മംഗളുരു സെൻട്രൽ - നാഗർകോവിൽ ജംഗ്ഷൻ (16649/16650) പരശുറാം എക്സ്പ്രസ് ട്രെയിൻ കന്യാകുമാരി വരെ ദീർഘിപ്പിക്കാൻ റെയിൽവേ ബോർഡ് തീരുമാനം. 24 കോച്ചുകൾ കൈകാര്യം ചെയ്യാനുള്ള സൗകര്യം കന്യാകുമാരി സ്റ്റേഷനിൽ ഉള്ളതുകൊണ്ടാണ് റെയിൽവേയുടെ ഈ തീരുമാനം.നിലവിൽ പരശുറാം എകസ്പ്രസിന് 21 കോച്ചുകളാണ് ഉള്ളത്. നാഗർകോവിലിൽ 21 കോച്ചുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യമേ ഉള്ളൂ. വണ്ടി കന്യാകുമാരി വരെ നീട്ടിയാൽ കോച്ചുകളുടെ എണ്ണം 24 ആയി ഉയർത്താനുമാകും. മാത്രമല്ല നിലവിലെ യാത്രാക്ലേശത്തിനും അമിത തിരക്കിനും ഒരു പരിധിവരെ പരിഹാരമാകുകയും ചെയ്യും.സർവീസ് ദീർഘിപ്പിക്കൽ പുതിയ ടൈം ടേബിൾ പുറത്തിറങ്ങുന്ന ജൂലൈ മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. നിലവിലെ സമയക്രമത്തിൽ നേരിയ മാറ്റം വരുത്താനും സാധ്യതയുണ്ട്. അതേ സമയം സംസ്ഥാനത്ത് വിവിധ ട്രെയിനുകൾക്ക് പരീക്ഷണാർഥം അനുവദിച്ച സ്റ്റോപ്പുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.