വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് പത്തനംതിട്ട സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിൽ
pathanamthitta
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് റിപ്പോർട്ട് നൽകിയത്.
നിരണത്തെ താറാവ് വളർത്തൽ കേന്ദ്രത്തിൽ കഴിഞ്ഞയാഴ്‌ച നിരവധി താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതിനെത്തുടർന്നാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സാമ്പിളുകൾ അയച്ച് പരിശോധിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ആരംഭിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. തുടർനടപടികൾ സ്വീകരിക്കുന്നതിനായി നാളെ കളക്‌ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുമെന്നാണ് വിവരം.
കഴിഞ്ഞദിവസം ആലപ്പുഴയിലെ തഴക്കരയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തഴക്കര ഗ്രാമപഞ്ചായത്തിലെ വെട്ടിയാർ പെരുവേലിൽ ചാൽ പുഞ്ചയിൽ തീറ്റക്കായി കൊണ്ടുവന്ന താറാവ് കൂട്ടത്തിലാണ് രോഗം കണ്ടെത്തിയത്. 70 ദിവസം പ്രായമുള്ള 10,000 താറാവുകളാണ് ഇവിടെയുള്ളത്. ഇതിൽ 3000 എണ്ണം ചത്തു.
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള -തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. തമിഴ്നാട് അതിർത്തിയായ വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തമിഴ്നാട്, ആന്ധ്രാ, കർണാടക എന്നിവിടങ്ങളിൽ നിന്ന് വരുന്ന ചരക്കുവണ്ടികൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. പക്ഷിപ്പനി പടരുന്നത് തടയാനുള്ള നടപടികൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു