കേന്ദ്ര വിദഗ്ധസമിതി പമ്പാവാലി സന്ദർശിച്ചു
കണമല: പമ്പാവാലി, എയ്ഞ്ചല്‍വാലി മേഖലകളെ പെരിയാർ ടൈഗർ റിസർവിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കുന്നതിന് മുന്നോടിയായി കേന്ദ്ര വനം-വന്യജീവി ബോർഡ് വിദഗ്ധസമിതി അംഗങ്ങൾ സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന നടത്തി.
ഇന്നലെ വൈകുന്നേരം എത്തിയ കേന്ദ്രസംഘത്തിനൊപ്പം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വനം വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ കക്ഷി നേതാക്കൾ, പൊതുപ്രവർത്തകർ തുടങ്ങിയവരുണ്ടായിരുന്നു.
മൂക്കൻപെട്ടി പാലംമുതൽ സംഘം പ്രദേശത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു വിലയിരുത്തി. വിദഗ്ധ സംഘത്തില്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും ശാസ്ത്രജ്ഞനുമായ ഡോ. സുകുമാര്‍, ദേശീയ വന്യജീവി വിഭാഗം ഇന്‍സ്പെക്ടര്‍ ജനറല്‍, സംസ്ഥാന സര്‍ക്കാരിന്റെ ഒരു പ്രതിനിധി എന്നിവർ ഉൾപ്പെടെ മൂന്ന് അംഗങ്ങള്‍ ഉണ്ടായിരുന്നു.
ടൈഗര്‍ റിസര്‍വ്, കേന്ദ്ര വന്യജീവി വകുപ്പ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
വിദഗ്ധ സമിതിയുടെ മുന്‍പാകെ ജനപ്രതിനിധികളും പൊതുജനങ്ങളും പ്രദേശത്തെ തെറ്റായി പെരിയാർ കടുവാ സാങ്കേതത്തിൽ ഉൾപ്പെടുത്തിയതാണെന്നും ഇത് നീക്കം ചെയ്യേണ്ടത് നിയമപരമായി ഭരണകൂടം ചെയ്യേണ്ട നടപടിയാണെന്നും ഇതിനിയും വൈകുന്നത് കടുത്ത നീതി നിഷേധവും അനീതിയും ആണെന്നും വിവരിച്ചു. വൈകാതെ അന്വേഷണ റിപ്പോർട്ട് കേന്ദ്ര വനം-വന്യജീവി ബോർഡിന് സമർപ്പിക്കുമെന്ന് വിദഗ്ധസമിതി അംഗങ്ങൾ പറഞ്ഞു.
പ്രദേശം ജനവാസ മേഖലയാണെന്ന് വിശദീകരിച്ച എംഎൽഎ ഇതു സംബന്ധിച്ച വസ്തുതകൾ സമിതി അംഗങ്ങളോട് വ്യക്തമാക്കി. പെരിയാര്‍ കടുവാസങ്കേതത്തിനകത്തെ ജനവാസ മേഖലകളായ പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങളെ ജനവാസ മേഖലകളിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വനം-വന്യജീവി ബോര്‍ഡിന്റെ ശിപാര്‍ശ പരിഗണിച്ചാണ് കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങള്‍ പമ്പാവാലിയും എയ്ഞ്ചൽവാലിയും സന്ദര്‍ശിച്ചത്.
ഇക്കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് പ്രത്യേകം വിളിച്ചുചേര്‍ത്ത സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗം ജനവാസ മേഖലകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വന്യജീവി ബോര്‍ഡിനോട് ശിപാര്‍ശ ചെയ്തുകൊണ്ടുള്ള തീരുമാനം കൈക്കൊണ്ടത്.
ഈ വിഷയം കേന്ദ്ര വന്യജീവി ബോര്‍ഡ് അനുകൂലമായി പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ലം പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചത്.