പതിനഞ്ചാം കേരള നിയമസഭ പതിനാലാം സമ്മേളനം

Sep 14, 2025
പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമതു സമ്മേളനം 2025 സെപ്റ്റംബർ 15 ന് ആരംഭിക്കുകയാണ്.  സെപ്തംബര്‍ 15 മുതൽ ഒക്ടോബർ 10 വരെയുള്ള തീയതികളിൽ ആകെ 12 ദിവസം സഭ ചേരുന്നതിനാണ് നിലവിൽ അംഗീകരിച്ചിട്ടുള്ള കലണ്ടർ പ്രകാരം തീരുമാനിച്ചിട്ടുള്ളത്. ആദ്യ ദിവസം സമീപ നാളുകളിൽ നമ്മെ വിട്ടുപിരിഞ്ഞ മുൻ മുഖ്യമന്ത്രിയും സമുന്നത നേതാവുമായിരുന്ന
വി. എസ്. അച്ചുതാനന്ദൻ, മുൻ സ്പീക്കർ പി.പി. തങ്കച്ചൻ, പീരുമേട് നിയോജകമണ്ഡലത്തിൽ നിന്നുള്ള നിലവിലുള്ള നിയമസഭാംഗം വാഴൂർ സോമൻ എന്നിവരുടെ നിര്യാണം സംബന്ധിച്ച റഫറൻസ് നടത്തി സഭ അന്നത്തേയ്ക്കു പിരിയുന്നതാണ്.
പ്രധാനമായും നിയമനിര്‍മ്മാണത്തിനായി ചേരുന്ന ഈ സമ്മേളനത്തിലെ ബാക്കി 11 ദിവസങ്ങളിൽ 9 ദിവസങ്ങൾ ഔദ്യോഗിക കാര്യങ്ങൾക്കും രണ്ടു ദിവസങ്ങൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനുമായി വിനിയോഗിക്കുന്നതാണ്. ഈ സമ്മേളന കാലയളവിൽ ആദ്യം പരിഗണനയ്ക്കു വരുന്ന പ്രധാന ബില്ലുകൾ താഴെ പറയുന്നവയാണ്. 
1. 2024-ലെ കേരള പൊതുവില്പന നികുതി (ഭേദഗതി) ബില്‍
2. 2025-ലെ കേരള സംഘങ്ങള്‍ രജിസ്ട്രേഷന്‍ ബില്‍
3. 2025-ലെ കേരള ഗുരുവായൂര്‍ ദേവസ്വം (ഭേദഗതി) ബില്‍
4. 2025-ലെ കേരള കയര്‍ തൊഴിലാളി ക്ഷേമ സെസ്സ് (ഭേദഗതി) ബില്‍
കൂടാതെ, 11.07.2024 ന് സഭയില്‍ അവതരിപ്പിച്ചതിനു ശേഷം സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയച്ചിരുന്ന 2023-ലെ കേരള പൊതുരേഖ ബില്‍ ഈ സമ്മേളനത്തില്‍ സഭ പരിഗണിക്കുന്നതാണ്.
2025-ലെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (സര്‍വ്വകലാശാലകളുടെ കീഴിലുള്ള സര്‍വ്വീസുകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ഭേദഗതി ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലും ഈ സമ്മേളനത്തില്‍  പാസ്സാക്കേണ്ടതുണ്ട്.
സഭയുടെ പരിഗണനയ്ക്കു വരുന്ന എല്ലാ ബില്ലുകളേയും സംബന്ധിക്കുന്ന വിശദമായ സമയക്രമവും മറ്റ് ഗവണ്മെന്റ് കാര്യങ്ങളുടെ ക്രമീകരണവും സംബന്ധിച്ച് 15.09.2025-ന് ചേരുന്ന കാര്യോപദേശക സമിതി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുന്നതാണ്.
ഒക്ടോബര്‍ ആറിന് 2025-26 സാമ്പത്തികവര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകള്‍ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും നടക്കുന്നതാണ്.  ഒക്ടോബര്‍ ഏഴിന് ആയതിന്റെ ധനവിനിയോഗബില്‍ പരിഗണിക്കുന്നതാണ്.
നടപടികള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ പത്തിന് സഭ പിരിയുന്നതാണ്.
കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി വിജയകരമായി നടന്നിരുന്ന KLIBF 4-ാം പതിപ്പ് 2026 ജനുവരി 7 മുതല്‍ 13 വരെ നടത്തുവാന്‍ തീരുമാനിച്ചിരുന്നു. അതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.